കെട്ടിടോദ്ഘാടനം; യുഡിഎഫ് ബഹിഷ്കരണം അണികൾ തള്ളി

ഒഞ്ചിയം ചോറോട് പഞ്ചായത്ത് കെട്ടിടോദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ച യുഡിഎഫ് നടപടിക്കെതിരെ അണികളിൽ അമർഷം. ഉത്സവാന്തരീക്ഷത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി നാടിന്റെ ചരിത്രമൂഹൂർത്തത്തിൽനിന്ന് വിട്ടുനിന്നത് ശരിയായില്ലെന്ന് യുഡിഎഫ് - ആർഎംപി അണികൾ തുറന്നടിച്ചു. പേരാമ്പ്രയിലെ രാഷ്ട്രീയ സംഘർഷത്തിന്റെ പേരിൽ പ്രാദേശികമായ കൂട്ടായ്മയിൽനിന്ന് വിട്ടുനിന്നത് വലിയ തിരിച്ചടിയായെന്ന് യുഡിഎഫ് ജില്ലാ നേതൃത്വത്തെ ചില ഭരണകക്ഷി അംഗങ്ങൾ പ്രതിഷേധമറിയിച്ചതായാണ് വിവരം. ചടങ്ങിൽ അധ്യക്ഷയാവേണ്ട വടകര എംഎൽഎയും യുഡിഎഫ് നിർദേശത്തെ തുടർന്ന് പങ്കെടുത്തില്ല. നീണ്ട ദിവസങ്ങളിലെ തയ്യാറെടുപ്പുകളിലും കലാപരിപാടികളിലെ പരിശീലനങ്ങളിലും സജീവമായി ഇടപെട്ട അംഗങ്ങൾ പൊടുന്നനെ വിട്ടുനിന്നത് വിമർശനത്തിനിടയാക്കി. ഉദ്ഘാടന ഭാഗമായി സംഘടിപ്പിച്ച സംഘനൃത്തത്തിൽനിന്ന് രണ്ടുപേർ ഒഴിവായെങ്കിലും ഭരണസമിതിയുടെ ബാനറിൽ തന്നെ നൃത്തം അവതരിപ്പിച്ച് നിറഞ്ഞ കൈയടി നേടി. യുഡിഎഫ് - ആർഎംപി അംഗങ്ങൾ ബഹിഷ്കരിച്ചിട്ടും ഘോഷയാത്രയിലും ഉദ്ഘാടന പരിപാടിയിലും കലാപരിപാടി കാണാനും നാടൊന്നാകെ ഒഴുകിയെത്തി. ബഡ്സ് സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച സംഗീത ശിൽപ്പവും ഘോഷയാത്രയിലെ പുതുപ്പണം മുഹമ്മദ്ഗുരിക്കളുടെ സംഘത്തിലെ കളരി പ്രദർശനവും ചോറോട് കുടുംബശ്രീ സിഡിഎസ് നേതൃത്വത്തിലുള്ള ശിങ്കാരിമേളവും ആവേശമായി തൊഴിലുറപ്പ്, ഹരിതകർമസേന, അങ്കണവാടി ജീവനക്കാർ, ആശാവർക്കർമാർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ പൂർണമായും പരിപാടിയുടെ ഭാഗമായി. എന്നാൽ പ്രാദേശിക യുഡിഎഫ് നേതൃത്വം പരിപാടിയുടെ വിജയത്തിന് മുന്നിൽനിന്ന് പ്രവർത്തിച്ചു.









0 comments