ലഹരിക്കെതിരെ
ഉരുക്കുകോട്ട കെട്ടി

ലഹരിവിരുദ്ധ ജനകീയ പ്രതിരോധം ടൂ മില്യണ്‍ പ്ലഡ്ജിന്റെ ജില്ലാതല ഉദ്ഘാടനത്തില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.
വെബ് ഡെസ്ക്

Published on Jun 27, 2025, 02:36 AM | 1 min read

കോഴിക്കോട് ലഹരിവിരുദ്ധ പ്രവർത്തനത്തിൽ ഉരുക്കുകോട്ട കെട്ടി ജില്ല. കോഴിക്കോട് ജില്ലാ പഞ്ചായത്ത് നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ ജനകീയ പ്രതിരോധം ‘ടു മില്യൺ പ്ലഡ്ജ്' അണിനിരന്നത് ഇരുപതുലക്ഷം പേർ. തദ്ദേശസ്ഥാപനങ്ങൾ, സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ, കുടുംബശ്രീ, പൊലീസ്, ബസ് തൊഴിലാളികൾ തുടങ്ങിയവർ 42,000 കേന്ദ്രങ്ങളിലായി ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു. ജില്ലാതല വേദിയായ ടൗൺഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈനായി നൽകിയ സന്ദേശത്തോടെ പരിപാടി ആരംഭിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിവിധ കോളേജുകളിലെയും സ്കൂളുകളിലെയും വിദ്യാർഥികൾ, എൻഎസ്എസ് യൂണിറ്റുകൾ തുടങ്ങിയവർ അവതരിപ്പിച്ച ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ കലാപരിപാടികളും അരങ്ങേറി. നാല് ലക്ഷത്തോളം വരുന്ന കുടുംബശ്രീ അംഗങ്ങളും അവരുടെ കുടുംബങ്ങളും, അഞ്ചര ലക്ഷത്തോളം സ്കൂൾ വിദ്യാർഥികൾ, സിവിൽ സ്റ്റേഷനിലെ നൂറുകണക്കിന് ജീവനക്കാർ, കോർപറേഷൻ, തദ്ദേശസ്ഥാപനങ്ങൾ തുടങ്ങി നാടും നഗരവും പ്രതിജ്ഞയുടെ ഭാഗമായി. ‘നാടിനായി നാളേക്കായി ഒന്നിക്കാം' എന്ന സന്ദേശത്തിൽ കേന്ദ്ര സർക്കാർ പദ്ധതിയായ ‘നശാ മുക്ത് ഭാരത് അഭിയാന്റെ’യും സംസ്ഥാനതലത്തിലെ വിവിധ ലഹരിവിരുദ്ധ പദ്ധതികളുടെയും പിന്തുണയിലാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി. മന്ത്രി എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി ഗവാസ്, ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, കലക്ടർ സ്നേഹിൽ കുമാർ സിങ്‌, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ നിഷ പുത്തൻപുരയിൽ, എക്സൈസ് കമീഷണർ എം സുഗുണൻ, സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആർ കീർത്തി, എൽഎസ്ജിഡി ജോയിന്റ്‌ ഡയറക്ടർ ഗോപിനാഥൻ, വിദ്യാഭ്യാസ ഉപഡയറക്ടർ കെ ശിവദാസൻ, കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ പി സി കവിത തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home