തെരുവുനായ ശല്യം തുടര്‍ക്കഥ
5 മാസത്തിനുള്ളിൽ കടിച്ചത് 2478 പേരെ

തെരുവുനായ ശല്യം തുടര്‍ക്കഥ
കോഴിക്കോട്
ജില്ലയിൽ തെരുവുനായ ശല്യം രൂക്ഷം. ചൊവ്വമാത്രം 19 പേർക്ക് ഒരേ നായയുടെ കടിയേറ്റു. ഈവർഷം മെയ് വരെയുള്ള കാലയളവിൽ ജില്ലയിൽ നായയുടെ കടിയേറ്റത് 7208 പേർക്കാണ്. 4730 പേരെ വളർത്തുനായകൾ കടിച്ചു. ബാക്കി 2478 പേരെയും കടിച്ചത് തെരുവുനായകളാണ്. ഈ വർഷം മാർച്ചിലാണ് ഏറ്റവും കൂടുതൽ പേർക്ക് പരിക്കേറ്റത്. ജനുവരി –- 335, ഫെബ്രുവരി – 360, മാർച്ച് – 753, ഏപ്രിൽ – 639, മെയ് – 391 എന്നിങ്ങനെയാണ് ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം പരിക്കേറ്റവരുടെ എണ്ണം. 24,000 പേർക്ക് പൂച്ചകളിൽനിന്നും കടിയേറ്റു. വേണം ജാഗ്രത മൃഗങ്ങളുടെ കടിയേൽക്കുന്നത് പേവിഷബാധയ്ക്കുവരെ കാരണമാകുന്നതിനാൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. കടിയോ പോറലോ ഏറ്റാലുടൻ മുറിവേറ്റ ഭാഗം സോപ്പുപയോഗിച്ച് 15 മിനിറ്റെങ്കിലും കഴുകി വൃത്തിയാക്കണം. ഇത് 80 ശതമാനം അണുക്കളെയും ഇല്ലാതാക്കാൻ സഹായിക്കും. മുറിവുള്ളയിടത്ത് മഞ്ഞൾ, ഉപ്പ് പോലുള്ളവ പുരട്ടാനും പാടില്ല. സമയം പാഴാക്കാതെ ചികിത്സ തേടേണ്ടതും അത്യാവശ്യമാണ്. പ്രതിരോധ കുത്തിവയ്പെടുത്തവരിലും മുഖത്തോ തലയിലോ കടിയേൽക്കുന്നത് അപകടമാണ്. വളർത്തുമൃഗങ്ങൾക്കും പ്രതിരോധ കുത്തിവയ്പെടുക്കണം. 19 പേരെ കടിച്ച നായയെ കൂട്ടിലാക്കി ഒമ്പത് മണിക്കൂറിനുള്ളിൽ നഗരത്തിലെ വിവിധയിടങ്ങളിലായി 19 പേരെ കടിച്ച് പരിക്കേൽപ്പിച്ച തെരുവുനായയെ പിടികൂടി. പൂളക്കടവിലെ കോർപറേഷന്റെ അനിമൽ ബെർത്ത് കൺട്രോൾ ആശുപത്രിയിലെ ഡോഗ് സ്ക്വാഡാണ് പിടികൂടിയത്. ഐസൊലേഷനിലാണ്. ബുധൻ പകൽ പതിനൊന്നരയോടെ അശോകപുരം പി ആർ നമ്പ്യാർ റോഡിൽനിന്നാണ് പിടികൂടിയത്. അശോകപുരം, നടക്കാവ്, ക്രിസ്ത്യൻ കോളേജ് പരിസരം, സി എച്ച് മേൽപ്പാലത്തിനുസമീപം എന്നിവിടങ്ങളിൽവച്ചാണ് ആക്രമിച്ചത്. ഭൂരിഭാഗം പേരും ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.









0 comments