പുരസ്കാരനിറവിൽ കല്ലുനിര, പയ്യാനക്കൽ നഗര കുടുംബാരോഗ്യ കേന്ദ്രം

കല്ലുനിര നഗര കുടുംബാരോഗ്യ കേന്ദ്രം
വടകര നഗരാരോഗ്യമേഖലക്ക് കരുത്തുപകർന്ന വടകര നഗരസഭയിലെ കല്ലുനിര കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടും പുരസ്കാരം. ഏതാനും ദിവസംമുമ്പ് ലഭിച്ച കായകൽപ്പ് അവാർഡ് തിളക്കത്തിന് പുറമേയാണ് കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരം കൂടി ലഭിച്ചത്. നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് എൻക്യുഎഎസ് അംഗീകാരമാണിത്. 86.37 ശതമാനം മാർക്ക് നേടിയാണ് കുടുംബാരോഗ്യ കേന്ദ്രം നേട്ടം കൈവരിച്ചത്. എന്‍ക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുള്ളത്. മൂന്ന് വര്‍ഷത്തിനുശേഷം ദേശീയ സംഘത്തിന്റെ പുനഃപരിശോധന നടക്കും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍ക്യുഎഎസ് അംഗീകാരം ലഭിക്കുന്ന എഫ്എച്ച്സികൾക്ക് രണ്ടുലക്ഷം രൂപയാണ് അവാർഡ് ലഭിക്കുക. സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലെ മികച്ച പ്രകടനങ്ങൾക്കായി നൽകുന്നതാണ് അവാർഡ്. മാലിന്യനിർമാർജനം, പകർച്ചവ്യാധികളിൽ നിന്നുള്ള പ്രതിരോധം തുടങ്ങിയവ വിവിധ ഘട്ടങ്ങളിലായി വിലയിരുത്തും. ഔഷധ സസ്യ തോട്ടം, മഴവെള്ള സംഭരണി തുടങ്ങിയവ ഇവിടെയുണ്ട്. ദിവസേന 200നടുത്ത് രോഗികൾ ഒപിയിൽ എത്തുന്നുണ്ട്. ജനറൽ മെഡിസിൻ, കുട്ടികളുടെ വിഭാഗം, മനഃശാസ്ത്ര വിഭാഗം, ഇഎൻടി തുടങ്ങിയ ചികിത്സാ വിഭാഗവും ലാബ് സൗകര്യവും ലഭ്യമാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ ഒമ്പതുമുതൽ വൈകിട്ട് ആറുവരെയും മറ്റു ദിവസങ്ങളിൽ പകൽ ഒന്നുമുതൽ വൈകിട്ട് ആറുവരെയുമാണ് ഒപി പ്രവർത്തനം. മാസത്തിൽ ആദ്യ തിങ്കളാഴ്ച കണ്ണ് പരിശോധന, മാസത്തിൽ രണ്ടുദിവസം ഹോമിയോ ചികിത്സ, കൗമാരക്കാർക്കുള്ള കൗൺസലിങ് തുടങ്ങിയവും ഉണ്ട്. രണ്ട് ഡോക്ടർമാരടക്കം 15 ഓളം ജീവനക്കാർ ആശുപത്രിയിലുണ്ട്. കോഴിക്കോട് പയ്യാനക്കൽ നഗര കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടും ദേശീയ അംഗീകാരം. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാൻഡേർഡ്സ് (എന്‍ക്യുഎഎസ്) ആരോഗ്യ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തിന്റെ പുനഃപരിശോധനയിലാണ് പയ്യാനക്കൽ നഗര കുടുംബാരോഗ്യ കേന്ദ്രം ഒരിക്കൽ കൂടി ഈ നേട്ടം കൈവരിച്ചത്. 84.87 ശതമാനം സ്കോർ ആണ് ലഭിച്ചത്. 2 ലക്ഷം രൂപയാണ് പുരസ്‌കാരത്തുക. 2021 ആഗസ്തിൽ കോവിഡ് കാലത്താണ് പയ്യാനക്കൽ നഗര കുടുംബാരോഗ്യ കേന്ദ്രം ആദ്യമായി ഈ നേട്ടം സ്വന്തമാക്കിയത്. എൻക്യുഎഎസ് അംഗീകാരത്തിന് 3 വര്‍ഷത്തെ കാലാവധിയാണുള്ളത്. 3 വര്‍ഷത്തിന് ശേഷം ദേശീയസംഘത്തിന്റെ പുനഃപരിശോധന ഉണ്ടാകും. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ദിനേന നൂറിലധികം പേരാണ് ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്. തീരദേശ മേഖലയിൽ നിന്നുള്ളവരാണ് ഇവരിൽ ഭൂരിഭാഗവും. ഒരു മെഡിക്കൽ ഓഫീസറും ഒരു പാർട്ട് ടൈം മെഡിക്കൽ ഓഫീസറും ഉൾപ്പെടെ 11 ജീവനക്കാരുണ്ട്. ഇതിൽ ഒന്നിടവിട്ട ദിവസങ്ങളിൽ 3 സ്‌പെഷ്യലൈസ്ഡ് ഡോക്ടർമാർ, കുട്ടികൾ, ഗൈനക്, ഇഎൻടി എന്നീ വിഭാഗത്തിൽ സേവനം നടത്തുന്നു.









0 comments