1001 കത്തുകളുമായി
ഹിമാചലിലേക്ക് അജിത്തിന്റെ സൈക്കിൾ യാത്ര

പനങ്ങാട് സ്‌കൂളിൽ സൈക്കിൾ യാത്രികനായ അജിത്തിന് (ഇടത്ത്)യാത്രയയപ്പ് നൽകുന്നു
സ്വന്തംലേഖകൻ ബാലുശേരി ലോകത്തെ ഏറ്റവും ഉയരം കൂടിയ പോസ്റ്റ് ഓഫീസായ ഹിമാചൽ പ്രദേശിലെ ഹിക്കിം പോസ്റ്റ് ഓഫീസിൽനിന്ന് തങ്ങളുടെ മേൽവിലാസത്തിൽ വരാനിരിക്കുന്ന കത്തുകളും കാത്തിരിക്കുകയാണ് പനങ്ങാട് നോർത്ത് എയുപി സ്കൂളിലെ കുട്ടികൾ. ഇൗ കത്തുകൾ അവിടെ പോസ്‌റ്റ് ചെയ്യുന്നത് അജിത്ത് എലത്തൂരാണ്. സൈക്കിളിലൂടെ ഇതുവരെ ഏഴ് രാജ്യങ്ങൾ സഞ്ചരിച്ച വ്ലോഗർ ആണ് അജിത്ത്. 1001 കത്തുകളുമായി ആഗസ്ത് 28ന് ലോകത്തെ ഏറ്റവും ഉയരം കൂടിയ പോസ്റ്റ് ഓഫീസായ ഹിമാചൽ പ്രദേശിലെ ഹിക്കിം പോസ്റ്റ് ഓഫീസിലേക്കാണ് അജിത്തിന്റെ ഇത്തവണത്തെ സൈക്കിൾ യാത്ര. സൈബർ യുഗത്തിൽ എഴുത്തും കത്തുകളുമെല്ലാം അന്യമാകുമ്പോൾ പുതുതലമുറയ്‌ക്ക് ആ സുവർണകാലത്തെ വീണ്ടെടുക്കുകയെന്നതാണ് അജിത്ത് ലക്ഷ്യമിടുന്നത്. പനങ്ങാട് സ്കൂളിലെ കുട്ടികളുടെ 200 ഉം നാട്ടുകാരിൽ ചിലരെഴുതിയ കത്തും ഉൾപ്പെടെ 1001 കത്തുകളുമായാണ് ഇൗ യാത്ര. തന്റെ രണ്ടാമത്തെ അന്താരാഷ്ട്ര ട്രിപ്പായ സിംഗപ്പൂർ യാത്ര കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോഴാണ് അജിത്തിന് ആദ്യമായി ഒരു കത്ത് കിട്ടുന്നത്. കത്തിൽ മേൽവിലാസത്തിന്റെ സ്ഥാനത്ത് ഇങ്ങനെ എഴുതിയിരുന്നു " അജിത്ത്, സൈക്കിൾ സഞ്ചാരി, എലത്തൂർ’ ഇപ്പോഴും ഈ കത്ത് ഒരുനിധിപോലെ സൂക്ഷിച്ചിരിക്കുകയാണ് അജിത്ത്. 2018–ലാണ് ആദ്യ ഇന്റർനാഷണൽ യാത്ര ആരംഭിക്കുന്നത്. സൈക്കിൾ മെക്കാനിക്കായിരുന്നു അജിത്ത്. സൈക്കിളിലെ ലോകസഞ്ചാരത്തിന് ചിറകുമുളച്ചത് പിറന്നാൾ സമ്മാനമായി അമേരിക്കയിലെ ഒരു സുഹൃത്ത് നൽകിയ കന്നോൻഡേൽ ഹൈബ്രിഡ് സൈക്കിളിലൂടെയാണ്. പനങ്ങാട് നോർത്ത് എയുപി സ്കൂളിൽ അജിത്തിന് യാത്രയയപ്പ് നൽകി. പ്രധാനാധ്യാപകൻ സി പി സബീഷ്, പി ശ്രിനേഷ്, എൻ പ്രേംജിത, ടി എസ് ഷീന, ഇ വിനൂപ്, പി നിഷ, ഷീജ രാകേഷ് എന്നിവർ സംസാരിച്ചു.









0 comments