കോടഞ്ചേരിയിൽ ആഫ്രിക്കൻ പന്നിപ്പനി

കോഴിക്കോട്: കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മുണ്ടൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള പന്നി ഫാമിൽ കൂട്ടത്തോടെ പന്നികൾ ചത്തൊടുങ്ങി. ഇരുപതോളം പന്നികൾ അസ്വാഭാവിക രീതിയിൽ ചത്തതു ശ്രദ്ധയിൽപ്പെട്ട മൃഗസംരക്ഷണ വകുപ്പ് പന്നികളുടെ ആന്തരിക അവയവങ്ങൾ ശേഖരിച്ച് ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് രോഗം സ്ഥിരീകരിച്ച് പരിശോധനാ ഫലം ലഭിച്ചത്.
കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് പന്നികളിൽ ഈ രോഗം സ്ഥിരീകരിക്കുന്നത്. ഏഴാം വാർഡിൽ ഉൾപ്പെടുന്ന ഫാം സ്ഥിതി ചെയ്യുന്ന പ്രദേശത്തിന് ഒരു കിലോ മീറ്റർ ചുറ്റളവിൽ പന്നി മാംസം വിൽക്കുന്നത് നിയന്ത്രിച്ചിട്ടുണ്ട്.
കാട്ടുപന്നികൾ, വളർത്തുപന്നികൾ എന്നിവയിൽ അതിവേഗം പടരുമെങ്കിലും മനുഷ്യരിൽ രോഗം ബാധിക്കാറില്ല. രോഗം ബാധിച്ചാൽ പന്നികളിൽ നൂറു ശതമാനം വരെ മരണനിരക്ക് രേഖപ്പെടുത്തുന്നു.
മൃഗസംരക്ഷണ വകുപ്പിന്റെ സ്‌പെഷ്യൽ സ്ക്വാഡ് വാളയാർ ചെക്ക്‌പോസ്റ്റിലും മറ്റ് അതിർത്തി പ്രദേശങ്ങളിലും പരിശോധന കർശനമാക്കിയിട്ടുണ്ട്.
രോഗ ബാധിതരായ പന്നികളുടെ രക്തം, വിസർജ്യം, മാംസം എന്നിവയിലൂടെയാണ് മറ്റ് പന്നികളിലേക്കും രോഗം പകരുന്നത്. ചില സന്ദർഭങ്ങളിൽ കിളികൾ, എലി, വണ്ട് തുടങ്ങിയ ജീവികളും രോഗവാഹകരാകാം. പന്നികളിലെ കടുത്ത പനി, ചുമ, തൊലിയിൽ ചുവന്ന പാടുകൾ, അകാരണമായ മരണം എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗബാധിതരായ പന്നികളെ ചികിത്സിക്കാൻ വാക്‌സിനും മരുന്നുമില്ല. രോഗം സ്ഥിരീകരിച്ചാൽ ദിവസങ്ങൾക്കുള്ളിൽ മരണം സംഭവിക്കും.
വൈറസ് പടരാതിരിക്കാൻ രോഗംബാധിച്ച പന്നികളെ മൃഗസംരക്ഷണ വകുപ്പിന്റെ നിർദേശത്തോടെ കൊന്നൊടുക്കും.









0 comments