കർഷക മുന്നേറ്റ ജാഥയ്ക്ക് വീരോജ്വല വരവേൽപ്പ്

കർഷക മുന്നേറ്റ ജാഥക്ക് തിരുവമ്പാടിയിൽ നൽകിയ സ്വീകരണം

കർഷക മുന്നേറ്റ ജാഥക്ക് തിരുവമ്പാടിയിൽ നൽകിയ സ്വീകരണം

വെബ് ഡെസ്ക്

Published on May 25, 2025, 02:06 AM | 1 min read


സ്വന്തം ലേഖകൻ

തിരുവമ്പാടി

വന്യജീവി ആക്രമണങ്ങളിൽനിന്ന് കൃഷിയ്ക്കും കർഷകർക്കും സംരക്ഷണം ആവശ്യപ്പെട്ട് കിസാൻ സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ഇ പി ജയരാജൻ നയിക്കുന്ന സംസ്ഥാനതല കർഷക മുന്നേറ്റ ജാഥയ്ക്ക് മലയോര ഹൃദയഭൂമിയില്‍ ഉജ്വല വരവേൽപ്പ്. ശനി രാവിലെ തിരുവമ്പാടിയിലെ സ്വീകരണകേന്ദ്രത്തില്‍ കനത്ത മഴയെ അവഗണിച്ച് സ്ത്രീകളും വയോജന കർഷകരുമടക്കം നൂറുകണക്കിനാളുകളെത്തി.

മത്തായി ചാക്കോ സ്മൃതിമണ്ഡപ പരിസരത്തുനിന്ന് ജാഥയെ വരവേറ്റു. വാദ്യഘോഷങ്ങളും മുത്തുക്കുടകളുമായി പ്രകടനമായി ബസ് സ്റ്റാൻഡ് പരിസരത്തെ സ്വീകരണകേന്ദ്രത്തിലേക്ക് ആനയിച്ചു. വഴിനീളെ വർഗ-ബഹുജന സംഘടനകൾ ജാഥയെ അഭിവാദ്യംചെയ്തു. ക്യാപ്റ്റൻ ഇ പി ജയരാജൻ ഉൾപ്പെടെ ജാഥാംഗങ്ങളെ കർഷകസംഘം ഏരിയ–-മേഖല കമ്മിറ്റികളും വിവിധ ബഹുജന സംഘടനാ പ്രതിനിധികളും ഹാരമണിയിച്ചു. ജാഥാംഗങ്ങൾക്ക് ധാന്യക്കിറ്റുകളും നൽകി.

സ്വീകരണ ചടങ്ങിൽ കർഷകസംഘം ഏരിയാ പ്രസിഡന്റ് സി എൻ പുരുഷോത്തമൻ അധ്യക്ഷനായി. ഇ പി ജയരാജന്‍, ജാഥാ മാനേജർ വത്സൻ പനോളി, അംഗങ്ങളായ ഓമല്ലൂർ ശങ്കരൻ, സി കെ രാജേന്ദ്രൻ, എൻ ആർ സക്കീന, സി എച്ച് കുഞ്ഞമ്പു എംഎൽഎ, കെ ജെ ജോസഫ്, കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം മെഹബൂബ്, ജില്ലാ സെക്രട്ടറി ബാബു പറശേരി എന്നിവർ സംസാരിച്ചു.

വിവിധ മേഖലകളിൽ മികവുതെളിയിച്ച കർഷകരെ ഇ പി ജയരാജൻ ആദരിച്ചു. കർഷകസംഘം ഏരിയാ സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന ലിന്റോ ജോസഫ് എംഎൽഎ സ്വാഗതം പറഞ്ഞു.

ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യജീവികളെ കൊല്ലാൻ അനുവദിക്കുക, നാട്ടിലിറങ്ങുന്ന പന്നിയെ വെടിവച്ചുകൊന്നാൽ അതിന്റെ മാംസം ജനങ്ങൾക്ക് ഉപയുക്തമാക്കുക, ജീവഹാനി സംഭവിച്ചാൽ നഷ്ടപരിഹാരത്തുക വർധിപ്പിക്കുക, കൃഷിനാശത്തിന് ലഭ്യമാകുന്ന നഷ്‌ടപരിഹാരം ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളുയർത്തി 30, 31 തീയതികളിൽ തിരുവനന്തപുരം വനം വകുപ്പ് ആസ്ഥാനത്ത് നടത്തുന്ന രാപകൽ ഉപരോധത്തിന്റെ പ്രചാരണാർഥമാണ് ജാഥ. തിരുവമ്പാടിയിലെ സ്വീകരണത്തോടെ മലപ്പുറം ജില്ലയിൽ പ്രവേശിച്ച ജാഥയ്‌ക്ക്‌ മലയോര മേഖലകളായ എടക്കര, വണ്ടൂർ എന്നിവിടങ്ങളിൽ നൽകിയ സ്വീകരണത്തിൽ കനത്ത മഴയെ അവഗണിച്ച്‌ നൂറുകണക്കിന്‌ കർഷകർ ഒഴുകിയെത്തി.




deshabhimani section

Related News

View More
0 comments
Sort by

Home