മാവൂരിലെ കുട്ടികൾ പറയും
മാറാലേ...മാറിപ്പോ

മാവൂർ ജിഎംയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥികൾ നിർമിച്ച ഇലക്ട്രിക് ബ്രൂമുമായി
ശ്രീനിവാസൻ ചെറുകുളത്തൂർ
Published on Oct 27, 2025, 01:39 AM | 1 min read
കുന്നമംഗലം
മാവൂർ ജിഎംയുപി സ്കൂളിലെ വിദ്യാർഥികൾ ഇനി പഠിക്കുക മാറാല ഇല്ലാത്ത ക്ലാസ് മുറികളിൽ. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥികൾ നിർമിച്ച ഇലക്ട്രിക് ബ്രൂമാണ് മാറാലയെ മാറ്റിനിർത്തുക. ശാസ്ത്രതത്വങ്ങൾ ക്ലാസ് മുറികളിൽ പഠിക്കാൻ മാത്രമുള്ളതല്ല, നിത്യജീവിതത്തിൽ ഉപകാരമുള്ള ഉപകരണങ്ങളാക്കി മാറ്റണമെന്ന ചിന്തയിൽനിന്നാണ് ഇലക്ട്രിക് ബ്രൂം കണ്ടുപിടിച്ചത്. സാധാരണ ബ്രൂമിൽ ബാറ്ററി, മോട്ടോർ, സ്വിച്ച് എന്നിവ ഘടിപ്പിച്ചാണ് സ്വയംതിരിയുന്ന ഇലക്ട്രിക് ബ്രൂം നിർമിച്ചത്. ഭൗതികശാസ്ത്രത്തിലെ അഭികേന്ദ്രബലം എന്ന തത്വത്തെയാണ് ഈ ഉപകരണത്തിലൂടെ കുട്ടികൾ പ്രയോഗവൽക്കരിച്ചത്. സാധാരണ ബ്രൂം ഉപയോഗിച്ച് മാറാല തട്ടുമ്പോൾ മേൽക്കൂരയിലുണ്ടാകുന്ന പാടുകൾ ഇലക്ട്രിക് ബ്രൂം ഉപയോഗിക്കുമ്പോൾ ഉണ്ടാകില്ല. മുഹമ്മദ് ദുൽക്കിഫൽ, മുഹമ്മദ് നജാദ്, മുഹമ്മദ് അഫ്ലഹ്, അമീൻ റഹ്മാൻ, ദേവജിത്ത് എന്നീ വിദ്യാർഥികളാണ് ഇലക്ട്രിക് ബ്രൂമിന്റെ നിർമാതാക്കൾ.
ഓട്ടോമാറ്റിക് ബക്കറ്റ്, ഓട്ടോമാറ്റിക് ചോപ്പർ, വേം സെൻസർ നൈഫ്, വിൻഡ് എനർജി ടെലിവിഷൻ, സോളാർ ഫാൻ, ഓട്ടോമാറ്റിക് കിണർ, വാക്കം ക്ലീനർ, ഫ്രീ എനർജി എൽഇഡി ലാമ്പ്, സെൽഫ് പ്യൂരിഫയിങ് വാട്ടർ ടാങ്ക്, ഇലക്ട്രിക് ട്രോളി സ്കൂട്ടർ തുടങ്ങിയവയും സ്കൂളിലെ വിദ്യാർഥികൾ നിർമിച്ചിട്ടുണ്ട്. 250 രൂപയാണ് ഒരു ഇലക്ട്രിക് ബ്രൂമിന്റെ നിർമാണച്ചെലവ്. സ്കൂളിലെ എല്ലാ ക്ലാസുകളിലും ഇലക്ട്രിക് ബ്രൂം ഉപയോഗിക്കാനായി നിർമാണം ആരംഭിച്ചു. വിപണന സാധ്യത കണക്കിലെടുത്ത് മറ്റ് വിദ്യാലയങ്ങൾ, വീടുകൾ തുടങ്ങിയവക്ക് നൽകാനും ലക്ഷ്യമിടുന്നു. സ്കൂളിലെ ശാസ്ത്ര അധ്യാപകനും എഴുത്തുകാരനുമായ ഡോ. സാബു ജോസാണ് കുട്ടികളുടെ വഴികാട്ടി.









0 comments