വ്യവസായ സൗഹൃദ കേരളം വിദേശ മലയാളികളെ തിരികെ വിളിക്കുന്നു: പി രാജീവ്

കേരള സ്മോള്‍ സ്കെയില്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ കോഴിക്കോട്ട് സംഘടിപ്പിച്ച റീഇന്‍വെന്റ് മലബാര്‍ ഗ്രോത്ത് സ്റ്റോറീസ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി പി രാജീവ് വേദിയിലേക്ക്
കോഴിക്കോട്
വ്യവസായ സൗഹൃദ നാടായി മാറിയതോടെ വിദേശങ്ങളിലെ നിക്ഷേപകരുൾപ്പെടെയുള്ള മലയാളി സമൂഹത്തെ കേരളമിപ്പോൾ തിരിച്ചുവിളിക്കുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കേരള സ്‌റ്റേറ്റ് സ്‌മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ നടത്തിയ ‘റീ ഇൻവെന്റ് മലബാർ’ ഗ്രോത്ത് സ്‌റ്റോറീസ് സംരംഭകസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതുവരെ തൊഴിലിനും ഉപജീവനത്തിനുമായി നമ്മൾ ആളുകളെ വിദേശങ്ങളിലേക്ക് വിടുകയായിരുന്നു. ആ സാഹചര്യം മാറുകയാണ്. വ്യവസായ–-നിക്ഷേപ സാധ്യത ഏറിയതോടെ മലയാളികൾ കേരളത്തിലേക്ക് തിരിച്ചുവരികയാണ്. ഇവിടുത്തെ വൈദഗ്‌ധ്യമുള്ള യുവജനങ്ങൾ വിദേശങ്ങളിൽ തൊഴിലെടുക്കുന്ന സാഹചര്യമുണ്ട്. അത്തരം തൊഴിലുകൾ ഇവിടെ സൃഷ്‌ടിക്കുന്നതിനാണിപ്പോൾ പ്രാധാന്യം നൽകുന്നത്. നാടിന്റെ വികസനക്കുതിപ്പിന് അടിസ്ഥാന സൗകര്യത്തിനേക്കാൾ പുതുമയുള്ള ആശയങ്ങൾക്കാണിപ്പോൾ പ്രാധാന്യം. കേരളത്തിന്റെ കരുത്തും അതാണ്. അപ്പോൾ നിക്ഷേപകർ കേരളത്തിലെത്തും. അതുകൊണ്ടുതന്നെ വൈദഗ്‌ധ്യമുള്ള യുവജനങ്ങൾ ഇവിടെയാണ് ജോലി ചെയ്യേണ്ടത്. വ്യവസായക്കുതിപ്പിന് സ്വതന്ത്രമായി ചിന്തിക്കാനുള്ള അന്തരീക്ഷവും അനിവാര്യമാണ്. ആ സാഹചര്യം കേരളത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഇഎഫ് ഹോൾഡിങ്‌സ് ആൻഡ് ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ ചെയർമാൻ ഫൈസൽ കോട്ടിക്കോളൻ മുഖ്യാതിഥിയായി. പ്രൊഫ. ഡോ. സജി ഗോപിനാഥ് മോഡറേറ്ററായി. ഇഷാഖ് കളത്തിങ്ങൽ അധ്യക്ഷനായി. വി കെ സി മമ്മദ് കോയ, എ നിസാറുദ്ദീൻ, രഞ്ജിത്ത് ബാബു, എം ഖാലിദ്, നിത്യാനന്ദ് കമ്മത്ത്, വി ആനന്ദമണി, എ വി സുനിൽ നാഥ്, എം രെജിത്ത്, ടി പി എം സജൽ മുഹമ്മദ് എന്നിവർ സംസാരിച്ചു. ബാബു മാളിയേക്കൽ സ്വാഗതവും പി അരുൺ കുമാർ നന്ദിയും പറഞ്ഞു. വി കെ സി റസാഖ്, അനിൽ ബാലൻ എന്നിവരെ ആദരിച്ചു.









0 comments