കാപ്പ പ്രതി വൈദ്യപരിശോധനയ്ക്കിടെ ചാടിപ്പോയി

കോഴിക്കോട്
കാപ്പ നിയമം ലംഘിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത പ്രതി വൈദ്യപരിശോധനയ്ക്കിടെ ചാടിപ്പോയി. മുഖദാർ സ്വദേശി അറയ്‌ക്കൽതൊടിക വീട്ടിൽ അജ്മൽ ബിലാൽ (24) ആണ് പൊലീസിനെ വെട്ടിച്ച് കടന്നത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. കാപ്പ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനെ തുടർന്ന് ചെമ്മങ്ങാട് പൊലീസ് പ്രതിയെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വൈദ്യപരിശോധനയ്ക്കായി ഗവ. ബീച്ച് ആശുപത്രിയിൽ എത്തിച്ചു. ഇതിനിടെ ഇയാൾ ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടു. ശുചിമുറിയിൽ കയറി വെന്റിലേറ്റർ തകർത്ത് കടന്നുകളഞ്ഞു. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മോഷണം, വീട്ടിൽ കയറി സ്ത്രീകൾക്കെതിരെ അതിക്രമം, മാരകായുധം കാണിച്ച് ഭീഷണിപ്പെടുത്തൽ, മൊബൈൽ ഫോൺ കവർച്ച തുടങ്ങിയ കേസുകൾ ടൗൺ, മെഡിക്കൽ കോളേജ്, ചെമ്മങ്ങാട്, ചേവായൂർ, പന്നിയങ്കര, കസബ, നടക്കാവ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെയുണ്ടായിരുന്നു. കാപ്പ നിയമപ്രകാരം അറസ്റ്റിലായ ഇയാളെ ഒരു വർഷത്തേയ്ക്ക് ജില്ലയിൽ പ്രവേശിക്കരുതെന്നും മറ്റ് കേസുകളിൽ ഉൾപ്പെടാനോ പാടില്ലെന്ന നിബന്ധനയോടെ നാട് കടത്തുകയായിരുന്നു. നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനെ തുടർന്നായിരുന്നു അറസ്റ്റ് ചെയ്തത്.









0 comments