Deshabhimani

‘ഉല്ലാസ്‌ ’: മൂന്നാംഘട്ടത്തിൽ 30 തദ്ദേശസ്ഥാപനങ്ങളിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on May 15, 2025, 01:00 AM | 1 min read

കോഴിക്കോട്‌

നിരക്ഷരരായ മുഴുവൻപേരെയും കണ്ടെത്തി അക്ഷരാഭ്യാസം നൽകുന്നതിനുള്ള ‘ഉല്ലാസ്‌’ ന്യൂ ഇന്ത്യാ ലിറ്ററസി പദ്ധതിയുടെ മൂന്നാംഘട്ടം 30 തദ്ദേശ സ്ഥാപനങ്ങളിൽ നടപ്പാക്കുന്നു. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക്‌ ജില്ലയിൽ തുടക്കമായി. ഡിജിറ്റൽ സാക്ഷരതയും ഇതോടൊപ്പം നൽകുമെന്നതാണ്‌ ഇത്തവണത്തെ പ്രത്യേകത. പ്രാദേശികതല സർവേ ഈ മാസം പൂർത്തിയാക്കും. തുടർന്ന്‌ പരിശീലനത്തിലേക്ക്‌ കടക്കും. സർവേയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാകാത്തവരെ കണ്ടെത്തി അവരെ 120 മണിക്കൂർ നീണ്ട പരിശീലനത്തിലൂടെ സാക്ഷരരാക്കുക എന്നതാണ്‌ ജില്ലാ സാക്ഷരതാ മിഷൻ ലക്ഷ്യമിടുന്നത്‌.

ചേളന്നൂർ, കുന്നമംഗലം, കൊടുവള്ളി, കോഴിക്കോട്‌ ബ്ലോക്ക്‌ പഞ്ചായത്തുകൾക്കുകീഴിലെ പഞ്ചായത്തുകളിലും കോർപറേഷനിലും ഫറോക്ക്‌, രാമനാട്ടുകര, മുക്കം, കൊടുവള്ളി മുനിസിപ്പാലിറ്റികളിലുമാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. പദ്ധതിയുടെ ഒന്ന്‌–- രണ്ട്‌ ഘട്ടങ്ങളിൽ ജില്ലയിൽ നടത്തിയ സർവേയിൽ 7000 പേരെയാണ്‌ നിരക്ഷരരായി കണ്ടെത്തിയത്‌. ഇവർക്ക് പരിശീലനം കൊടുത്തശേഷം നടത്തിയ പരീക്ഷ 3565 പേർമാത്രമേ എഴുതിയിരുന്നുള്ളൂ. തുടർന്നാണ്‌ കേന്ദ്രീകൃതമായി സർവേ നടത്തിയും പരിശീലനം നൽകിയും 100 ശതമാനം ലക്ഷ്യംകൈവരിക്കാനായി മൂന്നാംഘട്ടം ആവിഷ്‌കരിച്ചത്‌. കൂടുതൽ നിരക്ഷരരായവർ ഉള്ള മേഖലകൾ, പിന്നാക്ക ജനവിഭാഗങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങൾ പാലിച്ചാണ്‌ പദ്ധതി പ്രദേശങ്ങൾ തെരഞ്ഞെടുത്തത്‌.

സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതി നടപ്പാക്കിയെങ്കിലും പലയിടത്തും വിജയകരമായില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന്‌ വീണ്ടും പരിശീലനം നൽകാൻ സർക്കാർ നിർദേശമുണ്ട്‌. ഇതും ഉല്ലാസിൽ ഉൾപ്പെടുത്തി ഡിജിറ്റൽ സാക്ഷരത കാര്യക്ഷമമായി നടപ്പാക്കും.



deshabhimani section

Related News

View More
0 comments
Sort by

Home