പത്തിൽ പത്തരമാറ്റ്

എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ നടക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളുടെ ആഹ്ലാദം ഫോട്ടോ: ജഗത് ലാൽ
സ്വന്തം ലേഖിക
Published on May 10, 2025, 01:42 AM | 2 min read
കോഴിക്കോട്
എസ്‌എസ്‌എൽസി പരീക്ഷയിൽ പത്തരമാറ്റ് വിജയവുമായി ജില്ല. 99.67 ശതമാനമാണ് വിജയം. 43,841 കുട്ടികൾ പരീക്ഷ എഴുതിയതിൽ 43,697 പേരും ഉന്നതപഠനത്തിന് അർഹത നേടി. 22,059 ആൺകുട്ടികളും 21,638 പെൺകുട്ടികളുമാണ് ഉന്നതപഠനത്തിന് അർഹത നേടിയത്. മൊത്തം 22,167 ആൺകുട്ടികളും 21,674 പെൺകുട്ടികളുമാണ് പരീക്ഷ എഴുതിയത്. കണ്ണൂർ, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകൾക്ക് പിറകിലായി അഞ്ചാംസ്ഥാനത്താണ് ജില്ല. 7410 കുട്ടികൾക്ക് മുഴുവൻ വിഷയത്തിലും എ പ്ലസുണ്ട്. വടകര വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതൽ വിജയം–-99.86 ശതമാനം. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ 99.27 ശതമാനവും താമരശേരിയിൽ 99.8 ശതമാനവും. വടകരയിൽ 16,017 കുട്ടികൾ പരീക്ഷ എഴുതിയതിൽ 15,995 പേരും കോഴിക്കോട്ട് 12,682 കുട്ടികൾ എഴുതിയതിൽ 12,590 ഉം താമരശേരിയിൽ 15,142–-ൽ 15,112 പേരും വിജയിച്ചു. അതേസമയം വിജയശതമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ നേരിയ കുറവുണ്ട്. 99.82 ശതമാനമായിരുന്നു കഴിഞ്ഞ വർഷം വിജയം. 2023ൽ 99.86, 2022ൽ 99.5, 2021ൽ 99.68, 2020ൽ 99.3, 2019ൽ 98.54 എന്നിങ്ങനെയായിരുന്നു വിജയശതമാനം.
ഉപരിപഠനം ഉറപ്പാക്കി സര്‍ക്കാര്‍
എസ്എസ്എൽസി വിജയിച്ച വിദ്യാർഥികൾക്ക് തുടർപഠനത്തിനായുള്ളത് നിരവധി സാധ്യതകൾ. ഹയർ സെക്കൻഡറിയിലും വൊക്കേഷണൽ ഹയർ സെക്കൻഡറിയിലുമായി ജില്ലയിൽ പ്ലസ് വണ്ണിന് 45,614 സീറ്റുണ്ട്. ഹയർ സെക്കൻഡറി സ്‌കൂളുകളിലായി പ്ലസ് വണ്ണിന് 43,082 സീറ്റാണുള്ളത്. സർക്കാർ സ്‌കൂളുകളിൽ 18,485 സീറ്റും എയ്ഡഡ് സ്‌കൂളുകളിൽ 19,915 സീറ്റും അൺ -എയ്ഡഡ് സ്‌കൂളുകളിൽ 4682 സീറ്റുമാണുള്ളത്. 28 വിഎച്ച്‌എസ്‌ഇ സ്കൂളുകളിലായി 2532 സീറ്റുണ്ട്. 20 സർക്കാർ വിഎച്ച്‌എസ്‌ഇ സ്‌കൂളിലായി 1980 സീറ്റും എട്ട് എയ്‌ഡഡിലായി 552 സീറ്റുമാണ്.
ഇതിനുപുറമെ ജില്ലയിലെ സർക്കാർ പോളിടെക്‌നിക്കുകളിൽ 500 സീറ്റുണ്ട്. വെസ്റ്റ്‌ഹിൽ ഗവ. പോളിടെക്‌നിക്കിൽ ആറ് ട്രേഡുകളിലായി 360 സീറ്റുണ്ട്. സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ്, കെമിക്കൽ എൻജിനിയറിങ്, കംപ്യൂട്ടർ എൻജിനിയറിങ്, ടൂൾ ആൻഡ് ഡൈ ടെക്‌നോളജി എന്നിവയാണ് കോഴ്‌സുകൾ. ഒരു വനിതാ ഐടിഐ ഉൾപ്പെടെ 12 സർക്കാർ ഐടിഐകളിലായി നിരവധി ട്രേഡുകളിലും ഉപരിപഠനം തുടരാം. 2300 സീറ്റാണ് ജില്ലയിലെ ഐടിഐകളിലായി ഉള്ളത്.









0 comments