ഷഹബാസിന്റെ ഓർമകൾക്ക്‌ വിജയത്തിളക്കം

എസ്‌എസ്‌എൽസി ഫലമറിഞ്ഞശേഷം എം ജെ ഹയർ സെക്കൻഡറി സ്‌കൂളിലെ 
വിദ്യാർഥികൾ സ്കൂളിലെത്തിയപ്പോൾ
avatar
സ്വന്തം ലേഖകൻ

Published on May 10, 2025, 01:00 AM | 1 min read

എളേറ്റിൽ

എസ്‌എസ്‌എൽസി പരീക്ഷയ്‌ക്ക്‌ ദിവസങ്ങൾക്കുമുമ്പാണ്‌ കൂട്ടുകാരനെ എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾക്ക്‌ നഷ്‌ടമായത്‌. അവന്റെ ഓർമയിൽ സ്‌കൂളിനും നാടിനും അതിജീവനത്തിന്റെ വിജയമധുരം തിരിച്ചുനൽകിയിരിക്കുകയാണ്‌ സഹപാഠികൾ. 99.9 ശതമാനം വിജയത്തോടെ ‘പഠനമാകണം പാത’യെന്നോർമിപ്പിച്ച്‌ പരീക്ഷാകാലത്തുണ്ടായ വേദനിപ്പിക്കുന്ന സംഭവങ്ങളെ കുട്ടികളും സ്‌കൂളും ഓർമയിലേക്ക്‌ പടികടത്തുകയാണ്‌. സഹപാഠികളുടെ ആക്രമണത്തിൽ പരിക്കേറ്റ്‌ മരിച്ച ഷഹബാസ്‌ പഠിച്ച സ്‌കൂളിനാണ്‌ മികച്ച വിജയം. പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും ഉന്നതപഠനത്തിന്‌ അർഹത നേടിയപ്പോൾ ഷഹബാസ് ഒരു നോവായി നിറഞ്ഞു.

വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിൽ പരീക്ഷയുടെ നാലുദിവസം മുമ്പാണ്‌ ഷഹബാസിന്‌ ജീവൻ നഷ്‌ടമായത്‌. പഠനത്തിൽ മികവ് പുലർത്തിയിരുന്ന ഷഹബാസും സ്‌കൂളിന്റെയും വീടിന്റെയും പ്രതീക്ഷയായിരുന്നു. അറിയാതെയാണെങ്കിലും ഒരുനിമിഷം ഷഹബാസിന്റെ 628307 രജിസ്റ്റർ നമ്പറും ഫലമറിയുമ്പോൾ മനസ്സിൽ വന്നെന്ന്‌ ഷഹബാസിന്റ കൂട്ടുകാർ പറയുന്നു. മുഴുവൻ വിഷയത്തിലും എ പ്ലസ്‌ നേടിയ വിദ്യാർഥികൾ വൈകിട്ട്‌ സ്‌കൂളിൽ ഒത്തുചേർന്നപ്പോഴും മുഹമ്മദ് ഷഹബാസായിരുന്നു അവരുടെ ഓർമകളിൽ നിറയെ. പരീക്ഷ എഴുതിയ 1033 വിദ്യാർഥികളും മികച്ച വിജയം നേടി.

ജില്ലയിൽ രജിസ്റ്റർ ചെയ്‌തവരിൽ എസ്എസ്എൽസി പരീക്ഷ എഴുതാത്ത ഏക വിദ്യാർഥിയും ഷഹബാസായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home