മീസില്‍സ്, റുബെല്ല നിവാരണ യജ്ഞം പ്രത്യേക ക്യാമ്പയിന്‍ 19 മുതല്‍

a
വെബ് ഡെസ്ക്

Published on May 18, 2025, 01:41 AM | 2 min read

കോഴിക്കോട്‌

മീസിൽസ്, റുബെല്ല നിവാരണ ക്യാമ്പയിന്റെ ഭാഗമായി അഞ്ചുവയസ്സ് വരെയുള്ള കുഞ്ഞുങ്ങളുടെ വാക്സിനേഷൻ സമ്പൂർണമാക്കുന്നതിനായി 19 മുതൽ 31 വരെ ജില്ലയിൽ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കും. കലക്ടറുടെ ചേംബറിൽ ചേർന്ന ജില്ലാതല യോഗത്തിൽ വാക്സിനേഷൻ ബോധവൽക്കരണ പരിപാടികൾ വിവിധ വകുപ്പുകൾ വഴി നടപ്പാക്കാനും തീരുമാനിച്ചു.

മീസിൽസ്, റുബെല്ല വാക്സിനേഷൻ ഡോസുകൾ എടുക്കാൻ വിട്ടുപോയ അഞ്ചു വയസ്സുവരെയുള്ളവരെ -ആശാപ്രവർത്തകരുടെ നേതൃത്വത്തിൽ കണ്ടെത്തി വാക്സിനേഷൻ നൽകും. എല്ലാ കുഞ്ഞുങ്ങളും ഈ രണ്ടു ഡോസുകളും എടുത്തുവെന്ന് ഉറപ്പാക്കും. ആരോഗ്യകേന്ദ്രങ്ങളിൽ രണ്ടാഴ്ച വാക്സിനേഷൻ സൗകര്യമൊരുക്കുകയും വാക്സിനേഷൻ ക്യാമ്പുകളും ഇതരസംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങൾ ലക്ഷ്യമിട്ട് മൊബൈൽ വാക്സിനേഷൻ ബൂത്തുകളും ഒരുക്കും.

വാക്സിൻ നൽകുന്നതിൽ വിട്ടുനിൽക്കുന്ന കുടുംബങ്ങളെ ബോധവൽക്കരിക്കാൻ തദ്ദേശസ്ഥാപന തലത്തിൽ സാമൂഹിക പ്രവർത്തകരെ ഉൾപ്പെടുത്തി സമ്പൂർണ വാക്സിനേഷൻ ജാഗ്രതാസമിതികൾക്ക് രൂപം നൽകും. വാക്സിനിലൂടെ തടയാവുന്ന മറ്റു 10 രോഗങ്ങളുടെ വാക്സിനുകൾ എടുക്കാൻ വിട്ടുപോയവർക്ക് അവ കൂടി എടുക്കാൻ അവസരമൊരുക്കും.

വാക്സിനെടുക്കാൻ വിട്ടവരുടെ പട്ടിക തയാറാക്കി. ജില്ലയിൽ 91 ശതമാനം വാക്സിനേഷനാണ് പൂർത്തിയായത്. ഇത് 95 ശതമാനത്തിന് മുകളിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.

യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം രാജേന്ദ്രൻ, എൽഎസ്ജിഡി അഡീഷണൽ ഡയറക്ടർ രാരരാജ്, അഡീഷണൽ ഡിഎംഒ ഡോ. വി പി രാജേഷ്, ആരോഗ്യവിഭാഗം മേധാവികൾ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.

ശ്രദ്ധിക്കണം *മീസിൽസിനെയും *റുബെല്ലയെയും

മീസിൽസ്, റുബെല്ല എന്നിവ വളരെ പെട്ടെന്ന് പകരുന്നതും കുഞ്ഞുങ്ങളിലും ഗർഭസ്ഥശിശുക്കളിലും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതും മാരകവുമായ രോഗങ്ങളാണ്. എന്നാൽ, രണ്ടും വാക്സിനേഷനിലൂടെ തടയാം.

2024ൽ രാജ്യത്ത്‌ 17,456 മീസിൽസ് കേസുകളും 2462 റുബെല്ല കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ ഇതേ കാലയളവിൽ 526 മീസിൽസ് ഉം 51 റുബെല്ല യും കണ്ടെത്തിയത്. ലോകാരോഗ്യ സംഘടന നിശ്ചയിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടുന്നതിന് മീസിൽസ്, റുബെല്ല രോഗങ്ങൾ 2026 ഡിസംബറിനകം നിവാരണം ചെയ്യേണ്ടതുണ്ട്.

കുഞ്ഞ് ജനിച്ച് 9-12, 16-24 മാസങ്ങളിൽ നൽകുന്ന രണ്ടു ഡോസ് മീസിൽസ്, റുബെല്ല വാക്സിനുകളിലൂടെ ആരോഗ്യം സംരക്ഷിക്കാനും ജീവൻ രക്ഷിക്കാനുമാകും. കേരളത്തിൽ 92 ശതമാനം കുഞ്ഞുങ്ങൾ ആദ്യ ഡോസും 87 ശതമാനം രണ്ടാം ഡോസും സ്വീകരിക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. അഞ്ചുവയസ്സ്‌ വരെയുള്ള എല്ലാ കുഞ്ഞുങ്ങളും ഈ രണ്ടു ഡോസ് വാക്സിനുകളും സ്വീകരിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home