ചോദ്യങ്ങൾ ഇൗസി ജയിക്കുമെന്ന് സോമേട്ടൻ

മീഞ്ചന്ത ഗവ .ഹയർസെക്കൻണ്ടറി സ്കൂളിൽ എസ്എസ്എൽസി തുല്യത പരീക്ഷ എഴുതുന്ന എഴുപത്തിനാലുകാരൻ പി സോമദാസ്

അതുൽ ബ്ലാത്തൂർ
Published on Nov 09, 2025, 01:34 AM | 1 min read
കോഴിക്കോട്
‘അധ്യാത്മരാമായണത്തിലെ സീതാസ്വയംവരം, എം ടിയുടെ ‘ഒരു ചെറുപുഞ്ചിരി’ , ബഷീറിന്റെ ‘മതിലുകൾ’ ... പഠിച്ചുവച്ചതിൽനിന്നെല്ലാം ചോദ്യംവന്നു. പരീക്ഷ ഇൗസിയായെഴുതി. മോശമില്ലാണ്ട് ജയിക്കും ഉറപ്പ്’– എഴുപത്തിനാലുകാരനായ സോമേട്ടന്റെ വാക്കുകളിൽ നിറഞ്ഞ ആവേശം. പത്താംക്ലാസ് തുല്യത പരീക്ഷയെഴുതി മീഞ്ചന്ത ജിവിഎച്ച്എസ്എസിലെ ക്ലാസ്‌മുറിയിൽനിന്ന് പുറത്തിറങ്ങിയതായിരുന്നു ജില്ലയിലെ മുതിര്‍ന്ന പഠിതാവായ കല്ലായി തിരുനിലംവയൽ പുത്തഞ്ചേരിയിൽ പി സോമദാസ്.
അച്ഛൻ ചെറുപ്പത്തിലേ മരിച്ചു. അമ്മയാണ് വളർത്തിയത്. തളി സാമൂതിരി സ്‌കൂളിലാണ് പഠിച്ചത്. ജീവിത പ്രാരാബ്‌ദങ്ങൾക്കിടെ എട്ടാം ക്ലാസിൽ പഠനം മുടങ്ങി. ഉയർന്ന ക്ലാസുകളിലെത്തണം, എല്ലാം പഠിച്ചെടുക്കണമെന്ന എക്കാലത്തെയും ആഗ്രഹമിപ്പോൾ നിറവേറ്റുകയാണ് സോമദാസ്. തനിക്ക് പഠിക്കാൻ കഴിയാത്തതെല്ലാം മക്കളെ പഠിപ്പിച്ചു. എസ്‌എസ്‌എൽസി സർട്ടിഫിക്കറ്റ് നേടിയെടുക്കണം എന്ന ഉറച്ച തീരുമാനത്തിൽ തുല്യതയ്‌ക്ക് രജിസ്റ്റർ ചെയ്‌തു. ഭാര്യ ഗീതയും മക്കളായ വിപിൻലാലും നിധിനും മരുമക്കളായ പ്രിയയും നൃത്ത്യയും കട്ടക്ക് കൂടെനിന്നു.
അറിവുനേടണം പരീക്ഷ ജയിക്കണം എന്ന അടങ്ങാത്ത മോഹം മുന്നോട്ടുനയിച്ചു. ഒറ്റ ക്ലാസും മിസ്സാക്കാത്ത ‘കുട്ടിയായി’ എല്ലാ ആഴ്‌ചയിലും അവധിദിനങ്ങളിലും പഠിക്കാനെത്തും. മുന്നിൽത്തന്നെ ഇരിക്കും. ഏൽപ്പിക്കുന്ന എല്ലാ അസൈൻമെന്റും താൽപ്പര്യപൂർവം ചെയ്യുമെന്ന് സാക്ഷരതാ പ്രേരക് ആയ എം സുജാത പറഞ്ഞു. പൊതുപ്രവർത്തനവും വായനയും സിനിമയും യാത്രകളും ഏറെ ഇഷ്‌ടംസോവിയറ്റ് മാസികകൾ കണ്ട കൗതുകത്തിൽ അക്ഷരങ്ങൾ കൂട്ടി വായിച്ച് പതിയെ ഇംഗ്ലീഷും വഴങ്ങുമെന്ന് തെളിയിച്ചു. കൂടുതൽ പഠിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സോമദാസ്. സിപിഐ എം കല്ലായി തിരുനിലവയൽ ബ്രാഞ്ച് അംഗമാണ്.









0 comments