ഇ മാലിന്യം ഈസി,ഇനി തലവേദനയല്ല

അനഘപ്രകാശ്
Published on Jul 13, 2025, 01:18 AM | 1 min read
കോഴിക്കോട്
ഇ മാലിന്യം ഇനി തലവേദനയാകില്ല, പകരം പണമാകും. 15 മുതൽ നടക്കുന്ന ഇ മാലിന്യ ശേഖരണ യജ്ഞത്തിന്റെ ഭാഗമായി ഹരിതകർമ സേന വീടുകളിലും സ്ഥാപനങ്ങളിലുമെത്തി ഇ മാലിന്യം ശേഖരിക്കും. ആപൽക്കര ഇ മാലിന്യം, പുനഃചംക്രമണ സാധ്യമായ ഇ മാലിന്യം എന്നിങ്ങനെ വേർതിരിച്ചാണ് ശേഖരിക്കുക. ഇതിൽ പുനരുപയോഗിക്കാൻ കഴിയുന്നവയ്ക്ക് മൂല്യമനുസരിച്ച് വില നൽകും.
ആദ്യഘട്ടത്തിൽ നഗരസഭകളിലാണ് പദ്ധതി നടപ്പാക്കുക. ആഗസ്ത് 15നുള്ളിൽ നഗരസഭകളിലേത് പൂർത്തിയാക്കും. തുടർന്ന്, പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. ശുചിത്വമിഷന്റെയും ക്ലീൻ കേരള കമ്പനിയുടെയും നേതൃത്വത്തിൽ കുടുംബശ്രീയുടെ സഹകരണത്തോടെയാണ് ഇ മാലിന്യ ശേഖരണ യജ്ഞം. ഹരിതകർമ സേനയ്ക്ക് ആവശ്യമായ പരിശീലനവും മാലിന്യ ശേഖരണത്തിനാവശ്യമായ രസീത് ബുക്ക്, വാഹനസൗകര്യം തുടങ്ങിയവയും തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കും. ഉപയോക്താക്കൾക്ക് പണം നൽകാനായി നിശ്ചിത തുക നേരത്തേ ഹരിതകർമ സേനയ്ക്ക് കൈമാറും. കൺസോർഷ്യം ഫണ്ടിൽനിന്നോ തദ്ദേശഭരണ സ്ഥാപന ഫണ്ടിൽനിന്നോ എടുക്കുന്ന തുകയാണിത്. ഇത്തരത്തിൽ ശേഖരിച്ച ഇ മാലിന്യം ക്ലീൻ കേരള കമ്പനി വില നൽകി വാങ്ങും. ശേഖരണത്തിനെത്തുന്ന ദിവസവും സമയവും ഉപയോക്താക്കളെ മുൻകൂട്ടി അറിയിക്കും. ലൈസൻസ് ഇല്ലാത്ത ആക്രിക്കാർ ഉൾപ്പെടെയുള്ളവർ ഇ മാലിന്യം ശേഖരിച്ച് വില കൂടിയത് ഒഴികെയുള്ളവ ഉപേക്ഷിക്കുന്നത് പതിവാണ്. ട്യൂബ് ലൈറ്റ്, ബാറ്ററി, പിക്ചർ ട്യൂബ് തുടങ്ങിയവ പൊതുസ്ഥലത്ത് വലിച്ചെറിയുന്ന പ്രവണതയുമുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനും ഇ മാലിന്യം സമ്പൂർണമായി ശേഖരിക്കാനും പദ്ധതി വഴി സാധിക്കുമെന്ന് ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ ടി രാകേഷ് പറഞ്ഞു.









0 comments