ജൈവവൈവിധ്യ സർവേ തുടങ്ങുന്നു
ജാനകിക്കാടിനെ അറിയാം, കരുതലേകാം...

ജാനകിക്കാട് ഇക്കോ ടൂറിസം സെന്റർ പ്രവേശനകവാടം
സ്വന്തം ലേഖിക
Published on Nov 09, 2025, 01:40 AM | 1 min read
കോഴിക്കോട്
കുറ്റ്യാടിപ്പുഴയുടെ തീരത്ത് 113 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന മനോഹരമായ ജാനകിക്കാടിന്റെ വിശേഷങ്ങളും വൈവിധ്യങ്ങളുമറിയാൻ ആഗ്രഹമുണ്ടോ... എങ്കിൽ ഒരൽപ്പം കാത്തിരിക്കൂ... ജാനകിക്കാടിനെ അറിയാനും സംരക്ഷിക്കാനുമുള്ള സമഗ്ര ജൈവ വൈവിധ്യ സർവേ വരുന്നു. ഒരു വർഷത്തിനകം പൂർത്തിയാവുന്നതോടെ കാടിന്റെ വൈവിധ്യം വായിച്ചറിയാം...
സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സാങ്കേതിക സഹായത്തോടെ ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി വനം വകുപ്പുമായി ചേർന്നാണ് ജാനകിക്കാട് ആവാസവ്യവസ്ഥ പഠനസർവേ നടത്തുന്നത്. ജൈവവൈവിധ്യങ്ങൾ കണ്ടെത്തി രേഖപ്പെടുത്തുന്നതിന്റെയും സംരക്ഷിക്കുന്നതിന്റെയും മുന്നോടിയായാണ് സർവേ നടത്തുന്നത്.
ജില്ലാ സ്പീഷിസ് പ്രഖ്യാപനത്തിന് ശേഷം ഇൗ മേഖലയിൽ ജില്ലാ പഞ്ചായത്ത് ബിഎംസി ഏറ്റെടുക്കുന്ന മറ്റൊരു പദ്ധതിയാണിത്. കാടിന്റെ ആവാസവ്യവസ്ഥയെ ആഴത്തിൽ പഠിക്കും. ആറുമാസം മുതൽ ഒരുവർഷം വരെയാണ് സർവേ കാലാവധി. തുടർന്ന് വിവിധ വകുപ്പുകളെ കോർത്തിണക്കി വൈവിധ്യത്തെ നിലനിർത്തി കാടിന്റെ സംരക്ഷണത്തിനുതകുന്ന പദ്ധതികൾ ആവിഷ്‌കരിക്കും. കഴിഞ്ഞ ബജറ്റിൽ ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച പദ്ധതിയാണിത്. പരിസ്ഥിതി വിദഗ്ധരെയും ശാസ്ത്ര സമൂഹത്തെയും വിദ്യാർഥികളെയും പ്രദേശവാസികളെയും ഉൾക്കൊള്ളിച്ചാണ് സർവേ നടത്തുന്നത്. ഇതിനായി വിവിധ സമിതികൾ രൂപീകരിച്ചു. അടുത്ത രണ്ട് മാസത്തിനുള്ളിൽ സർവേ ആരംഭിക്കും. വിവരങ്ങൾ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കും.
സംസ്ഥാന പരിസ്ഥിതി കൗൺസിൽ ചെയർമാൻ കൂടിയായ ഇ കെ വിജയൻ എംഎൽഎ സർവേ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി. മരുതോങ്കര പഞ്ചായത്ത് പ്രസിഡന്റ് കെ സജിത് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസ് സ്വാഗതം പറഞ്ഞു. ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ ഡോ. കെ പി മഞ്ജു പദ്ധതി വിശദീകരിച്ചു.









0 comments