​ഗാര്‍ഹികാതിക്രമം ചെറുക്കാൻ പ്രതിരോധ സമിതി

a
avatar
സ്വന്തം ലേഖിക

Published on Jul 13, 2025, 01:30 AM | 2 min read

കോഴിക്കോട്

ഗാർഹികാതിക്രമങ്ങൾ ചെറുക്കാനായി ജില്ലയിലെ 18 സ്ത്രീ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിരോധ സമിതി നിലവിൽ വന്നു. 51 അംഗ ഗാർഹികാതിക്രമ പ്രതിരോധ സമിതിയാണ് രൂപീകരിച്ചത്. കെ അജിത, ദീദി ദാമോദരൻ, വിജി പെൺകൂട്ട്, കെ കെ ലതിക എന്നിവർ രക്ഷാധികാരികളായും അഡ്വ. പി എം ആതിര കൺവീനറായും ഗിരിജ പാർവതി, ഡോ. ടി ആർ ശ്രീസൂര്യ, ഡോ. പി രേഖ, ഡോ. പീജ രാജൻ എന്നിവർ കോ കൺവീനർമാരുമായി സമിതി പ്രവർത്തിക്കും.

ഗാർഹികാതിക്രമങ്ങൾക്കെതിരെ പ്രതിരോധം സൃഷ്ടിക്കുക, അതിജീവിതർക്ക്‌ നിയമ–-സാമ്പത്തിക–-മാനസിക പിന്തുണ ഉറപ്പാക്കുക, ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തുക, താൽക്കാലിക അഭയകേന്ദ്രങ്ങൾ, തൊഴിൽ ലഭിക്കാനുള്ള മാർഗനിർദേശവും കൗൺസലിങ്ങും ഉറപ്പാക്കുക തുടങ്ങിയവയാണ് സമിതിയുടെ ലക്ഷ്യങ്ങൾ.

ഗാർഹികാതിക്രമ പ്രതിരോധ സമിതിയുടെ ജില്ലാ കൺവൻഷൻ ടൗൺ ഹാളിൽ വനിതാ കമീഷൻ ചെയർപേഴ്‌സൺ അഡ്വ. പി സതീദേവി ഉദ്ഘാടനം ചെയ്‌തു. കെ അജിത അധ്യക്ഷയായി. സംസ്ഥാന സമിതി കൺവീനർ മേഴ്‌സി അലക്സാണ്ടർ നയരേഖ അവതരിപ്പിച്ചു. ഗാർഹികാതിക്രമനിയമത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ ശിൽപ്പശാല, പ്രചാരണങ്ങൾ, പഠനക്യാമ്പുകൾ തുടങ്ങിയവ നടത്തണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു. ദീദി ദാമോദരൻ, ഗിരിജാ പാർവതി, വിജി പെൺകൂട്ട്, സോണിയ ഇ പ, പി ശ്രീജ, പി ഉഷാദേവി, സി കെ ഹമീദ എന്നിവർ സംസാരിച്ചു. അഡ്വ. പി എം ആതിര സ്വാഗതവും ഡോ. പീജ രാജൻ നന്ദിയും പറഞ്ഞു. തുടർന്ന്‌ ഗാർഹികാതിക്രമം നേരിടുന്ന സ്ത്രീകൾ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. ഡോ. ശ്രീസൂര്യ തെരുവോത്ത് മോഡറേറ്ററായി.



മാറ്റം വരേണ്ടത് വീടുകളിൽ: പി സതീദേവി

സംസ്ഥാനത്ത് സ്ത്രീകൾക്കുനേരെയുള്ള ​ഗാര്‍ഹികാതിക്രമം വര്‍ധിക്കുകയാണെന്നും അതിക്രമം ഉടലെടുക്കാനുള്ള സാഹചര്യം പരിശോധിച്ച് പ്രതിരോധം തീര്‍ക്കണമെന്നും വനിതാ കമീഷൻ ചെയർപേഴ്‌സൺ അഡ്വ. പി സതീദേവി പറഞ്ഞു. മേധാവിത്വ മനോഭാവമുള്ള പുരുഷനെയും വിധേയത്വ മനോഭാവമുള്ള സ്ത്രീയെയും സൃഷ്ടിക്കുന്ന സാഹചര്യമാണ്‌ വീടുകളിലുള്ളത്. ഓരോ വീട്ടിലുമാണ്‌ ആദ്യം മാറ്റം വരേണ്ടത്. സ്ത്രീവിരുദ്ധ മനോഭാവമുള്ള ഏതൊരാൾക്കെതിരെയും പ്രതികരിക്കുന്ന തരത്തിലേക്ക് പ്രതിരോധ സമിതിയെ ഉയര്‍ത്തിക്കൊണ്ടുവരണം. പീഡനം നടന്നാൽ ജീവിതം അവസാനിച്ചെന്ന ധാരണ മാറ്റി അക്രമിക്കെതിരെ വിരൽ ചൂണ്ടാനാകണം. പുരുഷന്മാരെ മാറ്റി നിര്‍ത്തിയല്ല, ഭാ​ഗമാക്കിയാണ് ബോധവൽക്കരണമുൾപ്പെടെയുള്ള പ്രവര്‍ത്തനങ്ങൾ നടത്തേണ്ടതെന്നും സതീദേവി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home