താറുമാറായി ട്രെയിന്‍ ഗതാഗതം
മണിക്കൂറുകള്‍ക്കിടെ പാളത്തില്‍ രണ്ടുതവണ മരം വീണു

പാളത്തിലേക്ക് വീണ മരം റെയില്‍വേ ട്രാക്ഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്റെയും അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തില്‍ മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുന്നു
സ്വന്തം ലേഖകൻ
Published on May 28, 2025, 01:00 AM | 2 min read
ഫറോക്ക്
കോഴിക്കോട്- ഫറോക്ക്– കല്ലായി റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലെ ട്രാക്കിൽ മണിക്കൂറുകൾക്കുള്ളിൽ രണ്ടുതവണ മരം വീണ് മംഗളൂരു–- -ഷൊർണൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം താറുമാറായി. തിങ്കൾ രാത്രി ഏഴരയോടെ ചുഴലിക്കാറ്റിൽ മാത്തോട്ടംഭാഗത്തെ ട്രാക്കിൽ മരവും വീടിന്റെ തകരഷീറ്റ് മേൽക്കൂരയും വീണ് ഗതാഗതം പാടെ നിലച്ചിരുന്നു. ഇവിടെനിന്ന് നാനൂറ് മീറ്റർമാത്രം അകലെയാണ് ചൊവ്വ രാവിലെ 7.15ഓടെ ട്രാക്കിലേക്ക് വീണ്ടും മരം മുറിഞ്ഞുവീണത്. മരങ്ങൾ പതിച്ച് റെയിൽവെ ട്രാക്കിലെ വൈദ്യുതി ലൈനും തകർന്നു. അപകടത്തെ തുടർന്ന് പതിനഞ്ചോളം ട്രെയിനുകൾ വിവിധ സ്ഥലങ്ങളിൽ പിടിച്ചിട്ടു. നാലുമണിക്കൂറോളം വൈകിയാണ് പല ട്രെയിനും യാത്ര തുടർന്നത്. വൈകിയ ചില ട്രെയിനുകൾ കോഴിക്കോട്ടുനിന്നും ഫറോക്കിൽനിന്നുമായി ഒറ്റലൈൻ പാതയിലൂടെ കടത്തിവിട്ടു.
റെയിൽപ്പാതയോട് ചേർന്നുള്ള നല്ലളം ഡീസൽ വൈദ്യുതി നിലയത്തിന്റെ പിൻവശത്തെ അക്വേഷ്യ, ബദാം എന്നീ വലിയ മരങ്ങളാണ് പാളത്തിലേക്ക് പതിച്ചത്.
മീഞ്ചന്ത അഗ്നിരക്ഷാസേനയും ബേപ്പൂർ, നല്ലളം പൊലീസും നാട്ടുകാരും ചേർന്നാണ് മരം മുറിച്ചുമാറ്റിയത്. ഇതിനൊപ്പം തിരൂർ, കൊയിലാണ്ടി എന്നിവിടങ്ങളിൽനിന്ന് റെയിൽവേയുടെ പ്രത്യേക ഒഎച്ച്ഇ ഇൻസ്‌പെക്ഷൻ കാറും ഇലക്ട്രിക്കൽ ട്രാക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ വിഭാഗവും എത്തി.
ട്രെയിനിൽ ഘടിപ്പിക്കുന്ന വൈദ്യുതി ലൈനുകളിലെ തകർന്ന ഭാഗങ്ങൾ മാറ്റി അതിവേഗം അറ്റകുറ്റപ്പണി പൂർത്തിയാക്കി. ചൊവ്വ രാവിലെ പത്തോടെ പാളത്തിലെ തടസ്സങ്ങൾ നീക്കി വൈദ്യുതി ലൈനുകളും പൂർവസ്ഥിതിയിലാക്കി. മന്ത്രി പി എ മുഹമ്മദ് റിയാസ്, കലക്ടർ സ്നേഹിൽ കുമാർ സിങ്, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ മാനേജർ സി കെ ഹരീഷ് എന്നിവർ സ്ഥലത്തെത്തി.
റെയിലോരങ്ങളിലെ അപകടം ഒഴിവാക്കാൻ ഉടൻ നടപടി: മന്ത്രി റിയാസ്
റെയിൽപ്പാതയോരങ്ങളിൽ ട്രെയിൻ ഗതാഗതത്തിനും പൊതുജനങ്ങൾക്കും അപകടമുണ്ടാക്കുംവിധത്തിലുള്ള മരങ്ങളും മറ്റു തടസ്സങ്ങളും ഒഴിവാക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. മാത്തോട്ടത്ത് റെയിൽപ്പാളത്തിൽ മരങ്ങളും വീടിന്റെ മേൽക്കൂരയും വീണ് ഗതാഗതം തടസ്സപ്പെട്ട സ്ഥലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
വിവിധ സ്ഥലങ്ങളിൽ പാതയോരത്തുള്ള മരങ്ങൾ അപകടഭീഷണി ഉയർത്തുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. കോഴിക്കോട് കോർപറേഷനിലെ ജനസാന്ദ്രതയേറിയ മാത്തോട്ടം, അരക്കിണർ, നല്ലളം മേഖലകളിൽ ജനങ്ങളുടെ സഞ്ചാരമാർഗം തടസ്സപ്പെട്ടതും വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ താലൂക്ക്, വില്ലേജ് തലത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കാൻ കലക്ടർക്ക് നിർദേശം നൽകി.
ഗതാഗതം പൂർവസ്ഥിതിയിലാക്കാൻ പ്രയത്നിച്ചവരെ മന്ത്രി അഭിനന്ദിച്ചു. കലക്ടർ സ്നേഹിൽ കുമാർ സിങ്, തഹസിൽദാർ പി എം പ്രേംലാൽ, കൗൺസിലർമാരായ ടി കെ ഷെമീന, വാടിയിൽ നവാസ്, മുൻ കൗൺസിലർ പി പി ബീരാൻ കോയ, ടി രാധാഗോപി തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായി.
മരം വീഴുന്നത് പതിവ്; വലഞ്ഞ് യാത്രക്കാര്‍
കോഴിക്കോട്
കനത്ത മഴയിലും കാറ്റിലും റെയിൽവേ ട്രാക്കിലേക്ക് മരംവീണ് ട്രെയിൻ ഗതാഗതം താറുമാറാകുന്നത് പതിവാകുന്നു. ഒരാഴ്ചക്കിടെ ജില്ലയിൽ മൂന്നിടത്താണ് റെയിൽവേ ട്രാക്കിൽ മരം കടപുഴകി വീണത്. കഴിഞ്ഞ ശനിയാഴ്ച നാദാപുരം റോഡിൽ റെയിൽവേ ട്രാക്കിൽ തെങ്ങ് വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടിരുന്നു. അതിന് പുറകെയാണ് കഴിഞ്ഞദിവസങ്ങളിലുണ്ടായ അപകടം.
വൈദ്യുതീകരണത്തിന്റെ ഭാഗമായി റെയിൽവേ ട്രാക്കിന് സമീപം നാല് മീറ്ററിനുള്ളിലുള്ള മരങ്ങൾ റെയിൽവേ വെട്ടിമാറ്റിയിരുന്നു. എന്നാൽ, ട്രാക്കിൽനിന്ന് മാറിയുള്ള മരങ്ങൾ കടപുഴകി വീഴുന്നതും ശക്തമായ കാറ്റിൽ ചില്ലകൾ പൊട്ടിവീഴുന്നതുമാണ് വെല്ലുവിളിയാകുന്നത്. കാലവർഷം തുടങ്ങിയതോടെ പാലക്കാട് ഡിവിഷനിൽ എല്ലാ ദിവസങ്ങളിലും മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെടുന്നുണ്ട്. അതിനാൽ, കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ പറ്റാതെ യാത്രക്കാർ നട്ടംതിരിയുകയാണ്. വടക്കൻ ജില്ലകളിൽനിന്ന് തിരുവനന്തപുരം ആർസിസിയിലേക്കുൾപ്പെടെ പോകുന്ന നിരവധി യാത്രക്കാർ ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. ഇവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. പുലർച്ചെയോടെ എത്താൻ കണക്കാക്കി ഇറങ്ങിയാലും ട്രെയിൻ ഗതാഗതം തടസ്സപ്പെടുന്നതുകൊണ്ട് ചികിത്സ മുടങ്ങുന്ന സ്ഥിതിയാണ്. പലരും കെഎസ്ആർടിസി ഉൾപ്പെടെ പകരം സംവിധാനങ്ങളിലാണ് യാത്ര തുടരുന്നത്.









0 comments