വീണ്ടെടുക്കാം 1554 ഹെക്ടർ തരിശുഭൂമിയെ
നെൽകൃഷിയിൽ പ്രതീക്ഷയുടെ പുതുകതിർ

പി കെ സജിത് കോഴിക്കോട് ജില്ലയിൽ നെൽകൃഷി ഗണ്യമായി കുറഞ്ഞെങ്കിലും വർഷംതോറും നേരിയ തോതിൽ വർധിക്കുന്നുവെന്നത് പ്രതീക്ഷയുടെ പുതുകതിരാവുന്നു. വിളകളിൽ ഏറ്റവുമേറെ ഭൂവിസ്‌തൃതി നെൽകൃഷിക്കാണെങ്കിലും പതിറ്റാണ്ടുകളായി നെല്ലിന്റെ വിസ്‌തൃതി ഗണ്യമായി കുറയുന്നുവെന്നാണ് പഠന റിപ്പോർട്ട്. നെല്ലുൽപ്പാദനത്തിൽ വർധനവുണ്ടാക്കാൻ തരിശുനിലങ്ങൾ നെൽകൃഷിയിലേക്ക് വീണ്ടെടുക്കുന്നതിനാണ് ജില്ലാ പഞ്ചായത്ത് ജലവിഭവ വികസന വിനിയോഗകേന്ദ്ര (സിഡബ്ല്യുആർഡിഎം)ത്തെ കൊണ്ട് പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. ജില്ലയിലാകെ 2165 ഹെക്ടർ നെൽപ്പാടവും 1554 ഹെക്ടർ തരിശുഭൂമിയുമാണുള്ളത്. ഉചിതമായ ഇടപെടൽ നടത്തിയാൽ ഇത് കൃഷിക്ക് കീഴിൽ കൊണ്ടുവരാൻ സാധിക്കും. അതിനുമുന്നോടിയായാണ് നിലവിലെ തരിശുനിലങ്ങൾ കണ്ടെത്തിയത്. നഗരവൽക്കരണംമൂലം കൃഷിഭൂമി വെട്ടിത്തെളിച്ചതും മറ്റു നാണ്യവിളകൾക്ക് മുൻഗണന നൽകിയതുമാണ് ജില്ലയിലെ നെൽകൃഷിയെ തളർത്തിയത്. 1985ൽ 18,750 ഹെക്ടറിൽ ഉണ്ടായിരുന്ന നെൽകൃഷി 2021ൽ 2097 ഹെക്ടറായി കുറഞ്ഞു. 90 ശതമാനത്തിന്റെ കുറവ്. ഏറ്റവുമധികം നെൽകൃഷിയുള്ളത് പേരാന്പ്ര ബ്ലോക്കിലാണ്. 475.36 ഹെക്ടർ. കുന്നമംഗലം, തോടന്നൂർ ബ്ലോക്കുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. കുറവ് വടകരയിലാണ് 31.42 ഹെക്ടർ. തരിശുനിലങ്ങളുടെ കാര്യത്തിലും പേരാന്പ്രയാണ് മുന്നിൽ. മേലടി, തോടന്നൂർ ബ്ലോക്കുകളാണ് തൊട്ടുപിന്നിൽ. കുറവ് തരിശുഭൂമിയുള്ളത് കൊടുവള്ളി ബ്ലോക്കിലാണ്. നെൽകൃഷി കൂടുതലുള്ളത് ചെറുവണ്ണൂർ (154.4 ഹെക്ടർ), വേളം (143.7 ഹെക്ടർ), പേരാന്പ്ര (115.8 ഹെക്ടർ), തിരുവള്ളൂർ (114.2 ഹെക്ടർ) ചങ്ങരോത്ത് (106. 6 ഹെക്ടർ) എന്നിവിടങ്ങളിലാണ്. തരിശുനിലങ്ങൾ കൂടുതലുള്ളത് ആയഞ്ചേരി (150.4 ഹെക്ടർ), തിക്കോടി (115.2 ഹെക്ടർ), ചെറുവണ്ണൂർ (108.0 ഹെക്ടർ), ചങ്ങരോത്ത് (89.5 ഹെക്ടർ), ചെങ്ങോട്ടുകാവ് (84.2 ഹെക്ടർ) എന്നിവിടങ്ങളിലാണ്. ഭൂരിഭാഗം പാടശേഖരങ്ങളിലും നേരിടുന്ന പ്രധാനപ്രശ്‌നം വെള്ളക്കെട്ടാണ്. ഇത് ഭൂമി തരിശായി ഉപേക്ഷിക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നു. കനാലുകൾ യഥാസമയം തുറക്കാത്തതും പ്രത്യേകിച്ചും പുഞ്ച സീസണിൽ ജലക്ഷാമ പ്രശ്‌നങ്ങൾക്കും കാരണമാകുന്നു. വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പ്രാദേശിക ഇനങ്ങളാണ് കൃഷിചെയ്യുന്നത്. വൈക്കോൽ വിളവിനായി ഇൗ ഇനങ്ങൾ കൃഷി ചെയ്യുന്നതിനാൽ ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വളരെകുറയുന്നുവെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.









0 comments