"അങ്കണവാടിയുടെ ഒരു ഭാഗ്യം !'
യുഡിഎഫിലെ ഗ്രൂപ്പ് പോര്: അങ്കണവാടി ഒരേദിവസം മൂന്ന് പേർ ഉദ്ഘാടനംചെയ്തു

കാരശേരി പഞ്ചായത്തിലെ നോർത്ത് കാരശേരി കമ്പളവൻ ഉമ്മാച്ച മെമ്മോറിയൽ അങ്കണവാടി കെട്ടിടം പഞ്ചായത്ത് അംഗം വി പി സ്മിത നാടമുറിച്ച് ഉദ്ഘാടനം ചെയ്യുന്നു
സ്വന്തം ലേഖകൻ മുക്കം ഒരേദിവസം മൂന്നുപേർ ഉദ്‌ഘാടനംചെയ്തതിന്റെ ‘ഭാഗ്യം’ ലഭിച്ചിരിക്കയാണ് നോർത്ത് കാരശേരി കമ്പളവൻ ഉമ്മാച്ച മെമ്മോറിയൽ അങ്കണവാടി കെട്ടിടത്തിന്. യുഡിഎഫിലെ രൂക്ഷമായ ഗ്രൂപ്പ് പോരിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പഞ്ചായത്ത് അംഗം എന്നിവരാണ് ഒരേദിവസം പലസമയങ്ങളിലായി അങ്കണവാടി കെട്ടിടം ഉദ്‌ഘാടനംചെയ്തത്. വൈദ്യുതിയും കുടിവെള്ളവും ഉൾപ്പെടെയുള്ളവ ലഭ്യമാക്കാതെയായിരുന്നു ഉദ്‌ഘാടകരാകാനുള്ള മത്സരം. കോൺഗ്രസുകാരിയായ ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ പരസ്യമായി അപമാനിച്ചായിരുന്നു ആദ്യ രണ്ട് ഉദ്ഘാടനങ്ങൾ. ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എത്തിച്ചേരില്ലെന്ന് ആളുകളെ പറഞ്ഞുപറ്റിച്ച് പഞ്ചായത്ത് മുൻ പ്രസിഡന്റും 17–ാം വാർഡ് അംഗവുമായ വി പി സ്മിതയാണ് ആദ്യം നാടമുറിച്ച് കെട്ടിടം ഉദ്ഘാടനംചെയ്തത്. ഇതിൽ നീരസമുണ്ടായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വരുന്നതിനുമുന്പ് ഫലകം നീക്കിയും ഉദ്ഘാടനംചെയ്തു. നാടമുറിച്ചും ഫലകംനീക്കിയും രണ്ടുപേർ ഉദ്ഘാടനംചെയ്ത് അൽപ്പസമയം കഴിഞ്ഞപ്പോൾ യഥാർഥ ഉദ്ഘാടകനായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവിയും എത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം എം എ സൗദ, പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ എന്നിവരും ഒപ്പമുണ്ടായി. ഇവർ വരില്ലെന്ന് പറഞ്ഞായിരുന്നു മറ്റ് രണ്ട് ഉദ്ഘാടനങ്ങൾ. രണ്ട് ഉദ്‌ഘാടനം നടന്ന കെട്ടിടം ഒടുവിൽ പ്രസിഡന്റിന്റെ വകയും ഉദ്‌ഘാടനം നടത്തി. ഒരേകെട്ടിടം ഏതാനും സമയങ്ങൾക്കകം മൂന്നുപേർ ഉദ്ഘാടനംചെയ്തതിന്റെ കൗതുകക്കാഴ്‌ച ആസ്വദിക്കാൻ നാട്ടുകാർക്കും അവസരം ലഭിച്ചു. സമൂഹമാധ്യമങ്ങളിലും വിഴുപ്പലക്കൽ മാരത്തൺ ഉദ്‌ഘാടനത്തിനുശേഷം സമൂഹമാധ്യമങ്ങളിലും പോര്. ബ്ലോക്ക് പഞ്ചായത്ത് അംഗം എ എം സൗദയും പഞ്ചായത്ത് അംഗം സ്മിതയുമാണ് സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി വിഴുപ്പലക്കിയത്. ഇതോടെ കാരശേരിയിലെ യുഡിഎഫ് ഭരണസമിതിയും നേതാക്കളും അപഹാസ്യരായി. പിന്നീട്, ആദ്യ രണ്ട് ഉദ്ഘാടനങ്ങളുടെ ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഉദ്ഘാടനചിത്രം മാത്രം പോസ്റ്റുചെയ്‌തു. ഇതെല്ലാം അങ്ങാടിപ്പാട്ടായിട്ടും "ഉത്സവാന്തരീക്ഷത്തിൽ അങ്കണവാടി കെട്ടിടം ഉദ്ഘാടനംചെയ്‌തെന്ന്’ മാധ്യമങ്ങളിലൂടെ വാർത്തയും നൽകി. തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ ഉദ്ഘാടനം നടത്തിയതിലും ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ വിളിച്ചുവരുത്തി അപമാനിച്ചതിലും എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിച്ചു.









0 comments