ഇന്ന് വായനദിനം
മിഴിയാകാൻ മൊഴികളുമായി വിജ്ഞാനദീപം

സുരേഷ് വെട്ടുകാട്ട്
Published on Jun 19, 2025, 12:30 AM | 2 min read
കരുനാഗപ്പള്ളി
കാഴ്ചപരിമിതി വായന ആസ്വാദനത്തിന് തടസ്സമാകില്ലെന്ന് തെളിയിക്കുകയാണ് വിജ്ഞാനദീപം ഓഡിയോ ലൈബ്രറി. പദ്ധതി ഇതുവരെ മൂന്നുലക്ഷത്തോളം പേർക്ക് അക്ഷരവെളിച്ചമായി കഴിഞ്ഞു. സമൂഹമാധ്യമങ്ങളായ ടെലഗ്രാം, വാട്‌സാപ് എന്നിവ പ്രയോജനപ്പെടുത്തി 2019ൽ ആണ് ലൈബ്രറി ആരംഭിച്ചത്. കാസർകോട് സ്വദേശി റൗഫ് മാണിക്കോത്ത് എന്ന ചെറുപ്പക്കാരന്റെ ആശയമാണ് പ്രാവർത്തികമായത്. "വേൾഡ് ഓഫ് ലൈറ്റ്’ എന്ന പേരിൽ ഏഴുപേരുള്ള വാട്‌സാപ് ഗ്രൂപ്പായിട്ടാണ് തുടക്കം. തുടർന്ന് 50 അംഗങ്ങളും അഞ്ച് വളന്റിയേഴ്സുമായി സജീവമായി. ചെറുകഥകളും ലഘുലേഖനങ്ങളും ശബ്ദരൂപത്തിലാക്കി. ശേഷം ടെലഗ്രാമിലൂടെ വോയിസ് ക്ലിപ്പുകളെ ഒരുമിച്ചാക്കി പുസ്തകങ്ങളാക്കി മാറ്റി ലൈബ്രറിതന്നെ രൂപീകരിച്ചു. നിലവിൽ പുസ്തകങ്ങളും ആനുകാലികങ്ങളും ദിനപത്രങ്ങളും വായിച്ചുനൽകാനും മറ്റുമായി 400 വളന്റിയേഴ്സുള്ള കൂട്ടായ്മ കേരളത്തിലെ വലിയ ഓഡിയോ ലൈബ്രറിയാണ്. അയ്യായിരത്തോളം ശ്രവ്യപുസ്തകങ്ങൾ അടങ്ങിയ വ്യത്യസ്ത ശാഖകളുണ്ട്. തിരുവനന്തപുരം സ്വദേശി ലതാകുമാരി, കരുനാഗപ്പള്ളിയിൽ അധ്യാപകനായിരുന്ന തൃശൂർ സ്വദേശി കെ എൻ യശോധരൻ എന്നിവരടങ്ങുന്ന ടീമാണ് ദേശാഭിമാനി ശബ്ദരൂപത്തിലാക്കുന്നത്. അക്ഷരമുറ്റം, വാരാന്തപ്പതിപ്പ്, പംക്തികൾ എന്നിവയും വ്യത്യസ്ത ഓഡിയോ രൂപങ്ങളാക്കുന്നു. പുലർച്ചെ 4:30മുതൽ പ്രവർത്തിക്കുന്ന ന്യൂസ് റൂം ചാനലാണ് ഇതിനു പിന്നിൽ. ഒടുവിൽ സീതാറാം യെച്ചൂരിയെക്കുറിച്ച് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി രചിച്ച പുസ്തകവും ഓഡിയോയാക്കി. മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങൾക്കായി പ്രത്യേകം ലൈബ്രറികളാണുള്ളത്. കാഴ്ചപരിമിതരായ അധ്യാപകർക്ക് പഠനസാമഗ്രികളും സജ്ജമാണ്. സ്റ്റുഡന്റ്‌സ് ലൈബ്രറിയും പ്രവർത്തിക്കുന്നു. അമേരിക്കൻ വനിതാ മലയാളി കൂട്ടായ്മയായ പുണ്യം ചാരിറ്റബിൾ ഓർഗനൈസേഷന്റെ സ്പോൺസർഷിപ്പിൽ നാലാം ക്ലാസ് മുതൽ ഹയർ സെക്കൻഡറി തലംവരെയുള്ള കുട്ടികൾക്കായി 10,000 രൂപയുടെ ലിറ്റിൽ സ്കോളർഷിപ് പദ്ധതിയും നടപ്പാക്കിവരുന്നു. ക്യാമ്പസ് എൻഎസ്എസ് യൂണിറ്റുകൾ, റീഡേഴ്സ് സ്ക്വയറുകൾ, എൻജിഒകൾ എന്നിവയുമായി സഹകരിച്ച് മിഴിയാകാൻ മൊഴികൾ ക്യാമ്പയിനുമുണ്ട്. മാനസികോല്ലാസത്തിനും ആശയസംവാദത്തിനുമായി പ്രവർത്തനം തുടരുമെന്ന് സംഘാടകരായ സന്തോഷ് കുമാർ കരുനാഗപ്പള്ളി, ഷുഹൈബ് മലപ്പുറം എന്നിവർ പറഞ്ഞു. ഫോൺ: 8281572715, 9895677447. വായന വളർത്താൻ വായനോത്സവം വ്യത്യസ്ത വിഷയങ്ങളെ വായനക്കാരിലേക്ക് എത്തിക്കുക, സാഹിത്യരചനകൾക്ക് കാഴ്ചപരിമിതരെ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ വിദ്യാലയങ്ങൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് വിജ്ഞാനദീപം വായനോത്സവം. അംഗങ്ങൾക്കായി പ്രതിമാസ വായനാധിഷ്ഠിത പരിപാടികളുമുണ്ട്. വിജയികൾക്ക് സമ്മാനങ്ങളും ഉറപ്പാക്കുന്നു.









0 comments