പോറ്റമ്മമാരുടെ കരുതലിൽ 
102 കുഞ്ഞുമക്കൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ജിഷ്ണു മധു

Published on Jan 21, 2025, 01:59 AM | 1 min read

കൊല്ലം

വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള ഫോസ്റ്റർ കെയർ (പോറ്റി വളർത്തൽ)പദ്ധതി 2015മുതൽ ഇതുവരെ 102കുട്ടികളുടെ ജീവിതത്തിൽ വെളിച്ചമായി. സ്വന്തം കുടുംബത്തിൽ നിർത്താനോ ദത്തു കൊടുക്കാനോ കഴിയാത്ത കുട്ടികളെ താൽക്കാലികമായി മറ്റൊരു കുടുംബത്തിൽ പാർപ്പിക്കാൻ അനുവദിക്കുന്നതാണ്‌ പദ്ധതി. കഴിഞ്ഞ വർഷം 19കുരുന്നുകൾക്ക്‌ ഇതിലൂടെ കരുതൽ ലഭിച്ചു. വിവിധ കാലയളവിലിലേക്കാണ് കുട്ടികളെ സംരക്ഷിക്കാൻ നൽകുന്നത്. അപേക്ഷകന്റെ കുടുംബ സാഹചര്യം, സമ്പത്തിക സാമൂഹിക –-പശ്ചാത്തലം എന്നിവ നേരിട്ടെത്തി വിലയിരുത്തിയശേഷമാണ് വിട്ടുനൽകുക. രണ്ടുവർഷത്തിലധികം കുട്ടിയെ ഫോസ്റ്റർ കെയറിലൂടെ ഏറ്റെടുത്തവർക്ക് ദത്തെടുക്കൽ സമയത്ത് പ്രത്യേക പരിഗണനയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്‌ ഉറപ്പാക്കും. ദത്തെടുക്കൽ എന്നാൽ, നിയമപരമായി എല്ലാ അവകാശങ്ങളോടുംകൂടി കുട്ടിയെ സംരക്ഷിക്കുന്നതിനായി ഏറ്റെടുക്കുക എന്നതാണ്. വിവിധ പ്രവർത്തനങ്ങളും ഏകോപനവും കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പാക്കാൻ ജില്ലാ ശിശുസംരക്ഷണ ഓഫീസ് വിവിധങ്ങളായ പ്രവർത്തനങ്ങളാണ്‌ ഏകോപിപ്പിക്കുന്നത്‌. 24 മണിക്കൂറും പ്രവർത്തിക്കുന്ന 1098എന്ന ടോൾഫ്രീ നമ്പരിൽ കുട്ടികളുമായി ബന്ധപ്പെട്ട ഏത് പ്രശ്നവും ആർക്കും അറിയിക്കാവുന്നവിധം ചൈൽഡ് ഹെൽപ്പ് ലൈനും സജ്ജമാണ്‌. ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ലഭ്യമാക്കുന്ന ധനസഹായപദ്ധതി വിജ്ഞാനദീപ്‌തിയുണ്ട്‌. ഇത്‌ കുടുംബത്തോടൊപ്പം നിൽക്കാൻ കുട്ടിയെ സഹായിക്കുന്നു. മാസം 2000രൂപ വീതമാണ്‌ ലഭ്യമാക്കുന്നത്‌. ജില്ലയിൽ ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്ത 49സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്‌. സ്പെഷ്യൽ അഡോപ്ഷൻ ഏജൻസി, ഗവ. ഒബ്സർവേഷൻ ഹോം, ഗവ. ചിൽഡ്രൻസ് ഹോം എന്നിവയും ഭിന്നശേഷി കുട്ടികൾക്കായി നാലു ഹോമും ഇതിൽ ഉൾപ്പെടുന്നു. ബാലവേല, ബാലഭിക്ഷാടനം, ബാലചൂഷണം എന്നിവ തടയാനുള്ള ശരണ ബാല്യം, നിയമവുമായി പൊരുത്തപെടാത്ത കുട്ടികളെ അവരുടെ വീടുകളിൽതന്നെ നിർത്തിയുള്ള പഠനം, കൗൺസലിങ്, ലൈഫ്സിൽ, പേരന്റിങ് കൗൺസിലിങ് എന്നിവ നൽകുന്ന കേരളത്തിൽ മാത്രമുള്ള പദ്ധതിയായ കാവൽപദ്ധതിയും നടപ്പാക്കുന്നത്‌ യൂണിറ്റ്‌ മുഖേനയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home