Deshabhimani

സുർജിത്‌ ഭവന്റെ 
കരുതലിലേറി ഗൗരിയെത്തി

ഗൗരിയും സുഹൃത്തുക്കളും റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ
(ഇരിക്കുന്നത് ഗൗരി)
avatar
സുരേഷ്‌ വെട്ടുകാട്ട്‌

Published on May 15, 2025, 01:27 AM | 1 min read

കരുനാഗപ്പള്ളി

‘ആശങ്കയുടെ ആ നിമിഷങ്ങൾ ഇപ്പോഴും മറക്കാനാകുന്നില്ല. കഴിഞ്ഞ എട്ടിന് രാത്രി പഞ്ചാബിലെ കോളേജ് ക്യാമ്പസിന്റെ മുകളിലൂടെ ഡ്രോൺ കടന്നുപോയതോടെ എല്ലാവരും ഭയചകിതരായി. എന്തും സംഭവിച്ചേക്കാവുന്ന അവസ്ഥ. നാട്ടിൽനിന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആശങ്ക കലർന്ന അന്വേഷണങ്ങൾ. വേഗത്തിൽ നാട്ടിലേക്ക് എത്താനുള്ള വഴികളാണ്‌ പിന്നീട്‌ നോക്കിയത്‌’–- പഞ്ചാബ്‌ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ഒന്നാംവർഷ പിജി വിദ്യാർഥി കുലശേഖരപുരം നീലികുളം തിരുവോണം വീട്ടിൽ ഗൗരി എസ് കുമാറിന്റെ വാക്കുകളിൽ യുദ്ധഭീതിയിൽനിന്ന്‌ രക്ഷപ്പെട്ടതിന്റെ ആശ്വാസം. തനി ഗ്രാമീണ സാഹചര്യം ഉള്ള ഗുദ്ദാമെന്ന പ്രദേശത്താണ് യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്. യഥാർഥത്തിൽ ആ പ്രദേശത്ത് യുദ്ധത്തിന്റെ ഒരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. പക്ഷേ, യുദ്ധസാഹചര്യം കടുത്തതോടെ നാട്ടിൽനിന്ന് ബന്ധുക്കളുടെ അന്വേഷണങ്ങൾ എത്തി. ഇതോടെ വിദ്യാർഥികളെല്ലാം ആശങ്കയിലായി. പാകിസ്ഥാന്റെ കടന്നാക്രമണത്തെ പ്രതിരോധിച്ച ഡ്രോണുകളിൽ ഒന്നാണ് രാത്രിയിൽ കണ്ടത്. ബ്ലാക്ക് ഔട്ട് കൂടിയായതോടെ വിദ്യാർഥികളിൽ പലരും നാട്ടിലേക്ക് തിരിച്ചു. ഒരു ദിവസം കൂടി ക്യാമ്പസിൽ കഴിഞ്ഞെങ്കിലും എവിടേക്കും പോകാൻ കഴിയാത്ത അവസ്ഥ. മെസും വർക്ക് ചെയ്യില്ലെന്ന്‌ അറിയിച്ചതോടെ നാട്ടിലേക്ക് പോകാൻ തീരുമാനിച്ചു. അങ്ങനെ ഡൽഹിയിലെത്തി. ഞങ്ങൾക്കു മുന്നേ ഡൽഹിയിലെത്തിയ വിദ്യാർഥികളുടെ സംഘങ്ങളെല്ലാം കേരള ഹൗസിലും വിവിധ സ്ഥലങ്ങളിലുമായാണ് തങ്ങിയിരുന്നത്. ഞങ്ങൾക്ക്‌ താമസിക്കാൻ സൗകര്യം ഒരുക്കിയത്‌ സിപിഐ എം പഠനഗവേഷണകേന്ദ്രമായ സുർജിത്‌ ഭവനിലായിരുന്നു. 40 പേർ അടങ്ങുന്ന ഞങ്ങളുടെ സംഘത്തെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കി പാർടി സഖാക്കളും എസ്എഫ്ഐ പ്രവർത്തകരും വരവേറ്റു. ഭക്ഷണവും ഉറങ്ങാനും മറ്റുമുള്ള എല്ലാ സൗകര്യങ്ങളും അവിടെ ഒരുക്കി. നാട്ടിലേക്കുള്ള ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തതു നൽകി. ഞങ്ങളെ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. ഭയാശങ്കകളുമായി എത്തിയ ഞങ്ങൾക്ക് സുർജിത്‌ ഭവനിൽ നൽകിയ കരുതൽ മറക്കാനാകില്ല. ഞായറാഴ്ച ട്രെയിൻകയറി ചൊവ്വ രാത്രിയോടെ കായംകുളത്ത്‌ എത്തി. ദിനേശിന്റെയും ശ്രീകലയുടെയും ഇളയമകളാണ്‌ ഗൗരി. സഹോദരി ലക്ഷ്മി പിഎച്ച്ഡി വിദ്യാർഥിയാണ്.



Tags
deshabhimani section

Related News

View More
0 comments
Sort by

Home