കരുനാഗപ്പള്ളിയിൽ ഒരു പപ്പായ വിപ്ലവം

സുരേഷ് വെട്ടുകാട്ട്
Published on Jul 08, 2025, 09:42 PM | 1 min read
കരുനാഗപ്പള്ളി
ആരോഗ്യം മെച്ചപ്പെടുത്തുന്നതിൽ നിർണായക പങ്കാണ് പപ്പായയ്ക്കുള്ളത്. എന്നാൽ, പപ്പായക്കൃഷി ജീവിതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് എങ്ങനെയെന്ന് നാടിനെ അറിയിക്കുകയാണ് കരുനാഗപ്പള്ളിയിലെ ദമ്പതികൾ. കുലശേഖരപുരം ആദിനാട് വടക്ക് പഞ്ചായത്ത് ഓഫീസിനു സമീപം സൗപർണികയിൽ വിമുക്തഭടൻ വിക്രമൻ–- അജിത ദമ്പതികളാണ് പപ്പായക്കൃഷിയിൽ വിജയഗാഥ രചിക്കുന്നത്. ഒരുവർഷം മുമ്പ് കൃഷിഭവനിൽ ആരും വാങ്ങാതെ അധികം വന്ന പപ്പായത്തൈ ഏറ്റെടുത്ത് തങ്ങളുടെ ഉടമസ്ഥതയിലുള്ള 10സെന്റ് ഭൂമിയിൽ കൃഷി ആരംഭിച്ചു. ആറുമാസം കഴിഞ്ഞതോടെ വിളവെടുക്കാൻ പാകത്തിൽ നിറയെ പപ്പായ. ഭാവിയിൽ വലിയ പ്രാധാന്യവും ആവശ്യക്കാരും ഉണ്ടാകുമെന്ന ചിന്ത തുടക്കസമയത്ത് ഇരുവർക്കുമുണ്ടായിരുന്നില്ല. ആദ്യഘട്ടത്തിൽ ചെറിയതോതിൽ വിൽപ്പന നടന്നെങ്കിൽ ഇപ്പോഴെത്തുന്ന ആവശ്യക്കാർക്ക് ഉൽപ്പന്നം കൊടുക്കാൻ കഴിയാത്ത തിരക്കാണെന്ന് വിക്രമനും അജിതയും പറഞ്ഞു. ഒരെണ്ണത്തിന് രണ്ടരമുതൽ മൂന്നുകിലോ വരെ തൂക്കമുണ്ടാകും. കിലോക്ക് 50രൂപ വിലയ്ക്കാണ് കച്ചവടം. ഇതിനകം രണ്ടുകിന്റലോളം വിൽപ്പന നടത്താനായി. പപ്പൈൻ എന്ന പ്രോട്ടിയസ് എൻസൈമിനാൽ സമൃദ്ധമായ പച്ച പപ്പായ യൂറിക് ആസിഡിനും മറ്റും ഗുണകരമാണ്. ദഹനസംബന്ധിയായ അസ്വസ്ഥതകൾക്കു പരിഹാരമായി പപ്പൈൻ അടങ്ങിയ ഔഷധങ്ങൾ ധാരാളമായി വിപണിയിലുണ്ട്. അതിനാൽ ഇവയുടെ വ്യാപാരമൂല്യം ഏറെയാണ്. ശരീരത്തിന് ആവശ്യമായ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. പോളിക് ആസിഡ്, ആൽക്കലോയിഡ്, ഗ്ലൈക്കോസ്റ്റെഡ്, വിറ്റാമിൻ- സി, വിറ്റാമിൻ -എ, ഇരുമ്പ്, കാത്സ്യം, തയാമിൻ, നിയാസിൻ, പൊട്ടാസ്യം മുതലായവയും കൂടുതലായി അടങ്ങിയിരിക്കുന്നു. കരോട്ടിൻ, ബീറ്റ കരോട്ടിൻ എന്നിവയുമുള്ളതിനാൽ അർബുദത്തെ പ്രതിരോധിക്കുവാൻ സഹായിക്കുന്നു.പഴുത്തുകഴിഞ്ഞാൽ ഐസ്ക്രീമിലും ബേക്കറി ഉൽപ്പന്നങ്ങളിലും ഉപയോഗിക്കുന്ന മധുര പദാർഥമാണിത്. പച്ച പപ്പായ ചെറുകഷണങ്ങളാക്കി നിറവും മധുരവും ചേർത്ത് സംസ്കരിച്ച് തയ്യാറാക്കുന്ന ടൂട്ടി-ഫ്രൂട്ടിക്കും ആരാധകരേറെയാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ വിളവെടുക്കാം. 35–-45 കിലോ വരെ ഓരോ തവണയും ലഭിക്കും. വെള്ളക്കെട്ട് വരാതെ നോക്കണമെന്നത് പ്രധാനം. പപ്പായ കൂടാതെ ചീര, വെണ്ടയ്ക്ക, തക്കാളി, പച്ചമുളക് തുടങ്ങിയ കൃഷിയും രണ്ടാൾക്കുമുണ്ട്. ആദ്യ പരീക്ഷണം വിജയിച്ചതോടെ കൃഷി വിപുലപ്പെടുത്താനാണ് ഇവരുടെ തീരുമാനം.









0 comments