ഇൻഡസ്‌ട്രി ഓൺ ക്യാമ്പസ് ആണോ
പ്ലേസ്‌മെന്റ് ഉറപ്പ്

സുരേഷ് വെട്ടുകാട്ട്
Published on Jun 12, 2025, 12:24 AM | 1 min read
കരുനാഗപ്പള്ളി
പഠനത്തിൽ മാത്രമല്ല തൊഴിൽ നേടുന്നതിലും മികവുകാട്ടി ഒരു കലാലയം. പഠനത്തിലും പ്ലേസ്‌മെന്റിലും 100 ശതമാനം വിജയം നേടി അക്ഷരമുത്തശ്ശിയും തൊഴിൽദാതാവുമായി തലഉയർത്തി കരുനാഗപ്പള്ളി മോഡൽ പോളി. ഐഎച്ച്ആർഡിയുടെ കീഴിലുള്ള കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക്കിൽ 2025 ൽ പഠനം പൂർത്തിയാക്കിയ നൂറുശതമാനം കുട്ടികൾക്കും മികച്ച കമ്പനികളിൽ പ്ലേസ്‌മെന്റ് ലഭിച്ചു. വിപ്രോ, കേഡൻസ്, ഇൻഫോസിസ്, സ്റ്റൈഡർ ഇലക്ട്രിക്, ടാറ്റാ ഇലക്ട്രോണിക്സ്, ടിവോൾട്ട്, അപ്പോളോ ടയേഴ്‌സ്, അശോക് ലേയ്‌ലാൻഡ് എൽജിബി, ക്വിസ് കോർപ് തുടങ്ങിയ 25 ഓളം കമ്പനികളിലാണ് കുട്ടികൾക്ക് പ്ലേയ്സ്‌മെന്റ് ലഭിച്ചത്. ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, കംപ്യൂട്ടർ, കമ്പ്യൂട്ടർ ഹാർഡ് വെയർ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എന്നിങ്ങനെ ആറ് ബ്രാഞ്ചാണുള്ളത്. പഠനോത്തോടൊപ്പം വ്യവസായ പരിശീലനവും നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയിൽ രണ്ട് തൊഴിൽ സംരംഭങ്ങളും പോളിയിലുണ്ട്. ഇൻവെർട്ടർ, സ്റ്റെബിലൈസർ നിർമാണം, വെബ് ഡിസൈൻ തുടങ്ങിയ പ്രവർത്തനങ്ങളുമാണ് ഇതിന്റെ ഭാഗമായി നടക്കുന്നത്. കോളേജിൽ പ്രവർത്തിക്കുന്ന പ്രൊഡക്ഷൻ ആൻഡ് മെയിന്റനൻസ് വിഭാഗം കേടായ ഉപകരണങ്ങൾ മെയിന്റനൻസ് ചെയ്ത് നൽകും. ഇഡസ്ട്രി ഓൺ ക്യാമ്പസ്, പ്രൊഡക്‌ഷൻ ആൻഡ് മെയിന്റനൻസ് പദ്ധതികളുടെ ഭാഗമായി പ്രവൃത്തി പരിചയവും മെച്ചപ്പെട്ട വരുമാനവും കുട്ടികൾക്ക് നേടാൻ അവസരം ലഭിക്കുന്നതായി പ്രിൻസിപ്പൽ ജി മനോജ്, പ്ലേസ്‌മെന്റ് ഓഫീസർ എസ് ദീപ്തി എന്നിവർ പറയുന്നു. ഈ വർഷത്തെ ഡിപ്ലോമ കോഴ്‌സിലേക്കുള്ള പ്രവേശന നടപടി ആരംഭിച്ചിട്ടുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 12 ആണ്. www.polyadmission.org എന്ന സൈറ്റ് വഴി അപേക്ഷിക്കാം. മോഡൽ പോളിടെക്‌നിക്കിലെ ഹെൽപ്പ് ഡസ്ക് വഴി സൗജന്യമായി രജിസ്ട്രേഷൻ നടത്താം. പഠനമികവിൽ തുടർച്ചയായി വിജയം നേടുന്നതിനൊപ്പം ജോലി സാധ്യതയും ഉറപ്പുനൽകി വേറിട്ട മാതൃക തീർക്കുകയാണ് ഈ കലാലയം. ഇൻഡസ്‌ട്രീ ഓൺ ക്യാമ്പസ് പദ്ധതി മന്ത്രി ആർ ബിന്ദു കുട്ടികൾക്കായി തുറന്നുനൽകിയത്.









0 comments