പ്രതീക്ഷയുടെ പുതുവിത്തുകൾ

അനിൽകുമാർ ഡ്രാഗൺഫ്രൂട്ട് തോട്ടത്തിൽ
പി ആർ ദീപ്‌തി
Published on Nov 17, 2025, 12:47 AM | 2 min read
കൊല്ലം
ഹരിതതീർഥം പദ്ധതി എങ്ങനെ കർഷകർക്ക് ആത്മവിശ്വാസമേകുന്നു എന്നതിന്റെ മാതൃകയാണ് ഉളവുകോട് വാക്കനാട് അക്ഷിതാ ഭവനിൽ വി കെ അനിൽകുമാറിന്റെ കൃഷിയിടം. അതിർത്തികൾ അടഞ്ഞാൽ അന്നംമുട്ടുമെന്ന് കളിയാക്കുന്നവർക്ക് മറുപടിയാകുകയാണ് ഈ കരീപ്രക്കാരൻ. ഏലായ്‌ക്കരികിലെ കരത്തോട്ടിലൂടെ കുത്തിയൊഴുകുന്ന ഹരിതതീർഥം തന്നെപ്പോലെയുള്ള നിരവധി കർഷകരിൽ പ്രതീക്ഷയുടെ പുതുവിത്തുകളാണ് മുളപൊട്ടിക്കുന്നതെന്ന് ഇദ്ദേഹം പറയുന്നു. വർഷങ്ങളായി ഒരേക്കറിലായിരുന്നു കൃഷി. എന്നാൽ, പലപ്പോഴും വെള്ളമില്ലാതെ കൃഷിയിറക്കാനാകാത്ത അവസ്ഥയായിരുന്നു. ‘വെയിൽ കൊണ്ടാലേ കൊടി തിരിയിടൂ’ എന്നാണ് ചൊല്ല്, എന്നാൽ, ഏറെ ആശ്രയിച്ചിരുന്ന കുരുമുളക് കൊടികൾ തന്നെ കൊടുംചൂടിൽ ഉണങ്ങിപ്പോയി. ആഴ്ചയിലൊരു നനയെങ്കിലും കൊടുത്താലേ കൊടി പിടിച്ചുനിൽക്കൂ. അങ്ങനെയാണ് ഏലായോട് ചേർന്ന് കിണർ കുഴിച്ചത്. കരത്തോട്ടിലൂടെ മഴക്കാലത്ത് ഒഴുകിയെത്തിയിരുന്ന വെള്ളമാണ് ഇൗ കിണറിനെയും ഇൗറനണിയിച്ചത്. കിണറ്റിൽ പന്പ്‌വച്ചായിരുന്നു ജലസേചനം. അതുവഴി വൈദ്യുതി ഇനത്തിലും വൻ തുക അടയ്‌ക്കേണ്ടി വരുമായിരുന്നു. വേനലിൽ വറ്റുന്ന കിണറ്റിൽ അൽപ്പമെങ്കിലും വെള്ളം ഉൗറിവരാൻ ഒരു ദിവസം എടുക്കുമായിരുന്നു. എന്നാൽ, ഹരിതതീർഥം വന്നതോടെ പൊള്ളുന്ന വേനലിന്റെ പിടിയിൽനിന്ന് കൃഷിയിടം മോചിതമായി. കരത്തോടും കിണറും എപ്പോഴും നിറഞ്ഞ് തുളുന്പുന്നു. 10–15മീറ്റർ താഴ്‌ചയിൽ വെള്ളം ഒഴുകുന്നുണ്ട്. ഒരു കൃഷിയും മാറ്റിവയ്‌ക്കേണ്ട, ഇപ്പോൾ എന്ത് കൃഷിയാണില്ലാത്തത് എന്നുമാത്രം ചോദിച്ചാൽ മതി’അനിൽകുമാർ പറയുന്നു. അതേ, ഇവിടെ ഇല്ലാത്ത കൃഷി ഒന്നുമില്ല. റെഡ്‌ലേഡി പപ്പായ, ഡ്രാഗൺഫ്രൂട്ട്, അബിയു, പേര, തെങ്ങ്, അടയ്‌ക്ക, പ്ലാവ്, കുരുമുളക്, ചേന, ചേന്പ്, കാച്ചിൽ, പച്ചമുളക്, പയർ, വഴുതന, വെറ്റില, എന്നിവയടക്കമുള്ളവയുടെ വിളനിലമാണിവിടം. നൂറുകണക്കിന് കുരുമുളകു ചുവടുകളും ഡ്രാഗൺ ചെടികളും അബിയുവുമാണ് മുഖ്യ കൃഷി. ഇതിനിടയിൽ ഇടവിളകളും. ഇങ്ങനെ പാടമാകെ ഹരിതശോഭ തിളങ്ങുന്പോൾ, വയൽച്ചേറിൻ മിടിപ്പറിയുന്ന അനിൽകുമാറിന്റെ മനംനിറയെ ആഹ്ലാദം. ‘പച്ചക്കറികൾക്കും വെറ്റിലയ്‌ക്കും എപ്പോഴും വേണം വെള്ളം. ആഴ്‌ചയിൽ അഞ്ചുകിലോ പച്ചമുളകാണ് ഞാൻ വിപണിയിൽ എത്തിക്കുന്നത്. കർഷകരുടെ കണ്ണീരിറ്റുവീണ പാടങ്ങളിലാണ് സമൃദ്ധി തളിരിടുന്നത്. കൃഷി തിരികെയെത്തിയതോടെ പിൻമാറിയ കർഷകരും വിത്തിറക്കിത്തുടങ്ങി. അവരുടെ സാമ്പത്തിക ഭദ്രതയും ഉറപ്പായി. മാസം ഏഴുപതിനായിരം രൂപയുടെ വരുമാനമാണ് ഇൗ പാടം തരുന്നത്. കൃഷിയിൽ നിന്നുള്ള വരുമാനം മാത്രമാണ് കുടുംബത്തിനെ നയിക്കുന്നത്. ഹരിതതീർഥമാണ് അതിനു വഴികാട്ടിയെന്നും പറയുന്ന ഇദ്ദേഹം പദ്ധതിയുടെ ചില പോരായ്‌മയും ചൂണ്ടിക്കാട്ടുന്നു. ക്വാറിയിൽ നിന്നും വെള്ളം ഒഴുകിയെത്തുന്ന കരത്തോടുകൾ ഇടയ്‌ക്ക് ഇടിഞ്ഞുകിടക്കുന്നുണ്ട്. അതുവഴി വെള്ളവും എക്കലും ഏലാകളിലേക്ക് ഒലിച്ചിറങ്ങുന്നു. തോടുകൾക്ക് സംരക്ഷണ ഭിത്തി നിർമിച്ച് അതൊഴിവാക്കാം. പുതിയ മോട്ടോർ സ്ഥാപിച്ചാൽ ആറു വാർഡുകളിൽ കൂടുതൽ പച്ചവിരിയും. കർഷക കുടുംബങ്ങളിലെ പുതുതലമുറ ഉൾപ്പെടെ കൂടുതൽ പേർ മണ്ണിലിറങ്ങും. നെൽക്കൃഷിയും തുടങ്ങും ഞങ്ങൾ തയ്യാറാണ്, അനിൽകുമാർ പറഞ്ഞു. (കുടിവെള്ളക്ഷാമമില്ല, വെള്ളം കണ്ടാൽ മനം കുളിർക്കും, അതേക്കുറിച്ച് നാളെ)









0 comments