സഖാവിനൊപ്പം എത്തുന്ന കുട്ടി സംഘത്തിൻ്റെ തലവൻ

പത്മാവതി

എൻ ശ്രീധരന്റെ ഭാര്യ പത്മാവതി

avatar
സുരേഷ്‌ വെട്ടുകാട്ട്‌

Published on Apr 07, 2025, 05:42 PM | 3 min read

കരുനാഗപ്പള്ളി : ഞായറാഴ്ച ഉച്ചയോടെ ടെലിവിഷൻ സ്ക്രീനുകളിൽ എം എ ബേബി സിപിഐ എം ജനറൽ സെക്രട്ടറി എന്ന ഫ്ലാഷ് ന്യൂസ് വന്നു തുടങ്ങിയപ്പോൾ മുതൽ അതീവ സന്തോഷത്തിലാണ് എൻ ശ്രീധരന്റെ ഭാര്യ പത്മാവതി ടീച്ചർ. കുലശേഖരപുരം പുളിനിൽക്കും കോട്ടയിലുള്ള വീട്ടിലിരുന്ന് ടെലിവിഷനിൽ പാർട്ടി കോൺഗ്രസ് തീരുമാനം കണ്ട് ടീച്ചർ പറഞ്ഞു "സഖാവിനൊപ്പം ഉണ്ടായിരുന്ന കുട്ടി സംഘത്തിൻ്റെ തലവനായിരുന്നു ബേബി സഖാവ്.അദ്ദേഹം പാർട്ടിയുടെ ഉന്നത നേതൃത്വത്തിലേക്ക് എത്തുമ്പോൾ അടക്കാനാവാത്ത സന്തോഷമാണുള്ളത്. "


മധ്യതിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച എൻ ശ്രീധരൻ എന്ന എൻഎസിന്റെ സഹധർമ്മിണിക്ക് ബേബി സഖാവ് എന്നാൽ വീട്ടിലെ ഒരു അംഗത്തെ പോലെയാണ്. എൻഎസിന് ശേഷം കുടുംബത്തിൽ നിന്ന് ഒരാൾ പാർട്ടി നേതൃത്വത്തിലേക്ക് വന്നതുപോലെ എന്ന തോന്നലാണ്. പഴയ കാലത്തെ അനുഭവങ്ങൾ ടീച്ചർ ഓർത്തെടുത്തു. വിദ്യാർത്ഥി യുവജന സംഘടന പ്രവർത്തകനായിരുന്ന എം എ ബേബി ഉൾപ്പെടെയുള്ളവരുടെ പ്രിയപ്പെട്ട നേതാവായിരുന്നു എൻ എസ്. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരിക്കെ വിദ്യാർത്ഥി സംഘടന ചുമതല എൻ എസിനായിരുന്നു.


അക്കാലത്താണ് ബേബി എസ്എഫ്ഐയുടെ സംസ്ഥാനത്തെയും ദേശീയ തലത്തിലെയും അധ്യക്ഷനായി ഉൾപ്പെടെ പ്രവർത്തിച്ചത്. ആലപ്പുഴ നിന്നും കൊല്ലത്തേക്ക് എൻഎസ്സിന്റെ പ്രവർത്തനം മാറ്റിയതോടെ വള്ളിക്കാവിലെ കുടുംബവീട്ടിൽ നിന്നും ഇപ്പോൾ താമസിക്കുന്ന വീട്ടിലേക്ക് താമസം മാറി. തിരക്കേറിയ രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ വീട്ടിലെത്തുക അപൂർവ്വ അവസരങ്ങളിൽ മാത്രമായിരുന്നു. ഇടയ്ക്ക് വീട്ടിലെത്തുമ്പോൾ എല്ലാം ഒപ്പം ബേബി ഉൾപ്പെടെയുള്ള വിദ്യാർത്ഥി യുവജന നേതാക്കളും ഉണ്ടായിരിക്കും. വള്ളിക്കാവിൽ എത്തുന്ന സ്റ്റേ ബസിൽ ആയിരിക്കും സഖാവും സംഘവും എത്തുക.


സഖാവ് വന്നെന്നറിഞ്ഞാൽ വള്ളിക്കാവിൽ നിന്നും പാർട്ടി സഖാക്കൾ കായൽ മീനുകളും ഞണ്ടും കൊഞ്ചും എല്ലാം വീട്ടിൽ കൊണ്ടുവരും. പിന്നെ ഒരു ആഘോഷമാണ്. വടക്കുവശത്തെ പറമ്പിൽ കൃഷി ചെയ്തിട്ടിരിക്കുന്ന കപ്പ പിഴുതെടുത്ത് ഞണ്ടും കൊഞ്ചും എല്ലാം കറിവെച്ച് എല്ലാവരും കൂടി ഉള്ള ഭക്ഷണം കഴിക്കലും ഒക്കെ ഇപ്പോഴും മറക്കാത്ത ഓർമ്മകളാണ്. ചീനി അരിയാനും ഞണ്ടു പുഴുങ്ങാനും എല്ലാം ബേബിയും സഖാക്കളും ഒപ്പം കൂടും. പലപ്പോഴും ബേബി തമാശയ്ക്ക് പറയാറുണ്ടായിരുന്നു 'ഈ ഞണ്ട് കറി കഴിക്കാൻ അല്ലേ ടീച്ചറേ ഞങ്ങൾ സഖാവിനെ പിടിച്ച് ഇടയ്ക്ക് ഇങ്ങോട്ട് കൊണ്ടുവരുന്നത് ' .


അക്കാലത്ത് പാർട്ടിക്ക് വലിയ സമ്പത്ത് ഒന്നും ഉണ്ടായിരുന്നില്ല. അര പട്ടിണിയും മുഴു പട്ടിണിയുമായാണ് സംഘടന പ്രവർത്തനം പലരും നടത്തിയിരുന്നത്. വിദ്യാർത്ഥി യുവജന സംഘടന പ്രവർത്തകരുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. എന്നാൽ അവരുടെ എല്ലാം ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രത്യേക കരുതലോടെ ആയിരുന്നു എപ്പോഴും എൻഎസിൻ്റെ ഇടപെടൽ. കൊല്ലത്ത് പാർട്ടി ഓഫീസിൽ വൈകുന്നേരങ്ങളിൽ എത്തുന്ന യുവാക്കളുടെ സംഘത്തിന് മിക്ക ദിവസങ്ങളിലും സഖാവിൻ്റെ വക ദോശയും ചമ്മന്തിയും ഉണ്ടാകും. അന്നത്തെ ചെറുപ്പക്കാരുടെ പ്രതീക്ഷയും വൈകുന്നേരങ്ങളിൽ എൻ എസ് വാങ്ങി നൽകുന്ന ഭക്ഷണമായിരുന്നു. ബേബി സഖാവ് പലപ്പോഴും വീട്ടിൽ വരുമ്പോൾ ഇതെല്ലാം ഓർത്ത് പറയുമായിരുന്നു. ചെറുപ്പക്കാർക്ക് ദോശ വാങ്ങി നൽകാൻ പണം തികയാതെ വരുമ്പോൾ പാർട്ടി ഓഫീസിലെ പഴയ പത്രങ്ങൾ തൂക്കി കൊടുത്തായാലും എൻഎസ് അവരുടെ ഭക്ഷണം മുടക്കിയിരുന്നില്ല എന്നും പറഞ്ഞു കേട്ടിട്ടുണ്ട്.


എൻഎസിൻ്റെ എല്ലാ ഓർമ്മ ദിനങ്ങളിലും നാട്ടിൽ ഉണ്ടെങ്കിൽ ബേബിയും ഭാര്യ ബെറ്റിയും മുടങ്ങാതെ ആലപ്പുഴയിൽ പോകുന്നതിനൊപ്പം വീട്ടിലുമെത്തും. മിക്കപ്പോഴും ഭക്ഷണവും കഴിച്ചേ പിരിയാറുള്ളൂ. വലിയ ഭക്ഷണപ്രിയനാണ് എല്ലാം ആസ്വദിച്ച് കഴിക്കാറുള്ളൂ. ഇപ്പോഴും ഒരു പൊതു ചടങ്ങിൽ കല്യാണത്തിനോ മറ്റു വിശേഷങ്ങൾക്കോ പോയാലും ഭക്ഷണം കഴിച്ചാൽ അദ്ദേഹം ഇലയിൽ നിന്നും ഭക്ഷണം കഴിക്കുന്നത് കൗതുകത്തോടെ ഞാൻ പലപ്പോഴും നോക്കിയിരുന്നിട്ടുണ്ട്. ഒരുവറ്റുപോലും ബാക്കി വെക്കാതെ ആസ്വദിച്ച് മുഴുവനും കഴിക്കും. ഇത് പലപ്പോഴും ഞാൻ പറഞ്ഞിട്ടുണ്ട്. നല്ല ശീലം തന്നെയാണത്.


1985 ഫെബ്രുവരി 17ന് എൻ എസ് വാഹന അപകടത്തിൽ മരിക്കുമ്പോൾ അപകടം നടന്ന സ്ഥലത്തേക്ക് കൊല്ലത്തു നിന്നും പോയ വാഹനത്തിൽ ബേബിയും മെഴ്സിക്കുട്ടിയമ്മയും ആർ എസ് ബാബുവുമെല്ലാം സഖാവിനൊപ്പം ഉണ്ടായിരുന്നു. എസ്എഫ്ഐയുടെ പതാക കൈമാറൽ ചടങ്ങ് കഴിഞ്ഞ് മറ്റൊരു സ്ഥലത്തേക്ക് സംഘടനാപരമായ ഉത്തരവാദിത്വം ഏൽപ്പിച്ച് എൻഎസ് ബേബിയെ ഉൾപ്പടെ പറഞ്ഞു വിട്ടതിനാൽ മടക്കയാത്രയിൽ ഒപ്പമുണ്ടായിരുന്നില്ല. ആ യാത്രയിലാണ് അപകടം ഉണ്ടായത്.ടീച്ചർ

ആലപ്പാട് പ്രദേശത്ത് സുനാമി ദുരന്തം ഉണ്ടായപ്പോഴും ബേബി ഓടിയെത്തി. അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള സ്വരലയ എന്ന സംഘടനയുടെ നേതൃത്വത്തിൽ നിരവധി കലാകാരന്മാരെ ഉൾപ്പെടെ ആലപ്പാട്ട് ദുരിതം ഏറ്റുവാങ്ങിയ മനുഷ്യരുടെ മനസ്സിലെ ഭയവും ആശങ്കകളും മാറ്റുന്നതിന് അവിടെ എത്തിച്ച് നിരവധി പരിപാടികൾക്ക് നേതൃത്വം നൽകി. യേശുദാസും ഗായകൻ ഹരിഹരനും കൈതപ്രവും ഒക്കെ ഉൾപ്പെടെയുള്ളവരെ ആലപ്പാട്ടും അഴീക്കലും മറ്റും നിരവധി പരിപാടികളിൽ പങ്കെടുപ്പിച്ച് അദ്ദേഹം നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു.


ആ കാലത്തെല്ലാം ഇടയ്ക്കിടയ്ക്ക് ഇവിടെ വരുമായിരുന്നു. നിരന്തരമായി ആലപ്പാടിന്റെ ദുരന്തമുഖത്തേക്ക് സാംസ്കാരിക പ്രവർത്തകരെയും കലാകാരന്മാരെയും എത്തിച്ചു പുതിയ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ബേബി നടത്തിയ ഇടപെടൽ ഒരുപക്ഷേ പലരും വേണ്ടത്ര ശ്രദ്ധിക്കാതെ പോയതാണ്. പാർട്ടിയിലേക്ക് കടന്നുവരുന്ന യുവജന വിദ്യാർഥി സംഘടന നേതാക്കൾ എൻ എസിനെ മാതൃകയാക്കണം എന്നും പാർലമെൻ്ററി രാഷ്ട്രീയത്തേക്കാൾ പാർട്ടി സംഘടന കെട്ടിപ്പിടിക്കുന്നതിൽ പ്രാധാന്യം കൊടുത്ത് പ്രവർത്തിച്ച എൻഎസ് അക്കാലത്തെ യുവജന വിദ്യാർഥി നേതാക്കളിൽ നിന്ന് കഴിവുള്ളവരെ കണ്ടെത്തി വളർത്തിക്കൊണ്ടുവരുന്നതിൽ മാതൃകാപരമായി പ്രവർത്തിച്ച നേതാവായിരുന്നുവെന്നും പലതവണ ബേബി പൊതുവേദികളിൽ പ്രസംഗിച്ചും കേട്ടിട്ടുണ്ട്. അത്രയേറെ ബേബിക്ക് പ്രിയപ്പെട്ട നേതാവായിരുന്നു എൻ എസ് എന്നും ടീച്ചർ പറഞ്ഞു നിർത്തി.




deshabhimani section

Related News

View More
0 comments
Sort by

Home