മട്ടുപ്പാവിൽ താമരച്ചന്തം

മട്ടുപ്പാവിലെ താമരക്കൃഷിത്തോട്ടത്തിൽ ബുഷ്റ
സുരേഷ് വെട്ടുകാട്ട്
Published on May 05, 2025, 03:17 AM | 1 min read
കരുനാഗപ്പള്ളി
വീടിന്റെ മട്ടുപ്പാവ് നിറയെ താമരപ്പൂക്കൾ. ഇടയ്‌ക്ക് വ്യത്യസ്‌ത വർണങ്ങളിലുള്ള ആമ്പലുകളും. കുലശേഖരപുരം നീലികുളം അനുഗ്രഹയിൽ ബുഷ്‌റ (ബിന്ദു)യാണ് മട്ടുപ്പാവിൽ മനംനിറക്കും കാഴ്‌ച ഒരുക്കുന്നത്. ബുഷ്റയ്ക്ക് ഇതു നേരമ്പോക്കല്ല, മറിച്ച് ആദായകരമായ ഒരു സംരംഭം കൂടിയാണെന്ന് അറിയുമ്പോഴാണ് കൗതുകം ഏറുന്നത്. ചെറുപ്പത്തിൽ ചെടികളോടും പൂന്തോട്ടത്തോടും ഏറെ താൽപ്പര്യമുണ്ടായിരുന്ന ഈ വീട്ടമ്മ ആറുവർഷം മുമ്പാണ് താമരക്കൃഷിയിലേക്ക് കടക്കുന്നത്. പരമ്പരാഗതമായ താമരക്കൃഷിയല്ല ഇവിടെ നടക്കുന്നത്. മറിച്ച് ഹൈബ്രിഡ് ഇനത്തിൽപ്പെട്ട താമരയുടെയും ആമ്പലുകളുടെയും വിത്തുകൾ വിപണനം ചെയ്യുന്ന ചെറു സംരംഭമാണ് ബുഷ്റയുടേത്. ഈ മേഖലയിൽ വലിയ മാറ്റങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുന്നതെന്ന് ബുഷ്റ പറയുന്നു. മണത്തിലും ഇനത്തിലും രൂപഭംഗിയിലും എല്ലാം വ്യത്യസ്ഥതയുള്ള പുതിയ ഹൈബ്രിഡ് തൈകളും വിത്തുകളുമാണ് വിപണിയിലെത്തുന്നത്. വിയറ്റ്നാം, ചൈന തുടങ്ങിയ സ്ഥലങ്ങളെല്ലാം പ്രധാന കേന്ദ്രങ്ങളാണ്. ഇന്ത്യയിലും ഇതിന്റെ വിപുലമായ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. സ്വയം വികസിപ്പിച്ചെടുത്ത ഹൈബ്രിഡുകളും ഇപ്പോൾ വിൽപ്പനയ്ക്കുണ്ട്. ഓൺലൈനായി സ്വീകരിക്കുന്ന ഓർഡറുകളിൽ പാഴ്സൽ സർവീസുകൾ വഴിയാണ് ഡെലിവറി.100 രൂപ മുതൽ 12,000 രൂപ വരെ വിലയുള്ള ട്യൂബറുകളും റണ്ണറുകളും ഉണ്ട്. സൂക്ഷ്മതയോടെ വേണം ഇവയുടെ കൃഷി. നല്ല വെയിൽ ലഭിക്കണം എന്നതാണ് പ്രധാനം. ഒമ്പതുമണിക്കൂറെങ്കിലും ഹൈബ്രിഡ് ഇനത്തിൽപ്പെട്ട താമരയ്ക്ക് വെയിൽ ലഭിക്കണം. പ്രത്യേക വളം ചേർത്ത മിശ്രിതം അടങ്ങിയ കാനുകളിലാണ് ഇവ നട്ടുവളർത്തുക. പാകമായ ട്യൂബറുകളും റണ്ണറുകളും കൃഷി ചെയ്താൽ പത്തു ദിവസം മുതൽ ഒന്നര മാസം വരെയുള്ള കാലയളവിനിടയിൽ പൂക്കൾ ഉണ്ടാകും. താമരയോടൊപ്പം മുന്തിരി, വിവിധ ഇനം പച്ചക്കറികൾ, വ്യത്യസ്ത ഇനം ചെടികൾ തുടങ്ങിയവയും ഈ വീട്ടമ്മയുടെ ഉദ്യാനത്തിന് ചാരുത പകരുന്നു. പ്രമുഖ അഭിഭാഷകനും പ്രവാസിയുമായ ഷംസുദീൻ കരുനാഗപ്പള്ളിയാണ് ബുഷ്റയുടെ ഭർത്താവ്. ഹെന്നാ ഷംസുദീൻ, അഡ്വ. ബിലാൽ ഷംസുദീൻ എന്നിവർ മക്കളാണ്.









0 comments