ചരിത്രം ഇഴപിരിച്ച മങ്ങാടൻ കയർ

mangad kayar  vyvasayam

ജീർണാവസ്ഥയിലായ മങ്ങാട് കയർ വ്യവസായ സഹകരണ സംഘം

avatar
എസ് അനന്ദവിഷ്ണു

Published on Feb 11, 2025, 01:05 AM | 2 min read

കൊല്ലം : ലോകത്തിന്റെ വിവിധഭാഗങ്ങളിൽ കടന്നുചെന്ന് ചരിത്രത്തിന്റെ ഭാഗമായി മാറിയ ഒരു കയറുണ്ട് കൊല്ലത്ത്. മങ്ങാടൻ കയർ എന്ന‌റിയപ്പെട്ടിരുന്ന മങ്ങാടിന്റെ സ്വന്തം ചകിരിക്കയർ. കൊല്ലം താലൂക്കിൽ കിളികൊല്ലൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു നേരത്തെ മങ്ങാട്. ഇപ്പോൾ കിളികൊല്ലൂരെന്നും മങ്ങാടെന്നും രണ്ട് വില്ലേജുകളായി മാറി. രണ്ടും ലോകവ്യവസായ ഭൂപടത്തിൽ സ്ഥാനംപിടിച്ച കേന്ദ്രങ്ങളായിരുന്നു. കിളികൊല്ലൂർ ഗ്രാമത്തിനെ കശുവണ്ടി ഗ്രാമമെന്നാണ് അറിയപ്പെട്ടിരുന്നത്.


കയർ, കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗതവ്യവസായങ്ങളുടെ കേന്ദ്രമായിരുന്നു മങ്ങാട്. ഇവിടെനിന്ന് ചരിത്രം ഇഴപിരിച്ച മങ്ങാടൻ കയറിന് ലോകകമ്പോളത്തിൽ സുപ്രധാന സ്ഥാനമുണ്ടായിരുന്നു. ഗുണമേന്മയും നീളവുമായിരുന്നു പ്രധാന മുഖമുദ്ര. ഇതിന്റെ ഖ്യാതിയിലൂടെ അഷ്ടമുടിക്കായലിന്റെ തീരത്തുള്ള മങ്ങാട് ഗ്രാമം എൺപതുകളിലും തൊണ്ണൂറുകളിലും കയർ വ്യവസായത്തിന്റെ ആത്മാവായി മാറി. ആയിരക്കണക്കിന് തൊഴിലാളികളാണ് ഈ മേഖലയിൽ പണിയെടുത്തിരുന്നത്. രാവിലെ ആറുമുതൽ സന്ധ്യമയങ്ങുംവരെ അഷ്ടമുടിയുടെ ഹൃദയം മിടിക്കുന്നതുപോലും കയർപിരിയുടെ താളത്തിലായിരുന്നു. തൊഴിലാളികളിൽ ഭൂരിഭാഗവും സ്ത്രീകളാണങ്കിലും കുട്ടികളും വയോധികരുമെല്ലാം ഇതിൽ പങ്കാളിയായ കയർപിരി മങ്ങാടിന്റെ മനോഹര കാഴ്ചയായി. 1943-ലാണ് കയർ കൈകൊണ്ട് പിരിക്കുന്ന രീതിക്ക് തുടക്കമായത്.


കയർപിരി യന്ത്രമായ റാട്ടിന്റെ വരവിനു മുന്നേ കൈപ്പിരിയും കൈത്തോപ്പും ഉപയോഗിച്ചായിരുന്നു കയർ നിർമാണം. സാധാരണ കയറിന് 75 മുടിയാണുള്ളത്. എന്നാൽ, മങ്ങാടൻ കയറിന് 82 മുടിയുണ്ടാകും. കെട്ടിനും കയറ്റുപായയ്ക്കും ഉത്തമമായ കയറായതിനാൽ തന്നെ ഇതിന് ആവശ്യക്കാരും ഏറെയായിരുന്നു. അതിജീവനത്തിന്റെ താളം കയർ നിർമാണത്തിന്റെ ആദ്യപടിയാണ് തൊണ്ടുപൂഴ്‍ത്തൽ. തീരങ്ങളിൽ നാടൻതേങ്ങയുടെ തൊണ്ടുകൾ കൂട്ടമായി വെള്ളത്തിൽ മുക്കിയിടുന്നതാണ് തൊണ്ടുപൂഴ്‍ത്തൽ. അതിനുശേഷം നന്നായി കഴുകിയ തൊണ്ട് പുറത്തെടുത്ത് കല്ലിലോ മരത്തടികളിലോ വച്ച് ചെറിയ വടികൊണ്ട് തല്ലി ചകിരിയാക്കി മാറ്റും. ചകിരി പതം വരുത്തൽ, ചകിരി പിച്ചൽ തുടങ്ങിയ ഘട്ടങ്ങളിലൂടെയും കടന്നുപോകണം. പതംവരുത്തിയെടുത്ത ചകിരിനാരുമായി റാട്ടിൽ നിന്ന് മുന്നോട്ടും പിന്നോട്ടും നടക്കണം. ഒരു ദിവസത്തെ ജോലി പൂർത്തിയാക്കാൻ തൊഴിലാളികൾ അഞ്ച് കിലോമീറ്ററിലധികം നടക്കേണ്ടിയിരുന്നു.


ചരിത്രം പിറക്കുന്നു


1954-ൽ മങ്ങാട് ശ്രീകുമാരപുരം ക്ഷേത്രംവക ഹാളിൽ ചേർന്ന ആലോചനായോഗമാണ് മങ്ങാട് കയർസംഘ രൂപീകരണത്തിന് തീരുമാനമെടുത്തത്. തുടർന്ന് 1954-ൽ 35–--ാം നമ്പറായി മങ്ങാട് കയർസംഘം ആരംഭിച്ചു. വി ലക്ഷ്‌മണൻ ആയിരുന്നു ആദ്യ പ്രസിഡന്റ്. കാലാന്തരത്തിൽ അസംസ്കൃ‌ത വസ്‌തുവായ തൊണ്ടിന്റെ ലഭ്യത കുറഞ്ഞത് പ്രതിസന്ധിയായി. ഇത് പരിഹരിക്കാൻ മുൻകൈയെടുത്തത് അന്നത്തെ ഇടതുസർക്കാരായിരുന്നു. തൊണ്ട് സംരംഭകർ ശേഖരിക്കുന്ന തൊണ്ടിന്റെ മൂന്നിലൊന്ന് സംഘത്തിന് കൊടുക്കണം. അതിന് സർക്കാർ നിശ്ചയിക്കുന്ന വില കൊടുക്കും. ഇത് തൊഴിലാളികൾക്കും സംഘത്തിനും ഗുണകരമായി. സംഘത്തിൽ 25-ലേറെ കയർപിരി റാട്ടും നൂറിൽപ്പരം തൊഴിലാളികളുമുണ്ടായിരുന്നു.


1982-ൽ സംഘത്തിന് സ്വന്തമായി ഓഫീസും നിർമിച്ചു. കയർനിർമാണ രംഗത്തെ യന്ത്രവൽക്കരണത്തിന്റെ ഭാഗമായി ഐസിഡിപി പ്രകാരം തൊണ്ടുതല്ല് മെഷീൻ ഏർപ്പെടുത്തി. തൊഴിലാളികളുടെ ശക്തമായ എതിർപ്പിന്റെ ഫലമായി സംഘത്തിൽ ഇത് നടപ്പിലാക്കിയില്ല. കയർനിർമാണത്തിന് അനുയോജ്യമായ എല്ലാ സാഹചര്യങ്ങളും സംഘത്തിനുണ്ടായിരുന്നു. തൊണ്ടഴുക്കിന് അനുയോജ്യമായ കായൽത്തീരം തൊണ്ടു തല്ലുന്നതിനാവശ്യമായ സ്ഥലസൗകര്യം എന്നിവയെല്ലാം അനുയോജ്യഘടകങ്ങൾ ആയിരുന്നു. 2011ഓടെ ആട്ടോമാറ്റിക് സ്‌പിന്നിങ് മെഷീന്റെ പ്രവർത്തനം ആരംഭിച്ചു. ഇതിന്റെ ഉദ്ഘാടനം അന്നത്തെ കേന്ദ്രസഹമന്ത്രി വിൻസി പട്ടേരിയാണ് നിർവഹിച്ചത്. തൊഴിലാളികളുടെയും തൊണ്ടിന്റെയും ലഭ്യതക്കുറവ് മങ്ങാടൻ കയറിന്റെ പ്രതാപകാലത്തിനു മങ്ങലേൽപ്പിച്ചു. മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ഇറക്കുമതിയും വർധിച്ചതോടെ കാലക്രമേണ മങ്ങാടൻ കയർ വിസ്‌മൃതിയിലാകുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home