കുടുംബശ്രീ ധൈര്യം പകർന്നു

അവർ പറഞ്ഞു ഭയമില്ലാതെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ജിഷ്ണു മധു

Published on Jan 24, 2025, 01:56 AM | 1 min read

കൊല്ലം

അവർ തുറന്നുപറഞ്ഞു പലപ്പോഴായി ജീവിതത്തിൽ നേരിട്ട അതിക്രമങ്ങൾ സങ്കോചവും ഭയവുമില്ലാതെ. ധൈര്യം പകർന്നത്‌ കുടുംബശ്രീ. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കാൻ കുടുംബശ്രീ സംഘടിപ്പിച്ച ക്രൈം മാപ്പിങ്‌ സർവേ ജില്ലയിൽ പൂർത്തിയായി. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനുള്ള പദ്ധതിയുടെ നാലാംഘട്ടത്തിന്റെ ഭാഗമായി ജില്ലയിലെ ആറു പഞ്ചായത്ത് സിഡിഎസുകളിലാണ് പ്രവർത്തനം നടന്നത്. പനയം, ശാസ്താംകോട്ട, പന്മന, വിളക്കുടി, നെടുമ്പന, ചിറക്കര പഞ്ചായത്തുകളിലെ അയൽക്കൂട്ടം ഓക്സിലറി അംഗങ്ങളിൽ നടക്കുന്ന സർവേ റിപ്പോർട്ട് ഫെബ്രുവരി ആദ്യവാരത്തോടെ പ്രസിദ്ധീകരിക്കാനാണ്‌ തീരുമാനം. നേരിട്ട അതിക്രമങ്ങളുടെ സ്വഭാവവും തീവ്രതയും രീതിയും അനുസരിച്ച് ലഭിച്ച വിവരങ്ങൾ വിശകലനംചെയ്‌ത്‌ അതത് തദ്ദേശസ്ഥാപനങ്ങൾ, പൊലീസ് സ്റ്റേഷനുകൾ തുടങ്ങിയ വിവിധ വകുപ്പുകളുമായി ചേർന്ന്‌ തുടർനടപടി ഉണ്ടാകും. രഹസ്യസ്വഭാവം നിലനിർത്തി അംഗങ്ങളിൽനിന്നു കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ ഗൂഗിൾ ഫോം വഴിയാണ് ശേഖരിച്ചത്‌. മാനസികം, ശാരീരികം, സാമ്പത്തികം, വാചികം, ലൈംഗികം, സാമൂഹികം എന്നിങ്ങനെ അതിക്രമം വിശദമാക്കാനാകുംവിധം ഉപചോദ്യങ്ങളും തയ്യാറാക്കിയിരുന്നു. 18–--50 പ്രായപരിധിയിലുള്ള സിഡിഎസ് അംഗങ്ങൾ, അയൽക്കൂട്ടം അംഗങ്ങൾ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരിൽനിന്നാണ്‌ വിവരശേഖരം. തെരഞ്ഞെടുത്ത ആറു റിസോഴ്‌സ് പേഴ്‌സൺമാർ, ജില്ലാതലത്തിലുള്ള റിസോഴ്‌സ് പേഴ്‌സൺമാർ, സ്‌നേഹിത അംഗങ്ങൾ, ഡിപിഎം എന്നിവർ നേതൃത്വംനൽകി. ഗൂഗിൾഫോം പൂരിപ്പിക്കുന്നവരുടെ പേരും വിലാസവും ഫോൺനമ്പർ ഉൾപ്പെടെയുള്ളവ രേഖപ്പെടുത്താതെ സ്വകാര്യത സംരക്ഷിക്കുംവിധമായിരുന്നു സർവേ. പഞ്ചായത്തിലെ വാർഡും അതിക്രമം നേരിട്ടയാളുടെ പ്രായവും മാത്രമാണ്‌ കൈമാറുന്നത്‌. 2012–14 വർഷത്തിൽ ആരംഭിച്ച പദ്ധതിയുടെ 2024-–-25 വർഷ സർവേയാണ് നിലവിൽ നടക്കുന്നത്‌. 2022ൽ പത്തും 2023ൽ ആറും പഞ്ചായത്തുകൾ കേന്ദ്രീകരിച്ചായിരുന്നു ക്രൈം മാപ്പിങ്‌. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് സ്ത്രീകൾ അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാൻ സജ്ജരായതായി അധികൃതർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home