ഓണ വിഭവമൊരുക്കാൻ വനിതകളുടെ കൃഷിത്തോട്ടം

സുരേഷ് വെട്ടുകാട്ട്
Published on Aug 17, 2025, 12:52 AM | 1 min read
കരുനാഗപ്പള്ളി
വിളവെടുപ്പിന്റെയും സമൃദ്ധിയുടെയും ഉത്സവമായ ഓണത്തെ വരവേൽക്കാൻ കുടുംബശ്രീ പ്രവർത്തകരും ഒരുങ്ങി. ഓണത്തിന് ആവശ്യമായ കാർഷിക വിഭവങ്ങൾ വിളയിച്ചെടുക്കാനുള്ള തിരക്കിലാണ് കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ തെക്കൻ മേഖലയായ കോഴിക്കോട് കാർത്തികാലയത്തിൽ ബീന, ഷജിതാ ഭവനത്തിൽ ഷാജിതാമണി എന്നിവർ. 21, 22 വാർഡുകളെ പ്രതിനിധീകരിക്കുന്ന കുടുംബശ്രീ പ്രവർത്തകരായ ഇരുവരും ചേർന്നാണ് കൃഷിയിടം ഒരുക്കുന്നത്. കുടുംബശ്രീ സിഡിഎസ് ഉപസമിതി അംഗമാണ് ബീന. കുടുംബശ്രീ സിഡിഎസ് അംഗമാണ് ഷാജിതാമണി. പൂക്കളം ഒരുക്കാൻ കുറ്റിമുല്ല, ബന്ദി എന്നിവയും ഓണമുണ്ണാൻ വാഴ, ഇഞ്ചി, ചേന, തക്കാളി, പച്ചമുളക് തുടങ്ങിയ കാർഷിക വിഭവങ്ങളുമാണ് കൃഷിചെയ്യുന്നത്. പൂക്കൃഷി വിളവെടുപ്പിനു പാകമായി. പച്ചക്കറി ഇനങ്ങളും ആദ്യഘട്ട വിളവെടുപ്പിന് തയ്യാറായിട്ടുണ്ട്. ഇതോടൊപ്പം ഓണാട്ടുകരയുടെ തനത് വിഭവങ്ങളായ ചേമ്പ്, ചീനി, കാച്ചിൽ തുടങ്ങിയ കിഴങ്ങുവർഗങ്ങളും കൃഷി ചെയ്യുന്നുണ്ട്. സൗജന്യമായി വിട്ടുകിട്ടിയ ഒരു ഏക്കർ ഭൂമിയിലാണ് കൃഷി. എല്ലാദിവസവും രാവിലെയും വൈകിട്ടും ഇരുവരും കൃഷിയിടത്തിൽ എത്തി കൃഷി പരിപാലിക്കും. ഓണത്തിന് വിഷരഹിതമായ നാടൻ പച്ചക്കറികളും പൂക്കളും കരുനാഗപ്പള്ളിയിലെ വീടുകളിൽ എത്തിക്കുകയെന്ന ദൃഢനിശ്ചയത്തിലാണ് ഇരുവരും. സഹായത്തിനായി കുടുംബശ്രീ പ്രവർത്തകരും ഒപ്പം കൂടും.









0 comments