ജീവിതം പോരാട്ടമാക്കിയ കഥാകാരൻ

കളയ്ക്കാടിന്റെ കുടുംബവീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന കളയ്ക്കാട് സ്മാരക ഗ്രന്ഥശാല
സുരേഷ് വെട്ടുകാട്ട്
Published on Feb 24, 2025, 01:18 AM | 3 min read
കരുനാഗപ്പള്ളി
"ആദ്യമൊക്കെ അയാൾ നിലവിളിച്ചു പോകുമായിരുന്നു. പിന്നെ അതും വയ്യാതായി. വേദനയുടെ അഗാധതയിൽ എവിടെയോ മരവിപ്പിന്റെ ഒരു തലം. അത് മർദകരെ കൂടുതൽ രോഷം കൊള്ളിച്ചിരിക്കണം. ബോധത്തിന്റെ വാതിലുകൾ ഓരോന്നായി അടഞ്ഞു കഴിഞ്ഞു. ഇപ്പോൾ ഇരുട്ടും വെളിച്ചവും ഇല്ല. അവർ പിന്നെയും മർദിക്കുകയായിരുന്നോ?. ഒരു നിശ്ചയവുമില്ല. പക്ഷേ, തന്നെ എന്തിനാണ് പിടിച്ചത്. സംഭവം നടക്കുമ്പോൾ താൻ ലോക്കപ്പിൽ കിടക്കുകയായിരുന്നല്ലോ. പിന്നല്ലേ ജാമ്യത്തിൽ വിട്ടത്. എവിടെടാ കല്ലച്ച്... എവിടെടാ നേതാക്കന്മാർ ഒളിച്ചിരിക്കുന്നത്..? എല്ലാം പറഞ്ഞോ അല്ലെങ്കിൽ കൊല്ലും നിന്നെ. കഴിഞ്ഞ നാലു ദിവസമായി ചോദ്യംചെയ്യലും മർദനവുമായിരുന്നു. മെലിഞ്ഞ നിസ്സഹായനായ ഒരു പതിനെട്ട്‌കാരനെ രണ്ട് ബലിഷ്ഠകായർ നിരന്തരമായി മർദിച്ചാൽ....... ബോധം കേട്ടപ്പോൾ വലിച്ചിഴച്ച് ലോക്കപ്പിലിട്ടു. അടുത്തിരിക്കുന്ന സഖാവ് കൊലക്കേസ് പ്രതി അല്ലെന്നറിഞ്ഞത് ആശ്വാസമായി. സഖാവേ ഞാൻ യാത്ര പറയുകയാണ് എന്റെ അന്ത്യ സന്ദേശം സഖാക്കളെ അറിയിക്കണം. എന്ത് ത്യാഗം സഹിച്ചും പാർടി വളരണം. പിന്നെ.. പിന്നെ.. കണ്ഠമിടറി... അമ്മയെ സമാധാനിപ്പിക്കണം" അത്രയും പറഞ്ഞുതീരും മുമ്പ് പൊലീസുകാരൻ അകത്തേക്ക് പാഞ്ഞുകയറി വന്നു അയാളെ തൂക്കി എടുത്തുകൊണ്ടുപോയി’. 1950 ജനുവരി മാസത്തിലെ ഒരു ദിവസം. സ്ഥലം കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ. അന്ന് മരണത്തെ മുഖാമുഖം കണ്ട വിദ്യാർഥി പ്രശസ്ത എഴുത്തുകാരൻ എ പി കളയ്ക്കാട്. അന്ത്യ സന്ദേശത്തിനു ചെവികൊടുത്തത് സഖാവ് പി രാമകൃഷ്ണൻ. ശൂരനാട് സംഭവത്തിന് ഒരു മാസം മുമ്പ് ലോക്കപ്പിലായ വിദ്യാർഥിക്ക് അതുമായി ബന്ധമുണ്ടാകില്ലെന്ന് കരുതിയാണ് പൊലീസ് ജാമ്യത്തിൽ വിട്ടത്. കുറച്ചുദിവസം കഴിഞ്ഞപ്പോൾ മുതുകുളത്ത് ഒരു വീട്ടിൽ തോപ്പിൽ ഭാസി ഒളിവിൽ താമസിക്കുന്ന വിവരം പൊലീസിന് കിട്ടി. ഒരു സന്ധ്യാ നേരത്ത് പൊലീസ് ആ വീടുവളഞ്ഞു. കുളത്തിൽ കുളിക്കാൻ പോയിരുന്ന ഭാസി വേലിചാടി രക്ഷപ്പെട്ടു. ഭാസിയെ കിട്ടിയില്ലെങ്കിലും ഭാസിയുടെ പുസ്തകങ്ങളും സഞ്ചിയും പൊലീസിന് കിട്ടി. സഞ്ചിക്കുള്ളിൽ കളയ്ക്കാട്, ഭാസിക്ക് കൈമാറിയ കത്തുകൾ ഉണ്ടായിരുന്നു. ഇതാണ് പിന്നീട് പൊലീസിന്റെ ക്രൂര പീഡനങ്ങൾക്ക് ഇരയാകാൻ കാരണമായിത്തീർന്നത്. ട്രാൻസ്പോർട്ട് തൊഴിലാളികളുടെ സമരവുമായി ബന്ധപ്പെട്ട് പഠിപ്പ് മുടക്കിയതിന് വിദ്യാർഥി നേതാവായ കളയ്ക്കാടിനെ ലോക്കപ്പിൽ അടച്ചിരുന്നു. മൂന്നുമാസത്തിനുശേഷം ജാമ്യം കിട്ടിയെങ്കിലും ശൂരനാട് സംഭവവുമായി ബന്ധപ്പെടുത്തി വീണ്ടും അറസ്റ്റ് ചെയ്തു ലോക്കപ്പിലാക്കി. ക്രൂരമർദനത്തിന് ഇരയാക്കിയ സംഭവങ്ങൾ അതിന്റെ ഭീകരത ചോരാതെ ‘പോർക്കലി’ എന്ന കൃതിയിൽ അദ്ദേഹം വ്യക്തമാക്കിയതാണ് മുകളിൽ ചേർത്തിരിക്കുന്നത്. 1931 ജൂൺ 23ന് കരുനാഗപ്പള്ളി ആദിനാട്ടെ കളയ്ക്കാട് വീട്ടിൽ കുഞ്ഞൻപിള്ളയുടെയും കൊച്ചുട്ടിയമ്മയുടെയും മകനായി ജനിച്ച അയ്യപ്പൻപിള്ള കളയ്ക്കാട് എന്ന എ പി കളയ്ക്കാട് 1948 മുതൽ പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു. ദിവാൻ ഭരണത്തിന്റെ അന്ത്യകാലത്ത് ഉണ്ടായ വെടിവയ്പില്‍ മരിച്ച പേട്ട രാജേന്ദ്രന്റെ രക്തസാക്ഷി ദിനത്തിൽ പ്രസംഗിക്കുകയും കവിത ചൊല്ലുകയും ചെയ്തതിന്റെ പേരിൽ സ്കൂളിൽനിന്ന് കളയ്ക്കാടിനെ പുറത്താക്കി. തുടർന്ന് ലോക്കപ്പിലുമായി. എസ്എസ്എൽസിക്ക് പ്രൈവറ്റായി പരീക്ഷയെഴുതാനുള്ള അവസരം ഉണ്ടായപ്പോൾ തന്നെ പുറത്താക്കിയ കരുനാഗപ്പള്ളി ഹൈസ്കൂളിൽ പോയി അദ്ദേഹം പരീക്ഷയെഴുതി ഒന്നാം ക്ലാസോടെ പാസായി. തുടർന്ന് കൊല്ലം എസ് എൻ കോളേജിൽ ഇന്റർമീഡിയറ്റിന് ചേർന്നു. ഒ എൻ വി, തെങ്ങമം ബാലകൃഷ്ണൻ, തിരുനല്ലൂർ കരുണാകരൻ, ഒ മാധവൻ, വെളിയം ഭാർഗവൻ, എം എൻ കുറുപ്പ്, വി സാംബശിവൻ തുടങ്ങിയവരെല്ലാം അക്കാലത്ത് അദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു. കമ്യൂണിസ്റ്റുകാരെ വിവാഹം കഴിക്കാൻ ആരും മടിക്കുന്ന കാലത്ത് രാധമ്മ അദ്ദേഹത്തിന്റെ ജീവിതസഖിയായി. കവിതയിൽ ആയിരുന്നു കളയ്ക്കാടിന്റെ സാഹിത്യരംഗത്തെ പ്രവേശനം. ‘അമ്മയും മകനും’ ആണ് ആദ്യം പ്രസിദ്ധീകരിച്ച കവിത. ജനയുഗത്തിൽ പ്രസിദ്ധീകരിച്ച ‘ചിതലെടുത്ത നാമ്പുകൾ' ആണ് ആദ്യ പ്രസിദ്ധീകരണ കൃതി. 1952-ൽ ആദ്യ നോവൽ ‘വെളിച്ചം കിട്ടി' എഴുതി. 1976നാണ് പ്രസിദ്ധീകരിച്ച ആദ്യ ചെറുകഥാസമാഹാരം പുറത്തുവരുന്നത്. ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും സംസ്ഥാന നിർവാഹകസമിതി അംഗം, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ്, സാഹിത്യ അക്കാദമി നിർവാഹകസമിതി അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. ക്രൂരമായ പോലീസ് മർദനങ്ങളും ജയിൽവാസവും എല്ലാം അദ്ദേഹത്തെ പലവിധ രോഗങ്ങളുടെ പിടിയിലാക്കി. 1993 ഫെബ്രുവരി എട്ടിന് 62–--ാമത്തെ വയസ്സിൽ അദ്ദേഹം അന്തരിച്ചു. എസ്ബിഐയിൽ ജീവനക്കാരിയായിരുന്ന പ്രീതി, ബോംബെയിൽ കോളേജ് അധ്യാപകനായ ശ്രീകാന്ത് എന്നിവരാണ് മക്കൾ. മുൻ എംഎൽഎ എസ് ഗോവിന്ദക്കുറുപ്പ് കളയ്ക്കാടിന്റെ സഹോദരി ജഗദമ്മയുടെ ഭർത്താവാണ്. എ പി കളയ്ക്കാടിന്റെ സ്മരണ നിലനിർത്താൻ പുകസ മുൻകൈ എടുത്ത് കളയ്ക്കാട് ട്രസ്റ്റ് രൂപീകരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. ആദിനാട് കുടുംബ വീടിനോട് ചേർന്ന് അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഗ്രന്ഥശാലയും പ്രവർത്തിക്കുന്നു.









0 comments