കടലിൽ ബോട്ടിന് പെയിന്റടിച്ച് നിറംമാറ്റി
90,000രൂപ പിഴയിട്ടു, 3 ലക്ഷം രൂപയുടെ മീനും പിടിച്ചെടുത്തു

സ്വന്തം ലേഖിക
Published on Nov 26, 2025, 01:56 AM | 1 min read
കൊല്ലം
കടലിൽ പെയിന്റടിച്ച് നിറംമാറ്റാൻ ശ്രമിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം കോസ്റ്റൽ പൊലീസ് പിടികൂടിയ ബോട്ടിൽനിന്ന് 90,000രൂപ പിഴ ഇൗടാക്കി. ബോട്ടിലുണ്ടായിരുന്ന നെയ്‌മീൻ, ചൂര അടക്കമുള്ള മീൻ ലേലംചെയ്‌ത് മൂന്നുലക്ഷം രൂപ സർക്കാരിലേക്ക് മുതൽക്കൂട്ടി. കേരള മറൈൻ ഫിഷറീസ് റഗുലേഷൻ നിയമം അനുസരിച്ചാണ് പിഴ ഇൗടാക്കിയതും ലേലംചെയ്‌തതും. നീണ്ടകര സ്വദേശി വിഷ്ണുവിന്റെ ഓൾ സെയിന്റ്സ് ബോട്ടാണ് കഴിഞ്ഞ ദിവസം പിടിയിലായത്. രജിസ്ട്രേഷൻ നമ്പരില്ലാതെയാണ് ബോട്ട് നീണ്ടകര തുറമുഖത്ത് കയറിയത്. കോസ്റ്റൽ പൊലീസിന്റെ പിടിയിലായശേഷമാണ് തൊഴിലാളികൾ രജിസ്ട്രേഷൻ നമ്പരുള്ള സ്റ്റിക്കർ ഒട്ടിച്ചത്. ഞായർ രാവിലെ 7.30നായിരുന്നു സംഭവം. വെള്ളനിറം കോഡ് ഉണ്ടായിരുന്ന ബോട്ടിന്, ഉൾക്കടലിൽ തൊഴിലാളികൾ കേരള കോഡായ നീലയും വീൽഹൗസിനു ചുവപ്പും പെയിന്റ് അടിച്ചു. അഴീക്കലിൽനിന്ന് മീൻപിടിത്തത്തിനു ബോട്ടിൽ പോയ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ വിവരം സുരക്ഷാ ഏജൻസികളെ അറിയിച്ചു. ഇതോടെ കോസ്റ്റ്ഗാർഡ് അടക്കമുള്ള സുരക്ഷാസേന പരിശോധനയും തുടങ്ങി. കേരള തീരത്ത് ജാഗ്രതാനിർദേശവും നൽകി. എന്നാൽ, പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. അതിനിടെ രാത്രി 7.45ന് ബോട്ട് നീണ്ടകര തുറമുഖത്ത്കയറി. അവിടെനിന്നാണ് കസ്റ്റഡിയിലെടുത്തത്. ബോട്ടിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ 11തൊഴിലാളികളെ സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്തു. ഇവരുടെ ആധാറും ബോട്ടിന്റെ രജിസ്ട്രേഷനും വ്യാജമല്ലെന്നു കണ്ടെത്തി.









0 comments