ആശയം കൈമുതലാക്കിയൊരു പാൻ ഇന്ത്യൻ വിജയയാത്ര

startup
avatar
ജിഷ്ണു മധു

Published on Apr 05, 2025, 09:19 AM | 1 min read

കൊല്ലം : മിക്കവാറും എന്തെങ്കിലും മോഷണം നടന്നശേഷം തെളിവുതേടിയാകും കടകളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി കാമറകൾ പരിശോധിക്കുക. അതിനുപകരം സംഭവം കൈയോടെ പിടികൂടുന്ന എഐ പിന്തുണയുള്ള സിസിടിവി ആണെങ്കിൽ പണി എത്രയെളുപ്പം. ഇത് സാധ്യമാകുമെന്ന് തെളിയിച്ച് കഴിഞ്ഞു നവസംരംഭകരായ ഇന്നോഡോട്സ് ഇന്നൊവേഷൻസ്‌. കാമറയിൽനിന്ന് കൃത്യമായ അലർട്ട് മൊബൈലിലേക്കോ ബന്ധിപ്പിച്ചിരുക്കുന്ന ഉപകാരണത്തിലേക്കോ ലഭ്യമാക്കുക വഴിയാണ് ഇത് നടപ്പാകുന്നത്. ഇത്തരം വേറിട്ട ആശയങ്ങളാൽ നൂതന സാങ്കേതികവിദ്യാരംഗത്ത്‌ ചുവടുറപ്പിക്കുന്ന ടീം വിവിധ മേഖലകളിലെ സ്റ്റാർട്ടപ്പുകളെ ഒരുകുടക്കീഴിൽ കൊണ്ടുവരുന്ന ‘സ്റ്റാർട്ടപ് മഹാകുംഭ് 2025’ സമ്മേളന വേദിയിലെത്തി.


കേരളത്തിലെ 16 സ്റ്റാർട്ടപ്പുകൾ പങ്കെടുക്കുന്നതിൽ ഒന്നായാണ്‌ ഇന്നോഡോട്സ് രാജ്യത്തെ സ്റ്റാർട്ടപ് അന്തരീക്ഷവും നയങ്ങളും നവീകരണവും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വേദിയിലെത്തിയത്‌. പുനലൂരില്‍നിന്ന് ഡൽഹിക്കുള്ള യാത്ര സ്വാധീനിക്കുക അനവധി നവസംരംഭകരെയാകും എന്നതുറപ്പ്‌. ആശുപത്രി, പ്രതിരോധ ആവശ്യങ്ങൾക്കാവശ്യമായ റോബോട്ടിക്‌സ് സംവിധാനവും വികസിപ്പിക്കുന്നുണ്ട്‌. മുറിവേറ്റവരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ ഉൾപ്പെടെ ഇത് സഹായിക്കും. മനുഷ്യശരീരത്തോട് സാമ്യമുള്ള റോബോട്ടായ ഹ്യൂമനോയിഡ് റോബോയെ തയ്യാറാക്കാനുള്ള ഗവേഷണത്തിലാണ് ടീം. കടയ്ക്കൽ കിംസാറ്റ് സഹകരണ ആശുപത്രിയിൽ ബുക്കിങ്‌, ലാബ് റിപ്പോർട്ട് എന്നിവയ്ക്കായുള്ള സോഫ്റ്റ്‌‌വെയർ ഒരുക്കിയതും ഈ ടീമാണ്.


ടോട്ടൽ കെയർ സെക്യൂരിറ്റീസ് എന്ന പ്രമുഖ സെക്യൂരിറ്റി സ്ഥാപനത്തിന് പയ്റോൾ പ്രോസസ് ഓട്ടോമേഷൻ സൊല്യൂഷൻ നൽകിയതും ശ്രദ്ധേയമായി. വിദ്യാർഥികളുടെയും യുവാക്കളുടെയും ഉന്നമനത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ക്ലാസ്‌ നയിക്കാനും തയ്യാർ. റീൽസ്‌മാരോ എന്ന ക്രിയേറ്റീവ്‌ വിങ്ങും ഇവർക്കുണ്ട്. വിവിധ മേഖലകളുമായി സഹകരിച്ചുള്ള പ്രവർത്തനത്തിലൂടെ ലഭിക്കുന്ന പ്രതിഫലം ഉപയോഗിച്ചാണ് നല്ല നാളേക്കായുള്ള ഗവേഷണം പുരോഗമിക്കുന്നത്. അലൻ സിന്ധു ഡിൻഷ, ബി അക്ഷയ്, കെ കെ അനുഗ്രഹ് എന്നീ സുഹൃത്തുക്കൾ ചേർന്നാരംഭിച്ച സംരംഭത്തിൽ 25 ജീവനക്കാർ നിലവിലുണ്ട്. പരിശീലനം, ക്ലാസുകൾ, നിർദേശം എന്നിവ ഉൾപ്പെടെയുള്ള പൂർണ പിന്തുണയുമായി കേരള സ്റ്റാർട്ടപ് മിഷൻ ഒപ്പമുണ്ടെന്നും സംരംഭം വിപലീകരിക്കുന്നതിൽ മിഷൻ നിർണായക ഘടകമായെന്നും അലൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home