വൈദ്യുതി ബിൽ കുറയ്ക്കാം
സോളാർ വാഷിങ് മെഷീനുമായി വിദ്യാർഥികൾ

എഴുകോൺ
മാനുവൽ, സെമി ഓട്ടോമാറ്റിക് എന്നിങ്ങനെ പലതരം വാഷിങ് മെഷീനുകൾ കമ്പോളത്തിൽ ലഭ്യമാണ്. എന്നാൽ, ഇനി സൗരോർജത്തിൽ പ്രവർത്തിക്കുന്ന വാഷിങ് മെഷീനായാലോ? വൈദ്യുതി ചാർജും സമയവും ലാഭിക്കുന്ന നൂതന വാഷിങ് മെഷീൻ കണ്ടുപിടിച്ചിരിക്കുകയാണ് വാക്കനാട് ഗവ. എച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാർഥികൾ. പ്രായോഗിക വിപണന സാധ്യതയുള്ള ഈ മാതൃക ജനശ്രദ്ധയാകർഷിക്കുകയുംചെയ്തു. വാക്കനാട് സ്കൂളിലെ എൽ ശ്രീലാലും വി ആദിത്യനുമാണ് സെമി സിംഗിൾ ടർബൈൻ സോളാർ ഡിസി വാഷിങ് മെഷീന്റെ വർക്കിങ് മോഡൽ അവതരിപ്പിച്ചത്. സൗരോർജ പാനലിൽനിന്നുള്ള വൈദ്യുതി 12 വോൾട്ട് ബാറ്ററിയിൽ സംഭരിച്ചാണ് പ്രവർത്തനം. ഇൻബിൽറ്റ് വാട്ടർ സ്റ്റോറേജ് ഡ്രം, കോംപാക്ട് സൈസ്, കുറഞ്ഞ വൈദ്യുതി പവർ, പൂർണമായും ഡിസി വൈദ്യുതി, ചെലവ് കുറവ്, മെയിന്റനൻസ് കുറവ് ഇതൊക്കെയാണ് സവിശേഷത. ഒന്നരക്കിലോയാണ് പരമാവധി ശേഷി. ഒറ്റ ടബ്ബാണുള്ളത്. ബജറ്റ് സൗഹൃദമായതിനാൽ ഹോസ്റ്റലുകളിലും പേയിങ് ഗസ്റ്റ് റൂമുകൾക്കും അനുയോജ്യമാണ്. പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും നേടിയിരുന്നു.









0 comments