വർഷം മുഴുവൻ ഒപ്പമല്ലേ എങ്ങനെ സ്‌നേഹിക്കാതിരിക്കും

സുരേഷ് വെട്ടുകാട്ട്
Published on Sep 19, 2025, 01:38 AM | 1 min read
കരുനാഗപ്പള്ളി
വർഷം മുഴുവൻ തങ്ങളോടൊപ്പം വന്നുപോകുന്ന കൊച്ചുകുട്ടികൾ. അവർക്ക് ഒരു നേരത്തെ ഭക്ഷണം സ്വന്തം ചെലവിൽ തന്നെ കൊടുക്കണം എന്നുള്ള ഓട്ടോറിക്ഷാതൊഴിലാളികളുടെ ആഗ്രഹം സഫലമായി. സ്കൂളിലേക്കും തിരികെ വീട്ടിലേക്കും തങ്ങളെ എത്തിച്ച ഓട്ടോമാമന്മാരുടെ സ്നേഹസദ്യയിൽ സന്തോഷത്തോടെ കുട്ടികളും പങ്കുചേർന്നു. കരുനാഗപ്പള്ളി ഗവ. യുപി സ്കൂളിലെയും ഗവ. ടൗൺ എൽപി സ്കൂളിലെയും 1500വിദ്യാർഥികളും അധ്യാപകരും രക്ഷാകർത്താക്കളും ഓട്ടോറിക്ഷ തൊഴിലാളികളുടെ വിരുന്നിൽ പങ്കാളികളായി. കരുനാഗപ്പള്ളി യുപിജി സ്കൂളിൽ മാത്രം ആയിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. ഇവരിൽ ഭൂരിഭാഗം കുട്ടികളെയും സ്കൂളിൽ എത്തിക്കുന്നത് ഓട്ടോ ഡ്രൈവർമാരാണ്. 40 ഓട്ടോ ഡ്രൈവർമാർ ഓരോ ദിവസവും സ്കൂളിൽ കുട്ടികളെ എത്തിക്കുന്നുണ്ട്. ഓണാഘോഷത്തോടനുബന്ധിച്ച് സദ്യ നൽകണമെന്നായിരുന്നു ആദ്യം ആലോചിച്ചത്. പിന്നീട് കുട്ടികളുടെ കൂടി അഭിപ്രായം തേടാൻ ഇവർ തീരുമാനിച്ചു. കൊച്ചു കുട്ടികൾക്കെല്ലാം ബിരിയാണി മതി എന്ന അഭിപ്രായമായിരുന്നു. അങ്ങനെ ബിരിയാണി നൽകാൻ തീരുമാനിച്ചു. ദേശീയപാത നിർമാണം ആരംഭിച്ചതോടെ സ്റ്റാൻഡുകൾ പലതും ഇല്ലാതായതോടെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ വരുമാനം കുത്തനെ കുറഞ്ഞിട്ടും കുട്ടികളോടുള്ള കരുതൽ കുത്തനെ ഉയരുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് കുട്ടികൾക്കെല്ലാം ഫ്രൈഡ് റൈസും പൊരിച്ച കോഴിയും ഉൾപ്പെടെ വിഭവസമൃദ്ധ ഭക്ഷണം നൽകി. ആദ്യം തന്നെ കുട്ടികളെയെല്ലാം ഇരുത്തി ഓട്ടോ ഡ്രൈവർമാർ ഭക്ഷണം വിളമ്പിനൽകി. യുപിജി സ്കൂളിൽ നടന്ന പരിപാടി പ്രധാനാധ്യാപിക എസ് ഐ ജമീല ഉദ്ഘാടനംചെയ്തു. എസ്എംസി ചെയർമാൻ അലക്സ് ജോർജ് അധ്യക്ഷനായി. ടൗൺ എൽപി സ്കൂളിൽ പ്രധാനാധ്യാപിക ശ്രീകുമാരി, എസ്എംസി ചെയർമാൻ പ്രവീൺ മനയ്‌ക്കൽ എന്നിവർ നേതൃത്വം നൽകി.









0 comments