അമ്മത്തൊട്ടിലിൽ രണ്ടു ആൺകുട്ടികൾ
നിനവായി പെയ്‌ത നവംബർ...

എസ് അനന്ദ വിഷ്ണു
Published on Nov 19, 2025, 12:44 AM | 1 min read
കൊല്ലം
ജില്ലയിലെ അമ്മത്തൊട്ടിലിൽ കുഞ്ഞിക്കരച്ചിലിന്റെ നിനവൊലികൾ പെയ്തൊഴിഞ്ഞ കനത്ത മഴയോടൊപ്പം ഹൃദയങ്ങളെ ഈറനണിയിച്ചു. സംസ്ഥാന ശിശുക്ഷേമ സമിതി കൊല്ലം ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ രണ്ടുവർഷത്തിനുശേഷം ഒരാൺകുഞ്ഞ് അതിഥിയായെത്തി. അഞ്ചുദിവസം പ്രായമുള്ള ആൺകുരുന്നിന്ന് 2.3 കിഗ്രാം ഭാരമുണ്ട്. കൊല്ലം ജില്ലാ ആശുപത്രിയിൽ പരിചരണത്തിലുള്ള കുരുന്നിന് നിനവ് എന്ന് പേരിട്ടു. നവംബറിന്റെ നേട്ടമായി ചൊവ്വാഴ്ച രണ്ടു കുട്ടികളെയാണ് പരിചരണയ്ക്കായി ലഭിച്ചത്. ചൊവ്വാഴ്ച തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിച്ച അഞ്ചുദിവസം പ്രായുള്ള ആൺകുഞ്ഞിന് നവംബർ എന്ന് പേരിട്ടു. ശിശുക്ഷേമ സമിതിയുടെ ശിശുപരിചരണ കേന്ദ്രത്തിലേക്ക് കുട്ടിയെ മാറ്റി. നിനവിന്റെ ദത്ത് നൽകൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കൊല്ലം ദത്തെടുക്കൽ കേന്ദ്രവുമായോ കൊല്ലം സിഡബ്ല്യൂസിയുമായോ ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി എൽ അരുൺഗോപി അറിയിച്ചു. ശിശുക്ഷേമസമിതി കൊല്ലം ജില്ലാ സെക്രട്ടറി അഡ്വ. ഡി ഷൈൻദേവ് വിക്ടോറിയ ആശുപത്രിയിൽ എത്തി കുഞ്ഞിനെ കണ്ട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.









0 comments