വെള്ളിവെളിച്ചം പടർത്തി വനിതകളുടെ അക്ഷരപ്പുര

സുരേഷ് വെട്ടുകാട്ട്
Published on Sep 14, 2025, 01:12 AM | 1 min read
കരുനാഗപ്പള്ളി
ഒരുകൂട്ടം വനിതകൾ രൂപീകരിച്ച വനിതാ ഗ്രന്ഥശാല ഗ്രാമത്തിനാകെ വെള്ളിവെളിച്ചമാകുന്നു. തൊടിയൂർ ഗ്രാമത്തിന്റെ വടക്കേയറ്റത്ത് പുലിയൂർവഞ്ചിയിലാണ് ഇ എം എസ് വനിതാ ഗ്രന്ഥശാലയെന്ന അക്ഷരപ്പുര വഴികാട്ടുന്നത്. 2002ൽ വനിതകളുടെ ഗ്രന്ഥശാല എന്ന ആശയത്തിൽ രൂപം കൊണ്ടതാണ് ഈ പ്രസ്ഥാനം. പുരുഷന്മാരുടെ കുത്തകയായ ലൈബ്രറി മേഖലയിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ അക്ഷരങ്ങളുടെയും അറിവിന്റെയും ലോകത്ത് അക്ഷരസേനയായി കൈയൊപ്പ് ചാർത്തി നിൽക്കുന്നു. പുസ്തക കൈമാറ്റത്തിനപ്പുറം സ്ത്രീശാക്തീകരണത്തിന്റെ വേറിട്ട വഴികളിലേക്കുള്ള യാത്രയാണ് ഏഴായിരത്തോളം പുസ്തകങ്ങളുള്ള അക്ഷരപ്പുര. പുസ്‌തകങ്ങൾ മിക്കവയും പ്രദേശത്തുള്ള വനിതകൾ വായിച്ചിട്ടുണ്ട്. 500 വനിതകൾ അടങ്ങുന്ന ഗ്രന്ഥശാല അംഗങ്ങൾക്ക് ലൈബ്രേറിയൻ രഞ്ജിനി ആവശ്യമനുസരിച്ച് പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചുനൽകും. മിക്ക ദിവസങ്ങളിലും പുസ്തകങ്ങൾ ആവശ്യപ്പെട്ട് ലൈബ്രേറിയന് വിളിയെത്തും. മിനിറ്റുകൾക്കകം ആവശ്യപ്പെട്ട പുസ്തകവുമായി രഞ്ജിനി എത്തും. ഗ്രന്ഥശാലയിലേക്ക് കൂടുതൽ വനിതകളെ എത്തിക്കാനുള്ള പദ്ധതികളുടെ ഭാഗമായി യുവജനവേദി, വനിതാവേദി, വയോജനവേദി, കലാസാംസ്കാരിക വിഭാഗം എന്നിവ രൂപീകരിച്ചു. യുവജനവിഭാഗം ശക്തമായി രംഗത്തുണ്ട്. ഓണക്കാലത്ത് നാടിനെ ആകെ ഇളക്കിമറിച്ച വനിതകളുടെ പുലികളി, ഉറിയടി മത്സരങ്ങൾ ആകർഷകമായിരുന്നു. ഗ്രന്ഥശാലയ്ക്ക് സമീപത്തെ ഭൂമി ഏറ്റെടുത്തു നടത്തിയ കാർഷിക പദ്ധതിയും ശ്രദ്ധേയമായിരുന്നു, പുലരുവോളം നീളുന്ന പുതുവർഷാഘോഷവും മാസ്റ്റർ പീസാണ്. പ്രായഭേദമില്ലാതെ വലിയൊരു പെൺകൂട്ടായ്മ ഗ്രന്ഥശാലയ്ക്ക് ചുറ്റുമുണ്ട്. പുസ്തക ചർച്ചകൾ, വായനക്കൂട്ടം, വീട്ടക വായനസദസ്സ് തുടങ്ങി വേറിട്ട പ്രവർത്തനങ്ങളും നടത്തുന്നു. സ്വന്തമായി ഒരു സെന്റ ഭൂമി വിലയ്ക്കുവാങ്ങി. ലൈബ്രറി കൗൺസിൽ പ്രവർത്തകനായിരുന്ന എസ് മോഹനൻ, ഉത്തമപുത്രൻ എന്നിവർ ചേർന്ന് ഒരു സെന്റ് വാങ്ങിനൽകി. അങ്ങനെ കിട്ടിയ രണ്ടു സെന്റ് ഭൂമിയിൽ പി രാജേന്ദ്രൻ എംപി ആയിരുന്നപ്പോൾ അനുവദിച്ച പണം ഉപയോഗപ്പെടുത്തി ചെറിയ കെട്ടിടം യാഥാർഥ്യമാക്കി. മിക്ക ദിവസങ്ങളിലും വൈകിട്ട് ഗ്രന്ഥശാലയിൽ വനിതകളുടെ കൂട്ടായ്മയുണ്ട്. രഞ്ജിനിക്ക് മികച്ച ലൈബ്രേറിയനുള്ള കല്ലട രാമചന്ദ്രൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. പ്രസിഡന്റ് സൈനബകുഞ്ഞും സെക്രട്ടറി ജസീനയും അടങ്ങുന്ന 13 അംഗ വനിതാകമ്മിറ്റിയാണ് ഗ്രന്ഥശാല പ്രവർത്തകരുടെ വനിതാ കൂട്ടായ്മയ്‌ക്ക് നേതൃത്വം നൽകുന്നത്.









0 comments