ഒരു കോടി രൂപയുടെ നഷ്ടം
2 ബോട്ട് കത്തിനശിച്ചു

കൊല്ലം കാവനാട് മുക്കാട്ട് പലിശക്കടവിൽ മീൻപിടിത്ത ബോട്ടുകൾക്ക് തീപിടിച്ചപ്പോൾ. ബോട്ടിലെ തൊഴിലാളികൾ പാചകം ചെയ്യുന്നതിനിടെയാണ് തീ പടർന്നത്. ഫോട്ടോ: എം എസ് ശ്രീധർലാൽ
കൊല്ലം
കാവനാട് മുക്കാട് പള്ളിക്കുസമീപം മഠത്തിൽ കായൽവാരത്ത് മീൻപിടിത്തം കഴിഞ്ഞ് കരയിൽ കെട്ടിയിരുന്ന രണ്ട് ബോട്ട് തീപിടിച്ചു. ഒരു കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി പ്രാഥമിക വിവരം. വെള്ളി പകൽ ഒന്നോടെയാണ് സംഭവം. രണ്ട് ബോട്ടും പൂർണമായും കത്തിനശിച്ചു. അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളായ രണ്ടുപേർക്ക് നിസ്സാരമായി പൊള്ളലേറ്റു. ആന്ധ്ര സ്വദേശികളായ രാജു, അശോക് എന്നിവരുടെ കൈകൾക്ക് ഉൾപ്പെടെയാണ് പൊള്ളലേറ്റത്. ബോട്ടിലെ ഇതരസംസ്ഥാനക്കാരായ തൊഴിലാളികൾ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യുന്നതിനിടെ തീപടർന്നതായാണ് നിഗമനം. ശക്തികുളങ്ങര സ്വദേശിയായ രാജു വല്ലേരിയാൻ, സെബാസ്റ്റ്യൻ ആൻഡ്രൂസ്, കുളച്ചൽ സ്വദേശി കുമാർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഹല്ലേലുയ്യ, യഹോവ എന്നീ ബോട്ടുകൾക്കാണ് തീപിടിച്ചത്. നാല് ബോട്ടാണ് കരയിൽ കെട്ടിയിട്ടിരുന്നത്. തീപിടിച്ച രണ്ട് ബോട്ടും തൊഴിലാളികൾ കെട്ടഴിച്ചുവിട്ടതിനാൽ മറ്റ് രണ്ട് ബോട്ടുകളിലേക്ക് തീപടർന്നില്ല. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾ കായലിൽ ചാടി രക്ഷപ്പെട്ടു. കായലിൽ ഒഴുകിനടന്ന ബോട്ടുകൾ പിന്നീട് സമീപത്തെ ഐസ് പ്ലാന്റിനോട് ചേർന്ന മണൽതിട്ടയിൽ തട്ടിനിന്നു. സംഭവമറിഞ്ഞ് കടപ്പാക്കട, ചവറ, പരവൂർ, ശാസ്താംകോട്ട എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാസേന യൂണിറ്റുകൾ എത്തിയെങ്കിലും വാഹനം ബോട്ടുകൾക്ക് അടുത്തേക്ക് എത്തിക്കാൻ കഴിയാതിരുന്നത് ആദ്യം പ്രതിസന്ധിയായി. പിന്നീട് തീപിടിത്തം ഉണ്ടായതിന്റെ മറുകരയിൽ വാഹനം എത്തിച്ച് ഹോസ് ബന്ധിപ്പിച്ച് ഫിഷറീസ് വകുപ്പിന്റെ ബോട്ടിൽ തീപിടിച്ച ബോട്ടിന്റെ അടുത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പൊലീസിനും അഗ്നിരക്ഷാസേനയ്‌ക്കും ഫിഷറീസ് വകുപ്പിനുമൊപ്പം നാട്ടുകാരും ചേർന്ന് അഞ്ച് മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.









0 comments