യൂത്ത്‌കോൺഗ്രസ് – കെഎസ്‌യു ഏറ്റുമുട്ടൽ
പരാതി ലഭിച്ചിട്ടും നടപടി എടുക്കാതെ നേതൃത്വം

ചങ്ങനാശേരി
എസ്ബി കോളേജിലെ കെഎസ്‌യുവിന്റെ പരാജയത്തെ തുടർന്ന് യൂത്ത്‌കോൺഗ്രസ്– കെഎസ്‌യു പ്രവർത്തകർ കോൺഗ്രസ് ഓഫീസിനു മുൻപിൽ പരസ്യമായി ഏറ്റുമുട്ടിയ സംഭവത്തിൽ അക്രമണത്തിന് നേതൃത്വം നല്കിയവർക്കെതിരെ കോൺഗ്രസ് നേതൃത്വം നടപടിയെടുക്കാത്തതിൽ വ്യാപക പ്രതിഷേധം. ഇരുവിഭാഗങ്ങളും പരസ്യമായി ഏറ്റുമുട്ടുന്നത് എല്ലാ ചാനലുകളും റിപ്പോർട്ട് ചെയ്തിരുന്നു. മാതാപിതാക്കളെയും സഹോദരിമാരെയും ചേർത്ത് കേട്ടാൽ അറയ്‌ക്കുന്ന ഭാഷയാണ് യൂത്ത് കോൺഗ്രസും കെഎസ്‌യു പ്രവർത്തകരും സംഘർഷത്തിനിടയിൽ ഉപയോഗിച്ചത്. സംഘർഷം സംബന്ധിച്ച് പ്രവർത്തകർ നേതൃത്വത്തിന് വെവ്വേറെ പരാതി നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സജാദ് മുഹമ്മദ് ഡിസിസിക്കും ചങ്ങനാശേരിയിലെ കോൺഗ്രസ് നേതൃത്വത്തിനും രേഖാമൂലം പരാതി നല്കി. എന്നാൽ തിരുവഞ്ചൂർ പക്ഷക്കാരും, കെ സി ജോസഫ് പക്ഷക്കാരും തമ്മിൽ ഏറ്റുമുട്ടിയതിനാൽ നടപടിയെടുക്കാൻ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിന് ഭയമാണെന്ന് ഇരുവിഭാഗത്തിലെയും പ്രവർത്തകർ പറയുന്നു. കെഎസ്‌യുക്കാർ കോൺഗ്രസ് ഓഫീസിൽ ഉണ്ടന്നറിഞ്ഞ യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡെന്നീസ് ജോസഫിന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്ന് മറുവിഭാഗം ആരോപിക്കുന്നു. സംഘർഷം രൂക്ഷമായതോടെ പൊലീസെത്തി ഇരുസംഘങ്ങളെയും ലാത്തിവീശി ഓടിച്ചാണ് രംഗം ശാന്തമാക്കിയത്. കോൺഗ്രസിനും, യൂത്ത് കോൺഗ്രസിനും, കെഎസ്‌യുവിനും നാണക്കേടുണ്ടാക്കിയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ ജില്ലാ കോൺഗ്രസ് നേതൃത്വം തയ്യാറായില്ലങ്കിൽ ഉന്നതകമ്മിറ്റികൾക്ക് വീഡിയോ അടക്കംചേർത്ത് പരാതി നല്കാൻ ഒരുങ്ങുകയാണ് ചങ്ങനാശേരിയിലെ യൂത്ത് കോൺഗ്രസും കെഎസ്‌യുവും.









0 comments