പാഴ്‌വാക്കായി എംപിയുടെ ഉറപ്പ്
തുടരുന്നു, കോട്ടയത്തിന്റെ ദുരിതയാത്ര


സ്വന്തം ലേഖകൻ
Published on Jul 02, 2025, 02:31 AM | 1 min read
കോട്ടയം
തിരക്ക് രൂക്ഷമായതോടെ യാത്രാദുരിതത്തിൽ കോട്ടയത്ത് നിന്നുള്ള ട്രെയിൻ യാത്രക്കാർ. രാവിലെയും വൈകിട്ടും വാതിൽപ്പടിയിൽ തൂങ്ങിയുള്ള യാത്രയാണ് കോട്ടയത്തുള്ളവർ അനുഭവിക്കുന്നത്. ഒക്ടോബറിൽ ഫ്രാൻസിസ് ജോർജ് എംപി വിളിച്ചുചേർത്ത ജനസദസ്സിൽ നൽകിയ ഉറപ്പ് പാഴ്‌വാക്കായതോടെ യാത്രക്കാരുടെ പ്രതിഷേധം ഉയരുകയാണ്. മണ്ഡലത്തിൽ ഉൾപ്പെടുന്ന ചിങ്ങവനം, കാഞ്ഞിരമറ്റം തുടങ്ങിയ ഹാൾട് സ്‌റ്റേഷനുകളിൽ മെമുവിനും ഏറ്റുമാനൂരിൽ വഞ്ചിനാടിനും മലബാറിനും സ്‌റ്റോപ്പ് അനുവദിക്കാമെന്ന് എംപി ഉറപ്പ് നൽകിയെങ്കിലും ഇതുണ്ടായില്ല. എറണാകുളത്ത് നിന്ന് വിട്ടാൽ രണ്ടോ മൂന്നോ സർവീസുകൾ ഒഴികെ എല്ലാ ട്രെയിനിനും കോട്ടയത്ത് മാത്രമാണ് സ്റ്റോപ്പുള്ളത്. ഇതിനിടയിലുള്ള ആയിരങ്ങളാണ് ദിവസേന എറണാകുളത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. ട്രെയിനുകൾക്ക് സ്‌റ്റോപ്പ് അനുവദിക്കാൻ പോലും സാധിക്കാത്ത എംപിയോട് പുതിയ ട്രെയിൻ എന്ന ആവശ്യം ചോദിക്കുന്നത് പോലും കാര്യമില്ലെന്നാണ് യാത്രക്കാരുടെ അഭിപ്രായം. രാവിലെ 7.55ന് കോട്ടയമെത്തുന്ന കൊല്ലം- –- എറണാകുളം സ്പെഷ്യൽ മെമുവിലാണ് തിരക്ക് അതിരൂക്ഷമായിരിക്കുന്നത്. ഓഫീസ് സമയങ്ങളിൽ വെറും എട്ട് കാർ മെമു സർവീസ് നടത്തുന്നതാണ് യാത്രാക്ലേശം വർധിപ്പിക്കുന്നത്. ഈ സ്പെഷ്യൽ സർവീസിന് പകരം സ്ഥിരമാക്കി 12 കാർ മെമു ആരംഭിച്ചാൽ ദുരിതത്തിന് അൽപ്പമെങ്കിലും ആശ്വാസമാകും. പ്ലാറ്റ് ഫോം നവീകരണം പൂർത്തിയായെങ്കിലും പുതിയ ഒരു ട്രെയിൻ പോലും കോട്ടയത്ത് നിന്ന് ആരംഭിക്കാൻ സാധിച്ചിട്ടില്ലെന്നതും ദുരിതം കൂട്ടുന്നു. എറണാകുളത്തേയ്ക്കുള്ള മെമു സർവീസുകൾക്കായി പൂർത്തീകരിച്ച ഒന്ന്‌എ പ്ലാറ്റ് ഫോം വെറുതെ കിടക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷത്തിലേറെയായി. ജില്ലയിലെ ട്രെയിൻ യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാൻ രാവിലെ വന്ദേഭാരതിന് ശേഷം കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് എല്ലാ ഹാൾട്ട് സ്റ്റേഷനിലും നിർത്തുന്ന മെമു സർവീസ് കൊണ്ട് മാത്രമേ സാധ്യമാകുവെന്ന് യാത്രക്കാർ പറയുന്നു.









0 comments