കാഞ്ഞിരപ്പള്ളി കടക്കാൻ മണിക്കൂറ് വേണം

കാഞ്ഞിരപ്പള്ളി നഗരത്തിലെ ട്രാഫിക്ക് കുരുക്ക്
ഇക്ബാൽ ഇല്ലത്തുപറമ്പിൽ
കാഞ്ഞിരപ്പള്ളി
കാഞ്ഞിരപ്പള്ളിയിലെ ഗതാഗത കുരുക്കിന് കാലങ്ങൾ കഴിഞ്ഞിട്ടും പരിഹാരമില്ല. ഇരുപത്തിയാറാം മൈൽ മുതൽ ജനറൽ ആശുപത്രി പടി വരെയും ആനക്കല്ല് മുതൽ പേട്ട കവലവരെയും ഓശാന മൗണ്ട് മുതൽ കുരിശുകവല വരെയും മണ്ണാറക്കയം മുതൽ കുരിശുങ്കൽ വരെയും നീളുന്നതാണ് കുരുക്ക്. ദേശീയപാത 183 അടക്കമുള്ള റോഡുകളിലെ അനധികൃത പാർക്കിങും നടപ്പാതകളില്ലാത്തതും ലിങ്ക് റോഡുകളിൽ നിന്നുമുള്ള വാഹനങ്ങളുടെ പ്രവാഹവും മണിക്കുറുകൾ നീളുന്ന ഗതാഗത കുരുക്കിന് കാരണമാകുന്നു. ആംബുലൻസുകൾ, ഫയർ എൻജിൻ, വിഐപി വാഹനങ്ങൾ എന്നിവ കുരുക്കിൽപ്പെടുന്നത് പതിവാണ്.
റിങ് റോഡുകൾ വീതികൂട്ടി സഞ്ചാരയോഗ്യമാക്കണം
കാഞ്ഞിരപ്പള്ളി
കോവിൽ കടവ്,- പാറക്കടവ്- പാറക്കടവ് ടോപ്പ് - ആനക്കല്ല്, ആനക്കല്ല് -തമ്പലക്കാട്, കോവിൽ ക്കടവ്- ബിഷപ്പ് ഹൗസ്, പേട്ട ഗവ. ഹൈസ്കൂൾപടി -കൊടുവന്താനം -പാറക്കടവ്, പട്ടിമറ്റം -മണ്ണാറക്കയം, ആനിത്തോട്ടം -തമ്പലക്കാട് തുടങ്ങിയ റോഡുകൾ വീതി കൂട്ടി സഞ്ചാരയോഗ്യമാക്കിയാൽ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.
ട്രാഫിക്ക് പൊലീസ് സ്റ്റേഷൻ ഇനിയും തുറന്നില്ല
താലൂക്കാസ്ഥാനമായ കാഞ്ഞിരപ്പള്ളിയിൽ അനുവദിച്ച ട്രാഫിക് പൊലിസ് സ്റ്റേഷൻ ഇനിയും പ്രവർത്തനമാരംഭിച്ചിട്ടില്ല. ഗതാഗതം നിയന്ത്രിക്കാൻ ആവശ്യത്തിന് നിയമ പാലകരില്ലാത്ത സ്ഥിതിയാണ്. ഫുട്പാത്തുകൾ നന്നാക്കാനും സഞ്ചാരയോഗ്യമാക്കാനും അടിയന്തിര നടപടി ഉണ്ടാകേണ്ടതുണ്ട്.









0 comments