3 പേർക്ക് കടിയേറ്റു, നായകളെ ഭയന്ന് കോളേജിന് അവധി

കടുത്തുരുത്തി ഗവ. പോളിടെക്നിക് കോമ്പൗണ്ടിൽ തമ്പടിച്ച തെരുവുനായ്‌ക്കൾ വാച്ചുമാൻ ഉൾപ്പെടെ മൂന്നുപേരെ കടിച്ചു. നായശല്യം രൂക്ഷമായതോടെ കോളേജിന് അവധി പ്രഖ്യാപിച്ചു. വെള്ളി പുലർച്ചയാണ് നായ്‌ക്കൾ കോളേജ് വാച്ച്‌മാനെ ആക്രമിച്ചത്. കടിയേറ്റ വാച്ച്മാൻ നായ്ക്കൾക്ക് നേരെ തിരിഞ്ഞത്തോടെ ഇവ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. ബഹളം വച്ചതോടെ പരക്കം പാഞ്ഞ നായകൾ മറ്റു രണ്ടുപേരെ കൂടി കടിച്ചു. അതോടെ സമീപ പ്രദേശങ്ങളിലുള്ളവർ വീടുകളിൽ അഭയംപ്രാപിച്ചു. ഇതേ തുടർന്ന് പ്രിൻസിപ്പൽ കോളേജിന് അവധിയും പ്രഖ്യാപിച്ചു. വാച്ച്‌മാൻ റെജിൻ (45) സമീപ വാസികളായ പടിഞ്ഞാറെ മുക്കത്തിൽ തങ്കൻ (75), നാലുകണ്ടത്തിൽ ജസ്റ്റിൻ ജോയി (30)എന്നിവർക്കാണ് കടിയേറ്റത്. മൂന്നുപേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി പ്രതിരോധ കുത്തിവയ്പ് എടുത്തു. കോളേജ് ഗ്രൗണ്ടിൽ അനവധി തെരുവുനായ്കൾ നാളുകളായി തമ്പടിച്ചിട്ടുണ്ടായിരുന്നു. ഭക്ഷണത്തിന്റെ മാലിന്യം തേടി എത്തിയ നായകൾ പിന്നീട് ഇവിടം സ്ഥിരം താവളമാക്കുകയായിരുന്നു. ആക്രമാസക്തരായ നായകളെ ഇവിടെനിന്നു നീക്കംചെയ്യാനുള്ള സംവിധാനം അധികൃതർ ഒരുക്കണമെന്ന് സമീപവാസികൾ ആവശ്യപ്പെട്ടു.









0 comments