3 പേർക്ക് ഗുരുതരം
തെരുവ് നായയുടെ ആക്രമണം: 5 പേർക്ക് പരിക്കേറ്റു

പാമ്പാടി സൗത്ത് പാമ്പാടി
മുളേക്കുന്ന്, കന്നുവെട്ടി, കുറ്റിക്കൽ ഭാഗങ്ങളിൽ തെരുവ് നായ ആക്രമണം. അഞ്ച് പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. തിങ്കൾ പകൽ രണ്ടിനും നാലിനും ഇടയിലാണ് സംഭവം. കുറ്റിക്കൽ സെന്റ് തോമസ് ഹൈസ്കൂളിന് സമീപം ചാത്തൻപുരയിടത്ത് അനീഷ് സി കുര്യാക്കോസിനാണ് നായയുടെ കടിയേറ്റതായി ആദ്യം വിവരം പുറത്ത് വന്നത്. അനീഷിന്റെ കാലിൽ കടിച്ച നായ തുടർന്ന് മുഖത്തും കൈക്കും കടിച്ച് മുറിവേൽപ്പിച്ചു. റബർ തോട്ടത്തിൽ നിൽക്കുകയായിരുന്ന അമ്പാട്ട് ജോബി കുര്യാക്കോസിന്റെ കാലിനും കടിച്ചു. ചുണ്ടിനും മുഖത്തും കൈക്കും മാരകമായി മുറിവേൽപ്പിച്ചു. പിന്നീട് മുളേക്കുന്ന് കിഴക്കയിൽ കെ എസ് ചക്കോയെയും(കുഞ്ഞൂട്ടി) കടിച്ചു. കന്നുവെട്ടി ഭാഗത്ത് കൊല്ലംപറമ്പിൽ ജോസഫ് കുര്യനെ (റ്റിറ്റു) മാന്തിയ നായ, വെള്ളറയിൽ മോഹനന്റെ ദേഹത്ത് ചാടിക്കയറി. ചാത്തൻപുരയിടത്ത് തോമസ് കുര്യാക്കോസിന്റെയും വെള്ളറയിൽ മോഹനന്റെയും വീട്ടിലെ കോഴികളെ കടിച്ചുകൊന്നു. നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ അനീഷും ജോബിയും ചാക്കോയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. സ്കൂൾ വിടുന്ന സമയത്തുണ്ടായ നായയുടെ ആക്രമണത്തെ തുടർന്ന് രക്ഷിതാക്കൾ വിദ്യാലയങ്ങളിലെത്തി കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോയി.









0 comments