ചിങ്ങമെത്തി; ചിരിതൂകി പൂക്കളും

കർഷക ദിനം

നൂറുമേനിയാകട്ടെ ഇന്ന് ചിങ്ങം ഒന്ന്, കാർഷിക സമൃദ്ധിയുടെ ഓർമപുതുക്കി വീണ്ടുമൊരു ചിങ്ങപ്പുലരി. ഓണനാളുകൾ വന്നണയുന്നു. മണ്ണിൽ പൊന്ന് വിളയിക്കുന്ന കർഷകർക്ക് മലയാള മാസം ഒന്ന് അവരുടെ ദിനമാണ്. നിലമൊരുക്കി പ്രതീക്ഷയുടെ വിത്ത് വിതയ്ക്കുകയാണ് കർഷകർ. കാലംതെറ്റി പെയ്യുന്ന മഴയ്ക്കൊപ്പം ആശങ്കയും പെയ്തിറങ്ങുന്നുണ്ട്. കുമരകത്ത് വിത്തുവിതയ്ക്കുന്ന കർഷകൻ ഫോട്ടോ : ജിഷ്ണു പൊന്നപ്പൻ

വെബ് ഡെസ്ക്

Published on Aug 17, 2025, 01:12 AM | 1 min read

കോട്ടയം

പ്രതീക്ഷകളും സ്വപ്‌നങ്ങളും സമ്മാനിച്ച്‌ വീണ്ടും ചിങ്ങം പുലർന്നു. അന്തരീക്ഷംപോലെ മനസും തെളിയുന്ന കാലം. ദുരിതംനിറഞ്ഞ കർക്കടകമേഘങ്ങൾ മെല്ലെ നീങ്ങിത്തുടങ്ങുമെന്നാണ്‌ കർഷകരടക്കം എല്ലാവരുടെയും പ്രതീക്ഷ. കർഷകദിനംകൂടിയാണ്‌ ചിങ്ങം ഒന്ന്‌. മലയാളികളുടെ പുതുവർഷം ആരംഭിക്കുന്നതും ഇ‍ൗദിവസംതന്നെ. വറുതിയുടെ നാളുകൾക്ക്‌ വിരാമമിട്ട്‌ വിളവെടുപ്പിന്റെ നാളുകളിലേക്ക്‌ നാട്‌ കടക്കുകയാണ്‌. അത്തം പത്ത് കഴിഞ്ഞാലെത്തുന്ന ഓണവും മലയാളികൾക്കെന്നും ഗൃഹാതുരമാണ്. തുമ്പയും മുക്കുറ്റിയും ഇനി തൊടികളിൽ കാണാം. വയലുകൾ കതിരണിയും. പൂക്കളുടെ ഗന്ധം നിറയും. മാസങ്ങളോളം തുടർന്ന മഴ ജില്ലയിലെ കൃഷിയെ സാരമായി ബാധിച്ചിരുന്നു. എങ്കിലും പച്ചക്കറികൃഷി വിളവെടുപ്പിന്‌ ഒരുങ്ങുകയാണ്‌. ജില്ലയിൽ പടിഞ്ഞാറൻ മേഖലയിലെ പ്രധാന പാടശേഖരങ്ങളിലെല്ലാം പുഞ്ചകൃഷിയായതിനാൽ മഴ ബാധിച്ചില്ല. ഇവിടങ്ങളിൽ സെപ്‌തംബർ, ഒക്‌ടോബർ മാസങ്ങളിലാണ്‌ വിത. ബണ്ട്‌ ബലവത്തായ പാടങ്ങളിൽ രണ്ടാംകൃഷി നടക്കുന്നുണ്ട്‌. ഓണം സമൃദ്ധമാക്കാൻ സർക്കാർ സംവിധാനങ്ങളും ഒരുങ്ങി. ഓണക്കിറ്റുകളിലേക്കുള്ള വിഭവങ്ങൾ എത്തിത്തുടങ്ങിയിട്ടുണ്ട്‌. വൈകാതെ ഇത്‌ കിറ്റാക്കി റേഷൻകടകൾ വഴി വിതരണമാരംഭിക്കും. മഴ കുറയുന്നത്‌ റബറിനും ഗുണമാകും. റബർവില അടുത്തിടെ 200 കടന്നെങ്കിലും, ഇപ്പോൾ വീണ്ടും കുറഞ്ഞിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home