മൂന്ന് സെൻ്റ് ഭൂമിയുള്ള മുജീബിൻ്റെ കപ്പകൃഷി 'മൂന്നേക്കറിൽ'

Mujeeb Anakkallu

മുജീബ് കപ്പകൃഷി തോട്ടത്തിൽ

avatar
ഇക്ബാൽ ഇല്ലത്തുപറമ്പിൽ

Published on Jun 21, 2025, 03:34 PM | 1 min read

കാഞ്ഞിരപ്പള്ളി: ആകെ കൈവശമുള്ളത് മൂന്ന് സെൻ്റ് ഭൂമി. എങ്കിലും 25 വർഷമായി മൂന്നേക്കർ ഭൂമിയിൽ കപ്പകൃഷി ചെയ്യുകയാണ് കാഞ്ഞിരപ്പള്ളി ആനക്കല്ല് നെല്ലിമല പുതുപറമ്പിൽ എൻ ഐ മുജീബ്. ഒരു വർഷത്തിൽ രണ്ട് പ്രാവശ്യമായി 20 മുതൽ 25 ടൺ വരെ പച്ചകപ്പ വിളവായി ലഭിക്കാറുണ്ട്.


കപ്പകൃഷിയിൽ താൽപര്യം കൂടിയതോടെ മറ്റുള്ളവരുടെ സ്ഥലം പാട്ടത്തിനെടുത്ത് കപ്പകൃഷി ചെയ്യാൻ തുടങ്ങി. ഒമ്പത് സ്ഥലങ്ങളിലായി സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത്. 7000 മൂട് കപ്പയും 600 വാഴകളുമാണ് മുജീബ് എന്ന 51കാരൻ്റെ ശ്രമഫലമായി മണ്ണിൽ വിളയുന്നത്. കപ്പകൃഷിയാകുമ്പോൾ വീട്ടിലെ മറ്റ് കാര്യങ്ങൾക്ക് സമയം ലഭിക്കുമെന്നതാണ് ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ കാരണമെന്ന് മുജീബ് പറയുന്നു.


എമ്പോറാൻ ഇനത്തിൽപ്പെട്ട കപ്പയാണ് പൊതുവേ നടുന്നത്. രണ്ടരഅടി അകലത്തിൽ നടുന്ന കപ്പക്ക് പൊതുവെ ചെറിയ കിഴങ്ങുകളാണ് ഉണ്ടാകാറുള്ളത്. ഇതിന് നല്ല രുചിയായതിനാൽ ആവശ്യക്കാരേറെയാണ്. ആനക്കല്ല് മുതൽ കാഞ്ഞിരപ്പള്ളി വരെ 14 കടകളിലായി ദിനംപ്രതി 350 കിലോ കപ്പ നൽകി വരുന്നു. ചെറുകിട കച്ചവടക്കാർക്ക് 11 കിലോ പച്ചകപ്പ 300 രൂപ നിരക്കിലാണ് കൊടുക്കുന്നത്. അധികം വളപ്രയോഗമില്ലാത്തതിനാൽ മുജീബിൻ്റെ പച്ചകപ്പ അന്വേഷിച്ച് കച്ചവടക്കാരും വീട്ടാവശ്യത്തിനുള്ളവരും എത്താറുണ്ട്. കപ്പ കാലാകളിൽ കൂടുതലും ചില്ലറ വിൽപ്പനകളാണ് നടക്കുന്നത്.


മാർച്ച്, നവംബർ എന്നീ രണ്ട് മാസങ്ങളിലായാണ് കപ്പ നടുന്നത്. തുടക്കത്തിൽ കോഴിവളം ഇട്ട് ഇളക്കിയ മണ്ണിലാണ് കൃഷി. പിന്നീട് നാല് മാസം കഴിയുമ്പോൾ ഇടവളം ഇട്ടു നൽകും. സെപ്തംബർ, ജനുവരി മാസങ്ങളിലായി കപ്പ പറിച്ച് വിൽക്കാനാകും. കപ്പയോടൊപ്പം 600 വാഴകളും ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. പൂവൻ, പാളംതോടൻ, റോബസ്റ്റ എന്നീ ഇനങ്ങളിൽപെട്ട വാഴകളാണ് കൃഷിയിടത്തിലുള്ളത്.


മുജീബിൻ്റെ കപ്പകൃഷിക്ക് ഭാര്യ സോഫിയയും മക്കളായ ബാദുഷ മുബാറക്ക്, അബ്ദുൾ ബാസിത്ത്, ആയിഷ മോൾ എന്നിവരും സഹായത്തിനുണ്ട്. കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ടാണ് വീട്ടുകാര്യങ്ങൾ നടക്കുന്നത്. സ്വന്തമായി ചെയ്യുന്നതിനാൽ ലാഭകരമായതിനാലും ഒപ്പം മനസന്തോഷം നൽകുന്നതിനാലും കഴിയുന്നത്ര കാലം കപ്പകൃഷി തുടരാനാണ് ആഗ്രഹമെന്ന് മുജീബ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home