ശ്രീനാരായണ ജയന്തി മത്സര വള്ളംകളി
ആവേശമായി സാംസ്കാരിക ഘോഷയാത്ര

കുമരകം ശ്രീനാരായണ ജയന്തി വള്ളംകളിക്ക് മുന്നോടിയായി നടന്ന സാംസ്കാരിക ഘോഷയാത്ര
കുമരകം
കുമരകത്ത് ചതയനാളിൽ നടക്കുന്ന ശ്രീനാരയണ ജയന്തി മത്സരവള്ളംകളിയുടെ ഭാഗമായി സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേയ്സ് ക്ലബ്, കുമരകം പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഘോഷയാത്ര. ശ്രീകുമാരമംഗലം ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ഘോഷയാത്ര അറ്റാമംഗലം പള്ളി അങ്കണത്തിൽ സംഗമിച്ചു. കഴിഞ്ഞ തൃശൂർ പൂരത്തിൽ ഒന്നാംസ്ഥനം നേടിയ വിയ്യൂർ ടീം ഒരുക്കിയ പുലികളി കുമരത്തിന് പുത്തൻ അനുഭവമായി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഗ്രാമവീഥികളിലൂടെ നീങ്ങിയ പുലിപ്പടയെ കാണാനും വീഡിയോയിൽ പകർത്താനും നിരവധിപേർ എത്തി. മുത്തുക്കുടകൾ പിടിച്ച വിദ്യാർഥികൾ, മാനവമൈത്രി വിളിച്ചോതിയ രഥം, മാവേലി തമ്പുരാൻ, കഥകളിവേഷം, ചെണ്ടമേളം, നൃത്തം, ബാൻഡ് മേളം, ശിങ്കാരിമേളം എന്നിവ ഘോഷയാത്രയിൽ അണിനിരന്നു. ഘോഷയാത്ര ആറ്റാമംഗലം പള്ളി പാരിഷ്ഹാളിൽ എത്തിയതിന് ശേഷം ചെണ്ട–വയലിൻ ഫ്യൂഷൻ, വഞ്ചിപ്പാട്ട്, സിനിമാറ്റിക് ഷോ, തിരുവാതിര, ഒപ്പന, മാർഗംകളി, കൈകൊട്ടികളി, ഉടുക്കുപാട്ട്, കോൽകളി ചിന്തുപാട്ട്, ഗാനമേള തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. മന്ത്രി വി എൻ വാസവൻ മുഖ്യാഥിതിയായി. ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിന്ദു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർഷാ ബൈജു, തുടങ്ങിയവർ പങ്കെടുത്തു. സെപ്‌തംബർ ഏഴിന് കോട്ടതോട്ടിലാണ് മത്സരവള്ളം കളി നടക്കുന്നത്.









0 comments