പട്ടയം റദ്ദാക്കി
പഞ്ചായത്ത് പടിക്കൽ കുടുംബത്തിന്റെ സത്യഗ്രഹം

പളളിക്കത്തോട്
പഞ്ചായത്ത് നൽകിയ പട്ടയം പഞ്ചായത്ത് റദ്ദാക്കിയത് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കുടുംബം പഞ്ചായത്ത് പടിക്കൽ കുത്തിയിരിപ്പ് സത്യഗ്രഹം നടത്തി. പളളിക്കത്തോട് ഒമ്പതാം വാർഡ് പുറത്തിട്ടയിൽ കളത്തിൽപുരയിടം കെ കെ ശശിയും കുടുബവുമാണ് പളളിക്കത്തോട് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ കനത്ത മഴയത്ത് സത്യഗ്രഹം നടത്തിയത്. 1993ൽ ഇവർക്ക് പഞ്ചായത്ത് വക സ്ഥലത്ത് പട്ടയം ലഭിച്ചിരുന്നെങ്കിലും 2008 ൽ അയൽവാസിയുടെ പരാതിയെ തുടർന്ന് പട്ടയം റദ്ദാക്കി. ആദ്യ ഉപഭോക്തൃ ലിസ്റ്റിൽ പേരില്ലെന്ന കാരണം പറഞ്ഞാണ് പട്ടയം റദ്ദാക്കിയത്. എന്നാൽ പഞ്ചായത്ത് ഇയാൾ അർഹനാണെന്ന് ശുപാർശ ചെയ്താൽ വീണ്ടും പട്ടയം നൽകാമെന്ന് സബ്കലക്ടർ 2008ൽ പഞ്ചായത്തിനയച്ച കത്തിൽ പറയുന്നു. മാറി മാറി വന്ന ഭരണസമിതികൾക്ക് അപേക്ഷകൾ നൽകിയിരുന്നെങ്കിലും ഇക്കാര്യത്തിൽ തീരുമാനമായില്ല. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഇവരുടെ വീടിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. പഞ്ചായത്തിൽ വീണ്ടും അപേക്ഷ നൽകിയെങ്കിലും വീട്ടിൽ നിന്നും മാറി താമസിക്കണമെന്ന നോട്ടീസ് നൽകുക മാത്രമാണ് പഞ്ചായത്ത് ചെയ്തത്. പഞ്ചായത്ത് അധികൃതരുമായി നടന്ന ചർച്ചയിൽ എത്രയും വേഗം പട്ടയത്തിന് ശുപാർശ നൽകാമെന്ന് പഞ്ചായത്ത് സെക്രട്ടറി മായയും പ്രസിഡന്റ് മഞ്ജു ബിജുവും ഉറപ്പ്നൽകിയതിനെ തുടർന്ന് ശശിയും കുടുംബവും ഉച്ചയോടെ സമരം അവസാനിപ്പിച്ചു. പട്ടയം പഞ്ചായത്ത് തന്നെ ഇടപെട്ട് റദ്ദാക്കിയതിനെ തുടർന്ന് സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ പോലും അപേക്ഷിക്കാൻ ഇവർക്കായിരുന്നില്ല. ചർച്ചയിൽ ശശിയോടൊപ്പം സിപിഐ എം ഏരിയാ കമ്മിറ്റി അംഗം റോജിൻ റോജോ, ലോക്കൽ സെക്രട്ടറി ജോൺസൺ ജോസഫ്, ലോക്കൽ കമ്മിറ്റി അംഗം മധു എന്നിവർ പങ്കെടുത്തു.









0 comments