ഓപ്പറേഷൻ സൈഹണ്ട്
ഓൺലൈൻ തട്ടിപ്പുകാരെ പൂട്ടാൻ പൊലീസ്

കോട്ടയം
സൈബർ തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്ന മ്യൂൾ ബാങ്ക് അക്കൗണ്ടുകളെ കണ്ടെത്താൻ പൊലീസ് നടത്തിയ ‘സൈഹണ്ടി’ൽ ജില്ലയിൽ പിടിയിലായത് 15 പേർ. ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണം ചെക്ക് വഴിയോ എടിഎം വഴിയോ പിൻവലിച്ച് തട്ടിപ്പുകാർക്ക് കൈമാറി പ്രതിഫലം കൈപ്പറ്റിയ മ്യൂൾ അക്കൗണ്ട് ഉടമകൾ പിടിയിലായി. ഓപ്പറേഷന്റെ ഭാഗമായി ജില്ലയിലെ 30 സ്റ്റേഷൻ പരിധിയിലായി 102 റെയ്‌ഡുകളാണ് നടന്നത്. ഇതിൽ 11 സ്റ്റേഷനുകളിലായി 22 കേസുകൾ രജിസ്റ്റർ ചെയ്തു. 15 പേരെ അറസ്റ്റ് ചെയ്യുകയും ആറ് പേർക്ക് നോട്ടീസ് നൽകുകയും ചെയ്തു. ജില്ലാ പൊലീസ് മേധാവി എ ഷാഹുൽ ഹമീദിന്റെ നിർദേശപ്രകാരം സൈബർ പൊലീസ് സ്റ്റേഷൻ എസ്‌എച്ച്‌ഒ ഹണി കെ ദാസിന്റെ നേതൃത്വത്തിലുള്ള സൈബർ വിദഗ്ദരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കോട്ടയം വെസ്റ്റ്, ഈസ്റ്റ്, ഏറ്റുമാനൂർ, ചങ്ങനാശേരി, ചിങ്ങവനം, വാകത്താനം, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, രാമപുരം, വൈക്കം എന്നീ സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. സൈബർ തട്ടിപ്പുകളുടെ വർധിച്ച് വരുന്നതിനെ തുടർന്ന് കൂടുതൽ പരിശോധനകളും നടപടികളും ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. സൈബർ സാമ്പത്തിക തട്ടിപ്പുകാർക്ക് സഹായകമാകും വിധം സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങി തട്ടിപ്പുകാർക്ക് വാടകയ്ക്ക് നൽകി പണം കൈപ്പറ്റുന്നവരാണിവർ. സൈബർ തട്ടിപ്പുകൾക്ക് ഇരയാവുകയോ, സംശയം തോന്നുകയോ ചെയ്താൽ സൈബർ ഹെൽപ്പ് ലൈൻ നമ്പറായ 1930 ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു.









0 comments